22 December 2025, Monday

തൊഴില്‍ അസ്ഥിരമായ കാലത്തെ ഐഎല്‍ഒ യോഗം

ഡോ. ഗ്യാന്‍ പഥക്
November 20, 2025 4:40 am

നീവയില്‍ നടക്കുന്ന 355-ാം ഐഎല്‍ഒ ഭരണസമിതി യോഗം അഭിമുഖീകരിക്കുന്നത്, ഏറെ അസ്ഥിരവും അസമത്വവും നിറഞ്ഞ ഒരു തൊഴില്‍ ലോകത്തെയാണ്. നിര്‍മ്മിത ബുദ്ധി, ഭൗമരാഷ്ട്രീയ പുനഃക്രമീകരണം, കാലാവസ്ഥാ പരിവര്‍ത്തന സമ്മര്‍ദങ്ങള്‍, കടുത്ത സാമൂഹിക വിഭജനങ്ങള്‍ എന്നിവയാല്‍ ആഗോള തൊഴില്‍ വിപണി ഒരേസമയം പുനര്‍നിര്‍മ്മിക്കപ്പെടുകയാണ്. അത്തരമൊരു വിഘടിത ലോകത്ത് ത്രികക്ഷി ഘടനയ്ക്ക് — സര്‍ക്കാര്‍, തൊഴിലുടമ, തൊഴിലാളികള്‍ — ഇപ്പോഴും അര്‍ത്ഥപൂര്‍ണമായ ഭരണം സൃഷ്ടിക്കാന്‍ കഴിയുമോ എന്നതാണ് ഐഎല്‍ഒയുടെ മുമ്പിലുള്ള വെല്ലുവിളി.
ലോകമെമ്പാടുമുള്ള ഭരണകൂടങ്ങളുടെയും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പ്രതിനിധികള്‍ ഒത്തുചേര്‍ന്ന്, തൊഴില്‍ വിപണി നയങ്ങള്‍, മാനദണ്ഡങ്ങള്‍, സ്ഥാപന മുന്‍ഗണനകള്‍, ബജറ്റ് കാര്യങ്ങള്‍ എന്നിവയുള്‍പ്പെടെ വിശാലമായ ഒരു അജണ്ട ചര്‍ച്ച ചെയ്യുന്നതായിരിക്കും ഈ യോഗം എന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റല്‍ വിപ്ലവം, കാലാവസ്ഥാ പ്രതിബദ്ധത, ജനസംഖ്യാപരമായ മാറ്റങ്ങള്‍, വര്‍ധിച്ചുവരുന്ന അസമത്വങ്ങള്‍ എന്നിവയുമായി മാന്യമായ തൊഴില്‍ സാഹചര്യം നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, ഇപ്പോഴെടുക്കുന്ന തീരുമാനങ്ങള്‍ ദേശീയ തൊഴില്‍ നയങ്ങളിലും അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാവി ദിശയിലും കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ ലോകത്ത് അസമമായ വീണ്ടെടുക്കല്‍, തൊഴില്‍ വിപണി വിഭജനം എന്നിവയുടെ ഒരു ഘട്ടത്തിലേക്ക് ആഗോള സമ്പദ്‌വ്യവസ്ഥ പ്രവേശിക്കുമ്പോള്‍, സംഘടനാപ്രവര്‍ത്തനങ്ങള്‍ നയിക്കുക എന്ന സങ്കീര്‍ണമായ ദൗത്യം ഐഎല്‍ഒ ഭരണസമിതി നേരിടുന്നു. അതിനാല്‍ത്തന്നെ 355-ാമത് സമ്മേളനം 2026ലും അതിനുശേഷവുമുള്ള തന്ത്രപരമായ നയം തയ്യാറാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാമൂഹിക നീതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഘടനയുടെ ദൗത്യം ശക്തിപ്പെടുത്തുകയും ആഗോളമാറ്റങ്ങള്‍ക്കിടയില്‍ തൊഴിലാളികളും തൊഴിലുടമകളും പിന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്നും പ്രതീക്ഷിക്കാം.

