
രാജ്യത്തെ വിത്തു വിപണന മേഖലയിലേക്ക് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കടന്നുവരാനും ആധിപത്യം പുലര്‍ത്താനും ഇടയാക്കുന്ന ആഗോള കരാളില്‍ ഇന്ത്യ ഒപ്പുവയ്ക്കാന്‍ പോകുന്നുവെന്നത് കര്‍ഷകര്‍ ആശങ്കയോടെയാണ് കാണുന്നത്. തിങ്കളാഴ്ച മുതല്‍ 29 വരെ പെറുവിലെ ലിമയില്‍ നടക്കുന്ന ഭക്ഷ്യ — കാർഷികസസ്യ ജനിതക വിഭവങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടി (ഐടിപിജിആര്‍എഫ്എ) യിൽ ഒപ്പുവയ്ക്കുന്നതിനാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായിരിക്കുന്നത്. കാര്‍ഷിക വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഇന്ത്യയുടെ വിത്ത് പരമാധികാരം നഷ്ടപ്പെടാനിടയാക്കുന്ന നീക്കമാണ് കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഉണ്ടാകാന്‍ പോകുന്നത്. കാര്‍ഷിക ഇന്ത്യയെക്കുറിച്ച് അഭിമാനംകൊള്ളുന്നുവെന്ന് ആവര്‍ത്തിക്കുകയും അവര്‍ക്കുവേണ്ടിയെന്ന് പറഞ്ഞ് പല പ്രഖ്യാപനങ്ങള്‍ നടത്തുകയും വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം നല്‍കി മോഹിപ്പിക്കുകയുമൊക്കെ ചെയ്യുന്നവരാണ് കര്‍ഷകര്‍ക്കും കാര്‍ഷിക സംസ്കൃതിക്കും വിഘാതമാകുന്ന ഇത്തരമൊരു കരാറില്‍ ഒപ്പിടുന്നതെന്നത് ഇരട്ടത്താപ്പാണ്. കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ കർഷകരുടെ നായക നായി അഭിനയിക്കുകയും അംഗീകാരങ്ങൾ നൽകുകയും സസ്യ വൈവിധ്യ നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമ്പോൾ, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ രാജ്യത്തിന്റെ കാർഷിക പൈതൃകം ആഗോള ബഹുരാഷ്ട്ര കോർപറേഷനുകൾക്ക് കൈമാറാൻ തയ്യാറെടുക്കുകയാണ്. ഇത് വെറും കാപട്യമല്ല; ഇന്ത്യയുടെ അന്നദാതാക്കളോടുള്ള കടുത്ത വഞ്ചനയാണ്.
ഇന്ത്യയുടെ മുഴുവൻ ദേശീയ വിത്ത് ശേഖരങ്ങളെ — ആയിരക്കണക്കിന് തദ്ദേശീയ വിത്തുവിഭാഗങ്ങള്‍, കാർഷിക ഇനങ്ങള്‍ എന്നിവയെ — ഒരു ആഗോള വിത്ത് ശേഖരത്തിലേക്ക് നിർബന്ധിതമായി മാറ്റുന്ന നിർദേശങ്ങളാണ് ഐടിപിജിആര്‍എഫ്എയിൽ ഉള്‍പ്പെട്ടിട്ടുള്ളത്. ഈ കരാറില്‍ പങ്കുവഹിക്കുന്ന കാര്യമാണ് സർക്കാർ സജീവമായി പരിഗണിക്കുന്നത്. 12,000 വർഷം പഴക്കമുള്ള കാർഷിക നാഗരികത കർഷകർക്ക് നൽകിയ ശാക്തീകരണത്തിന്റെ എല്ലാ വശങ്ങളെയും തകര്‍ക്കുന്നതാണ് ഈ നീക്കം. എന്നുമാത്രമല്ല ഇ ന്ത്യയുടെ സ്വന്തമായ വിത്തുശേഖരത്തിലേക്ക് കോർപറേറ്റുകള്‍ക്ക് പ്ര വേശിക്കുന്നതിനും ഇത് സഹായകമാകും.
