5 December 2025, Friday

Related news

December 5, 2025
November 27, 2025
November 21, 2025
November 20, 2025
November 19, 2025
November 19, 2025
November 18, 2025
November 4, 2025
November 3, 2025
October 29, 2025

മുന്നണിയേക്കാൾ മുഖ്യം മുഖ്യമന്ത്രി കസേര; പത്താം തവണയും ബീഹാറിന്റെ തലവനായി നിതീഷ് കുമാർ എത്തുമ്പോൾ

Janayugom Webdesk
November 19, 2025 10:41 pm

ഗ്രഹിക്കൂമ്പോഴെക്കെ അധികാരം കിട്ടിയ ഇന്ത്യയിലെ തന്നെ അപൂർവം നേതാക്കളിലൊരാളാണ് ബീഹാർ മുഖ്യമന്ത്രിയായി നാളെ വീണ്ടും ചുമതലയേൽക്കുന്ന നിതീഷ് കുമാർ. രണ്ട് പതിറ്റാണ്ട് കയ്യടക്കിയ കസേരയുടെ തുടര്‍ച്ചക്ക് പിന്നിൽ ഒട്ടേറെ തരംതാണ രാഷ്‌ട്രീയ കളികൾക്കും നിതീഷ് നേതൃത്വം നൽകി. ബിഹാറിൽ പത്താം തവണയും മുഖ്യമന്ത്രിയായി നിതീഷ്‌കുമാർ എത്തുമ്പോൾ അതൊരു ചരിത്രമാണെങ്കിലും നൈതികത അൽപവും ഇല്ലാത്തയാൾ എന്ന ദുഷ്പേരു അദ്ദേഹത്തെ വിടാതെ പിന്തുടരുന്നുണ്ട്‌. രാഷ്ട്രീയത്തിൽ മറുകണ്ടം ചാടിയവരെല്ലാം പലപ്പോഴും വെള്ളത്തിൽ വീഴാറുണ്ടെങ്കിലും നിതീഷ് അതിൽ നിന്നും വ്യത്യസ്തമായി കരപറ്റിയെന്നു മാത്രമല്ല കരയുടെ നിയന്ത്രണം കൂടി ഏറ്റെടുക്കുകയാണ്. അങ്ങനെ മുന്നണിയേക്കാൾ മുഖ്യം മുഖ്യമന്ത്രി കസേരയെന്ന നിലപാട് മനസിൽ പേറുന്ന നിതീഷ് വീണ്ടും ബീഹാറിന്റെ തലവനായി എത്തുന്നു.

1990ൽ   കേന്ദ്രമന്ത്രി

1974 മുതൽ 1977 വരെ ജയപ്രകാശ് നാരായണന്റെ കൂടെ സോഷ്യലിസ്റ്റ് മൂവ്മെൻറിൽ പ്രവർത്തിച്ചാണ് തുടക്കം. പിന്നീട് 1977‑ൽ ജനതാ പാർട്ടിയിൽ അംഗമായി. അടിയന്തിരാവസ്ഥയ്ക്കു ശേഷം നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു നിതീഷിന്റെ ആദ്യ മത്സരം. അന്നു പക്ഷേ പരാജയപ്പെട്ടു. അതാണ് ഏക തോൽവിയും. പിന്നീട്, നിയമസഭയും ലോക്‌സഭയിലും നിരന്തരം ജനപ്രതിനിധിയായിക്കൊണ്ടിരുന്നു. 1990ൽ ആദ്യമായി വി പി സിങ് മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി. 90കളുടെ രണ്ടാംപകുതിയിൽ കൃഷി, റെയിൽവേ, ഗതാഗതം തുടങ്ങി പ്രധാനവകുപ്പുകളി‍ൽ കേന്ദ്രഭരണത്തിലുണ്ടായിരുന്നു.

എന്‍ഡിഎ പിന്തുണയില്‍  ലോക്‌സഭയിലേക്ക്

1994ൽ ജനതാദൾ പിളർത്തി നിതീഷ് കുമാറും, ജോർജ് ഫെർണാണ്ടസ്സും കൂടെ രൂപീകരിച്ച ഒരു രാഷ്ട്രീയകക്ഷിയായിരുന്നു സമതാ പാർട്ടി. ഉത്തരേൻഡ്യയിൽ പ്രത്യേകിച്ച് ബിഹാറിൽ നല്ല സ്വാധീനമുണ്ടായിരുന്നു സമതാ പാർട്ടിക്ക്. അങ്ങനെ 1996ല്‍ ആദ്യമായി എന്‍ഡിഎ പിന്തുണയില്‍ നിതീഷ്‌കുമാർ ബാഢ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചു.
വാജ്പയി സര്‍ക്കാരില്‍ അദ്ദേഹം കേന്ദ്രമന്ത്രിയുമായി.