സാമൂഹിക വികസനത്തിനായുള്ള രണ്ടാം ആഗോള ഉച്ചകോടിയുടെ തുടര്‍നടപടികള്‍, സാമൂഹിക നീതിക്കായുള്ള ആഗോള സഖ്യത്തിന്റെ നവീകരണം പോലെ ഭാവി രൂപപ്പെടുത്തേണ്ട പ്രധാന ചര്‍ച്ചകള്‍ അജണ്ടയില്‍ ഉള്‍പ്പെടും. മാറിക്കൊണ്ടിരിക്കുന്ന ബഹുമുഖ പരിതസ്ഥിതിയില്‍ ഐഎല്‍ഒയുടെ ഫലപ്രാപ്തിയും കാര്യക്ഷമതയും ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും അവലോകനം ചെയ്യും. സംഘടനയുടെ ഒരു ലഘുലേഖയനുസരിച്ച്, ബെലാറസ്, മ്യാന്‍മര്‍, വെനസ്വേല, ഗ്വാട്ടിമാല എന്നിവയെക്കുറിച്ചുള്ള പ്രമേയങ്ങള്‍ ഭരണസമിതി ഗൗരവമായി പരിഗണിക്കും. തകര്‍ച്ചയെ അഭിമുഖീകരിക്കുന്നതും സംഘര്‍ഷഭരിതവുമായ ആഗോള സാഹചര്യത്തില്‍ നവംബര്‍ 17 മുതല്‍ 27 വരെ നടക്കുന്ന ഈ യോഗം നിര്‍ണായകമാണ്. നിലവിലെ സാഹചര്യത്തില്‍ ലോക തൊഴില്‍ സംഘടനയുടെ ശബ്ദം വളരെ പ്രധാനമാണ്. സംഘടനാ നയങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതിനും അന്താരാഷ്ട്ര തൊഴില്‍ സമ്മേളനത്തിന്റെ അജണ്ട നിശ്ചയിക്കുന്നതിനും പരിപാടിയും ബജറ്റും അംഗീകരിക്കുന്നതിനും — മാര്‍ച്ച്, ജൂണ്‍, നവംബര്‍ മാസങ്ങളില്‍ — വര്‍ഷത്തില്‍ മൂന്ന് തവണയാണ് ഐഎല്‍ഒയുടെ നിര്‍വാഹക സമിതി യോഗം ചേരുന്നത്. 2025ലെ പ്രവര്‍ത്തനങ്ങള്‍ 20-ാം നൂറ്റാണ്ടിലെ സ്ഥാപനങ്ങളാലല്ല നിയന്ത്രിക്കപ്പെടുന്നത്. എങ്കിലും 21-ാം നൂറ്റാണ്ടിന്റെ മാനദണ്ഡങ്ങള്‍ ഇപ്പോഴും നിര്‍മ്മാണ ദശയിലാണ്. ഒരിക്കല്‍ മനുഷ്യവിഭവം ആവശ്യമായിരുന്ന മാനേജീരിയല്‍ തീരുമാനങ്ങള്‍ ഇപ്പോള്‍ അല്‍ഗോരിതങ്ങള്‍ എടുക്കുന്നു. ഭൂമിശാസ്ത്രവുമായി പൊരുത്തപ്പെടാത്ത ഡിജിറ്റല്‍ തൊഴില്‍ പ്ലാറ്റ്ഫോമുകള്‍ പുതിയ ആശ്രിതത്വങ്ങളും ദുര്‍ബലതകളും സൃഷ്ടിക്കുന്നു. മാത്രമല്ല പുറത്താക്കലിനുള്ള പ്രേരണ മുഴുവന്‍ മേഖലകളെയും വിഴുങ്ങുമ്പോള്‍, പലപ്പോഴും തൊഴിലാളികള്‍ക്ക് മതിയായ സംരക്ഷണം ലഭിക്കുന്നില്ല. ഇതിന്റെ അപകടസാധ്യതകള്‍ വളരെ വലുതാണ്. ആഗോള തൊഴില്‍ മാനദണ്ഡങ്ങള്‍ ഈ പരിവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍, അസമത്വങ്ങള്‍ കൂടുതല്‍ വ്യാപകമാകും.