ഓരോ രാജ്യങ്ങളുടെയും സ്വന്തമായ എല്ലാ സസ്യ ജനിതക വിഭവങ്ങളെയും ഉൾപ്പെടുത്തുന്നതിനായി “ബഹുരാഷ്ട്ര സംവിധാനം” വികസിപ്പിക്കാനുള്ള നിർദേശമാണ് ഉടമ്പടിയിലെ ഏറ്റവും ഗുരുതരമായ ഭീഷണി. ഇത് വിനാശകരമായ പ്രത്യാഘാതങ്ങളുള്ള ഒരു ജനിതക വിഭവങ്ങൾ വിറ്റഴിക്കല്‍ രൂപമാണ്. ഇതിന്റെ ഗുണം ഏറ്റവുമധികം ഉണ്ടാകാന്‍ പോകുന്നത് ബഹുരാഷ്ട്ര കാര്‍ഷിക കുത്തകകള്‍ക്കാണ്. ഇതിന്റെ അപകടങ്ങള്‍ പലതാണ്. ഒന്ന്, തലമുറകളായി കർഷകർ വളർത്തിയെടുത്തതും സംരക്ഷിച്ചതുമായ വിലമതിക്കാനാവാത്ത ജൈവവൈവിധ്യം വിദേശ കാർഷിക വ്യാപാര സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും എളുപ്പത്തില്‍ പ്രാപ്യമാക്കും. ഈ കോർപറേറ്റുകള്‍ നമ്മുടെ വിഭവങ്ങളുടെ ബൗദ്ധിക സ്വത്തവകാശം കൈക്കലാക്കുകയും നമുക്കുതന്നെ തിരികെ വിൽക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാക്കും. ഇതോടെ അവ യഥാർത്ഥമായി ഉണ്ടാക്കിയവര്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടും. രണ്ട്, വിത്ത് മുഖേനയുള്ള വിപണനത്തിന്റെ ആനുകൂല്യങ്ങൾ പങ്കിടൽ ഫണ്ട് ഒരു പരാജയമാണ്. നമ്മുടെ വിത്തുകൾ മുഖേന കോടിക്കണക്കിന് രൂപയുടെ ആഗോള ലാഭം നേടുന്നുണ്ടെങ്കിലും, രാജ്യത്തിനും കർഷകർക്കും അതിന്റെ തുച്ഛമായ ഭാഗം മാത്രമേ ലഭിക്കുന്നുള്ളു. കാരണം നിലവിൽ രാജ്യത്തെ വിത്തുല്പാദനത്തിന്റെ 71% കയ്യടക്കിയിരിക്കുന്നത് സ്വകാര്യ മേഖലയാണ്. 29% മാത്രമാണ് പൊതുമേഖലയിൽ. അതിനര്‍ത്ഥം ഈ രംഗത്ത് ഏകപക്ഷീയമായ കൊള്ളയാണ് നടക്കുന്നതെന്നാണ്. പുതിയ തീരുമാനം അംഗീകരിച്ചാല്‍ ഇന്ത്യക്ക് എല്ലാം നൽകുകയും ഒന്നും കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണുണ്ടാകുക.
മൂന്നാമതായി, നമ്മുടെ വിത്തുകളുടെ ജനിതക മാതൃകകളുടെ ഡിജിറ്റല്‍ രഹസ്യ വിവരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഈ ഉടമ്പടി പരാജയപ്പെടുന്നു. മാത്രമല്ല ഡിജിറ്റലായി നമ്മുടെ വിഭവങ്ങളുടെ മോഷണത്തിന് സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. കമ്പനികൾക്ക് ബൗദ്ധിക സ്വത്തവകാശം നൽകാനും ആനുകൂല്യങ്ങള്‍ പങ്കിടൽ ബാധ്യതയില്‍ നിന്ന് ഒഴിയാന്‍ സഹായകമാകുകയും ചെയ്യുന്നു. ഫലത്തില്‍ ഇത് വലിയ കൊള്ളയ്ക്ക് സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നതിന് തുല്യമാണ്.