ഏഴ് ദിവസം മുഖ്യമന്ത്രി പദത്തിൽ 

അക്കാലത്താണ് രാഷ്ട്രീയ നിരീക്ഷകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. തുടര്‍ന്ന് 151 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടാവുമെന്ന് പ്രഖ്യാപിച്ചു. പക്ഷെ, സത്യപ്രതിജ്ഞ ചെയ്ത് ആദ്യ ദിവസം മുതല്‍ തന്നെ നിതീഷിന് മനസിലായി തുടങ്ങിയിരുന്നു, തനിക്ക് പ്രതീക്ഷിച്ച അംഗബലമോ പിന്തുണയോ കിട്ടില്ലെന്ന്. ഏഴുദിവസത്തിനുള്ളില്‍ ആ സര്‍ക്കാര്‍ നിലംപതിച്ചു.
കുതിരക്കച്ചവടത്തിലൂടെ കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനും വിശ്വാസം ഉറപ്പാക്കാനുമായിരുന്നു എന്‍ഡിഎ ലക്ഷ്യമിട്ടത്. എന്നാല്‍ പ്രതീക്ഷിച്ച എംഎല്‍എമാരെ തങ്ങള്‍ക്കൊപ്പം കിട്ടില്ലെന്ന് മനസിലാക്കിയതോടെ മാര്‍ച്ച് പത്തിന് വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ നിന്നില്ല നിതീഷ്. അയാള്‍ ഏഴ് ദിവസം മുഖ്യമന്ത്രി പദത്തിലിരുന്ന് രാജിവച്ചൊഴിഞ്ഞു. തുടര്‍ന്ന് ആര്‍ജെഡി ദളിത് നേതാവും ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്രി ദേവി മുഖ്യമന്ത്രിയായി ചുമതലയേറ്റു.

2005ൽ രണ്ടാമത്  മുഖ്യമന്ത്രിയായി 

2003ൽ ജനാതദള്‍ പാര്‍ട്ടിയിലെ ശരദ് യാദവ് വിഭാഗം, സമതാ പാര്‍ട്ടിയെയും ഒപ്പം ചേര്‍ത്ത് ജനതാദള്‍ യു എന്ന പാര്‍ട്ടിക്ക് രൂപം നൽകി. 2005ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം എന്‍ഡിഎക്ക് ലഭിച്ചു. മുഖ്യമന്ത്രിയായി രണ്ടാമത് നിതീഷ് കുമാര്‍ ചുമതലയേറ്റു. 2010 വരെ നിതീഷ് കുമാര്‍ അധികാരത്തിലിരുന്നു. 2010 ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പിന്തുണയില്‍ മൂന്നാം തവണയും നിതീഷ് മുഖ്യമന്ത്രിയായി. അഴിമതിയിലും സ്വജനപക്ഷപാതത്തിലും കുഴഞ്ഞു മറിഞ്ഞ ലാലു–റാബ്‍റി കാലത്തിനു ശേഷം വന്ന സർക്കാർ പുതിയ പ്രതിഛായ സൃഷ്ടിച്ചു. നിതീഷ് വികസന നായകനായി, ഹിന്ദിയിൽ ആ അര്‍ത്ഥം വരുന്ന സുശാസൻ ബാബു എന്ന വിളിപ്പേരു കിട്ടി.

2014ൽ വീണ്ടും എൻഡിഎ വിടുന്നു

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാണിച്ചതില്‍ പ്രതിഷേധിച്ച ജനതാദൾ യു മുന്നണിവിട്ടു. ആ തെരെഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ചു. മൂന്നാം മുന്നണി അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രി സ്ഥാനമെന്ന മോഹവും നിതീഷിന്റെ മനസിലുണ്ടായിരുന്നു. പക്ഷേ നിതീഷിന്റെ കണക്കുകൂട്ടൽ പാടേ തകർന്നുപോയി. കേന്ദ്രത്തിൽ ബിജെപി ഭരണമേറി. ജെഡിയു ബിഹാറിൽ തകർന്നടിഞ്ഞു. വെറും 2 സീറ്റ്. അഭിമാനിയായ നിതീഷ് പാർട്ടി പ്രകടനത്തിന്റെ ധാർമിക ഉത്തരവാദിത്തമെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജി വച്ചു. അന്നു വരെ പുറത്തു പേരു കേട്ടിട്ടില്ലാത്ത വിശ്വസ്തൻ ജിതിൻ റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കി. കോ‍ൺഗ്രസും ആർജെഡ‍ിയും പുറത്തുനിന്നു പിന്തുണച്ചു.