വരുംവര്‍ഷങ്ങളില്‍ ഐഎല്‍ഒയുടെ തന്ത്രപരമായ മുന്‍ഗണനകള്‍ എങ്ങനെ പുനര്‍നിര്‍വചിക്കാം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളായിരിക്കും ജനീവ സമ്മേളനത്തിന്റെ കാതല്‍. എഐ അടിസ്ഥാന ജോലികള്‍ നിയന്ത്രിക്കുന്നതിലും, ഗിഗ് വര്‍ക്കര്‍മാര്‍ക്ക് സംരക്ഷണം രൂപപ്പെടുത്തുന്നതിലും, കാലാവസ്ഥാനുബന്ധിയായ വ്യവസായങ്ങളിലെ തൊഴിലാളികള്‍ക്ക് ന്യായമായ മാറ്റം ഉറപ്പാക്കുന്നതിലും കൂടുതല്‍ ധീരമായ നടപടികള്‍ സ്വീകരിക്കണോ എന്ന് അംഗരാജ്യങ്ങളും സാമൂഹിക പങ്കാളികളും തീരുമാനിക്കണം. ‘മാന്യമായ ജോലി’ എന്ന വിശാലമായ പ്രതിബദ്ധതയെ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്ന പ്രവര്‍ത്തനക്ഷമമായ തലത്തിലേക്ക് വിവര്‍ത്തനം ഭരണസമിതിക്ക് ചെയ്യാന്‍ കഴിയുമോ എന്ന് ലോകം ഉറ്റുനോക്കുന്നു. സ്ഥാപനപരമായ ശേഷിയും പ്രധാനപ്പെട്ട ആശങ്കയാണ്. ഡിജിറ്റല്‍ ജോലികളില്‍ മാര്‍ഗനിര്‍ദേശം നല്‍കുക, സാമൂഹിക സംരക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, സാമ്പത്തിക ആഘാതങ്ങളില്‍ രാജ്യങ്ങളെ പിന്തുണയ്ക്കുക, കാലാവസ്ഥാ സംബന്ധമായ പുനര്‍നിര്‍മ്മാണം കൈകാര്യം ചെയ്യാന്‍ സഹായിക്കുക എന്നിവയിലെല്ലാം ഐഎല്‍ഒ എക്കാലത്തെയും പോലെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും അതിന്റെ സാമ്പത്തിക വിഭവങ്ങള്‍ ഇപ്പോഴും സമ്മര്‍ദത്തിലാണ്. സംഘടനയെ ശക്തിപ്പെടുത്തിയില്ലെങ്കില്‍, അതിന്റെ ലക്ഷ്യം നിറവേറ്റാനുള്ള കഴിവ് തകിടംമറിയുമെന്ന കഠിനമായ സത്യത്തെ ഭരണസമിതി അഭിസംബോധന ചെയ്യേണ്ടതുണ്ട്.
ത്രികക്ഷി സംവിധാനത്തിന്റെ പ്രതിരോധശേഷിയും ഇത്തവണത്തെ യോഗം പരീക്ഷിക്കും. അല്‍ഗോരിതമനുസരിച്ചുള്ള നിരീക്ഷണത്തിനും വഷളാകുന്ന വേതന സാഹചര്യങ്ങള്‍ക്കുമെതിരെ തൊഴിലാളി സംഘടനകള്‍ ശക്തമായ സംരക്ഷണം ആവശ്യപ്പെടുന്നു. തൊഴിലുടമകളാകട്ടെ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിപണികളുമായി പൊരുത്തപ്പെടാന്‍ കൂടുതല്‍ വഴക്കം തേടുന്നു. സാമൂഹിക സംരക്ഷണവും അവകാശങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ മത്സരശേഷി ഉറപ്പാക്കുന്ന മത്സര സമ്മര്‍ദങ്ങള്‍ക്കിടയില്‍ അകപ്പെടുകയാണ് സര്‍ക്കാരുകള്‍. ഈ വ്യത്യസ്തമായ അടിസ്ഥാനകാരണങ്ങളില്‍ സമവായം ഉയര്‍ന്നുവരുമോ എന്നത് ആഗോള ഭരണത്തിനുള്ള ഒരു സംവിധാനമെന്ന നിലയില്‍ സമ്മേളനം വെളിപ്പെടുത്തും.

ആത്യന്തികമായി, 355-ാമത് സമ്മേളനം ഒരു അന്താരാഷ്ട്ര സ്ഥാപനത്തിന്റെ സാധാരണ യോഗം മാത്രമല്ല, ദ്രുതഗതിയിലുള്ള മാറ്റത്തിന്റെ ഒരു യുഗത്തില്‍ നീതി പുനര്‍നിര്‍വചിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രതിഫലനമാണ്. തൊഴിലാളികളെ സംരക്ഷിക്കുകയും ഉത്തരവാദിത്തമുള്ള സംരംഭങ്ങളെ പിന്തുണയ്ക്കുകയും സാമൂഹിക സംരക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുന്ന വിശ്വസനീയമായ പാത രൂപപ്പെടുത്താന്‍ കഴിയുമെങ്കില്‍, ബഹുമുഖ സഹകരണത്തിന് ഇപ്പോഴും തൊഴിലിന്റെ ഭാവി രൂപപ്പെടുത്താന്‍ ശക്തിയുണ്ടെന്ന് ഐഎല്‍ഒ തെളിയിക്കും. അല്ലെങ്കില്‍, തൊഴില്‍ നിയമങ്ങള്‍, കോര്‍പറേറ്റുകളുടെ പ്രത്യേകാവകാശങ്ങള്‍, ഡിജിറ്റല്‍ വിപണി ശക്തികള്‍ എന്നിവയുടെ ഒരു സംഘടിത ശക്തിയിലേക്ക് വഴുതിവീഴാനുള്ള സാധ്യതയുണ്ട്. സാമൂഹിക നീതി പിന്നിലാകുകയും ചെയ്യും.
ജനീവ സമ്മേളനത്തിന് എല്ലാ വെല്ലുവിളികളെയും പരിഹരിക്കാനാകില്ല. എന്നാല്‍ ഇതിന് ശക്തമായ ഒരു സന്ദേശം നല്‍കാന്‍ കഴിയും: വിഭജനത്തിന്റെയും അനിശ്ചിതത്വത്തിന്റെയും കാലഘട്ടങ്ങളില്‍ പോലും, തൊഴിലിടത്തില്‍ മനുഷ്യന്റെ അന്തസ് സംരക്ഷിക്കുന്ന നിയമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലോകം ഇപ്പോഴും തയ്യാറാണ് എന്ന സന്ദേശം. കഴിഞ്ഞ ഏത് കാലഘട്ടത്തെക്കാളും ഇന്ന് ആ സന്ദേശം പ്രധാനമാണ്. നിര്‍ണായകമായ ചര്‍ച്ചകള്‍ നടക്കാനിരിക്കുന്നതിനാല്‍, ലോകമെമ്പാടുമുള്ള നയകര്‍ത്താക്കള്‍, ട്രേഡ് യൂണിയനുകള്‍, തൊഴിലുടമാ സംഘടനകള്‍, വികസന പങ്കാളികള്‍ എന്നിവര്‍ ജനീവ സമ്മേളനത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. എല്ലാവര്‍ക്കും മാന്യമായ തൊഴില്‍ എന്ന അടിസ്ഥാന പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനൊപ്പം ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ എന്ത് പദ്ധതിയാണിടുന്നത് എന്നതിനെക്കുറിച്ചുള്ള സൂചനകളും അവര്‍ തേടുന്നുണ്ട്.
(ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.