നാലാം തവണ വീണ്ടും   മുഖ്യമന്ത്രി 

മാസങ്ങള്‍ മാത്രം കഴിഞ്ഞപ്പോള്‍ ജിതന്‍ റാം മാഞ്ചിയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടു. തയ്യാറാവാതിരുന്ന മാഞ്ചിയെ ജെഡിയുവില്‍ നിന്ന് പുറത്താക്കി. അങ്ങനെ നാലാം തവണ വീണ്ടും നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയായി. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടായിരുന്നു നിതീഷ് കുമാറിന്റെ ഈ നീക്കം.
അങ്ങനെ 2015 ലെ തെരഞ്ഞെടുപ്പ് വന്നു. നിതീഷ്, ലാലുവിന്റെ ആർജെഡിയും കോൺഗ്രസുമായി ചേർന്ന് മഹാസഖ്യമുണ്ടാക്കി. ആ തെരെഞ്ഞെടുപ്പിൽ മഹാസഖ്യം വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തി. പക്ഷേ, ആർജെഡിയാണ് ഏറ്റവും വലിയ കക്ഷിയായത് 80 സീറ്റ്. ജെഡിയുവിന് 71. എന്നിട്ടും മുൻ ധാരണ പ്രകാരം നിതീഷ് മുഖ്യനായി. 178 സീറ്റുകള്‍ ആണ് മഹാസഖ്യം നേടിയത്. അങ്ങനെ അഞ്ചാം തവണ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ചുമതലയേറ്റു.
ലാലുവിന്റെ മകൻ തേജ്വസി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഉപമുഖ്യമന്ത്രിയായി.

വീണ്ടും മഹാസഖ്യം പൊളിച്ച് ബിജെപിക്കൊപ്പം 

തേജ്വസി യാദവിനെതിരെ അഴിമതിയാരോപണമുണ്ടായപ്പോൾ   രാജി വയ്ക്കാൻ നിതീഷ് പറഞ്ഞു. സ്വാഭാവികമായും തേജ്വസി തയാറായില്ല. പകരം നിതീഷ് രാജിവച്ചു. മഹാസഖ്യം പൊളിച്ച് നേരെ പോയി ബിജെപിയുടെ തോളിൽ വീണ്ടും കയ്യിട്ടു. അങ്ങനെ ബിഹാറിൽ വീണ്ടും എൻഡിഎ അധികാരത്തിലെത്തി. മണിക്കൂറുകൾക്കുള്ളിൽ നിതീഷ് പിന്നെയും മുഖ്യമന്ത്രിയായി. 2020ലെ തെരഞ്ഞെടുപ്പില്‍ ജെഡിയുപിന്തുണയില്‍ എന്‍ഡിഎ 125 സീറ്റുകള്‍ നേടി. മഹാഗഡ്ബന്ധന് 110 സീറ്റുകളേ നേടാനായുള്ളു. അങ്ങനെ ഏഴാം തവണ മുഖ്യമന്ത്രിയായി നിതീഷ് തന്നെ തെരഞ്ഞെടുക്കപ്പെട്ടു.

2022ല്‍ എന്‍ഡിഎ സര്‍ക്കാരുമായി ജെഡിയു വീണ്ടും ഇടഞ്ഞു

2022ല്‍ എന്‍ഡിഎ സര്‍ക്കാരുമായി ജെഡിയു വീണ്ടും ഇടഞ്ഞു. സഖ്യം വിട്ടു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവച്ചു. അങ്ങനെ വീണ്ടും മഹാഗഡ്ബന്ധനുമായി കൈകോര്‍ത്തു. വീണ്ടും, എട്ടാം തവണ നിതീഷ് കുമാര്‍ അധികാരത്തിലേക്ക്. അങ്ങനെ മഹാസഖ്യവും ബിഹാറില്‍ അധികാരത്തിലേക്ക്.

2024ൽ വീണ്ടും എൻഡിഎ പാളയത്തിൽ

2024 ജനുവരി 28ന് മഹാസഖ്യവുമായുള്ള കുറച്ചുകാലത്തെ ബന്ധം അവസാനിപ്പിച്ച് രാജിവച്ചു. ഏറെ വൈകാതെ എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന് ഒന്‍പതാം തവണ ബിഹാര്‍ മുഖ്യമന്ത്രിയായി. അധികാരത്തിനു വേണ്ടിയുള്ള ഇടപാടുകൾ ധാർമികതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതിനു പലവട്ടം സാക്ഷിയായ ബിഹാർ ഇതോടെ അപഹാസ്യമായ രാഷ്ട്രീയനാടകത്തിന്റെ അടുത്തരംഗത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. നിതീഷ് കുമാറിന്റെ നിലപാടുകളാണു കുറെ വർ‍ഷങ്ങളായി ബിഹാർ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നത്. അങ്ങോട്ടുമിങ്ങോട്ടും മുന്നണി മാറുന്നുണ്ടെങ്കിലും മുഖ്യമന്ത്രിസ്ഥാനം നിലനിർത്തിപ്പോരുന്ന ‘നിതീഷ് ശൈലി’യുടെ രാഷ്ട്രീയ അധാർമികത നമ്മുടെ ജനാധിപത്യത്തിനുമുന്നിലുള്ള ചോദ്യചിഹ്നമായി തുടരുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.