ഈ ഉടമ്പടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറള്‍ ഇക്കണോമിക്സ് ആന്റ് പോളിസി റിസര്‍ച്ച് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ ഡോ. സുനില്‍ അര്‍ച്ചക് ഈ ഭീഷണികളെ കുറച്ച് കാണുന്നുവെന്നാണ് കരുതേണ്ടത്. എന്താണ് പങ്കിടേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം ഇന്ത്യക്കാണെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ദേശീയ താല്പര്യവുമായും നമ്മുടെ സ്വന്തം ജൈവവൈവിധ്യ നിയമത്തിന്റെ അന്തഃസത്തയുമായും യോജിക്കാത്ത അദ്ദേഹത്തിന്റെ നിലപാട് തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമാണ്. ഉടമ്പടിയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞാല്‍ അത് നടപ്പിലാക്കുക എന്നത് ഓരോ രാജ്യത്തിന്റെയും നിര്‍ബന്ധിതവും നിയമപരവുമായ ബാധ്യതയാണ്. ഈ സാഹചര്യത്തില്‍ ഉടമ്പടിയിലെ ബഹുരാഷ്ട്ര സ്വഭാവം അംഗീകരിക്കാ ന്‍ പാടില്ലാത്തതാണ്. കൂ ടാതെ നമ്മുടെ ജനിതക സ്രോതസുകളിലൂടെ ഉണ്ടാകുന്ന വാണിജ്യ നേട്ടങ്ങള്‍ക്ക് പകരമായി കോർപറേഷനുകൾ പണം നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുകയും വേണം. കര്‍ശനമായ നിയന്ത്രണങ്ങളും, വിഭവങ്ങളുടെ ഡിജിറ്റല്‍ മോഷണം തടയുന്നതിനും ആനുകൂല്യങ്ങള്‍ പങ്കിടുന്നതിനും കൃത്യമായ വ്യവസ്ഥകളും ഉള്‍പ്പെടുന്നുണ്ടെന്നുറപ്പ് വരുത്തുകയും വേണം. ഉദ്യോഗസ്ഥ രംഗത്തുനിന്നുള്ള സുനില്‍ അര്‍ച്ചക്കിനെ പോലുള്ളവരെ ചര്‍ച്ചകളില്‍ നിന്ന് മാറ്റുകയും കര്‍ഷക താല്പര്യം സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ വ്യക്തികളെ ഉള്‍പ്പെടുത്തുകയും ചെയ്യണം.
വിത്തുകള്‍ക്കുമേലുള്ള പരമാധികാരം കയ്യൊഴിഞ്ഞുള്ള കീഴടങ്ങൽ, കുറഞ്ഞ താങ്ങുവിലപോലുള്ള നിയമപരമായ ഉറപ്പുകള്‍ നിഷേധിക്കലും വന്‍കിടക്കാരുടെ വായ്പ എഴുതിത്തള്ളലുമുൾപ്പെടെ കർഷക വിരുദ്ധ നയങ്ങളുടെ ഏറ്റവും പുതിയ രൂപവുമാണ്. നമ്മുടെ വിത്തുകൾ നമ്മുടെ പരമാധികാരമാണ്, ഒരു സർക്കാരും അവ കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്നത് അനുവദിക്കാനാകില്ല.
ബിജെപി നേതൃത്വത്തിലുള്ള നരേന്ദ്ര മോഡി സർക്കാർ അടുത്തിടെയാണ് ഇന്ത്യയിലെ കർഷകരുടെ ആവശ്യങ്ങള്‍ അവഗണിച്ചുകൊണ്ട് ആറ് പ്രധാന റാബി വിളകൾക്ക് തുച്ഛമായ മിനിമം താങ്ങുവില പ്രഖ്യാപിച്ചത്. പ്രകൃതിദുരന്തങ്ങൾ രൂക്ഷമായതിനാല്‍ 10 സംസ്ഥാനങ്ങളിലുടനീളം വ്യാപക ജീവഹാനിക്കും വിളനാശത്തിനും കാരണമായി. എന്നാല്‍ കര്‍ഷകരെയും ദുരിതബാധിതരെയും സഹായിക്കുന്നതില്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് കുറ്റകരമായ അവഗണനയാണ് ഉണ്ടായത്. എല്ലാം നഷ്ടപ്പെട്ട കർഷകർ ദുരിതാശ്വാസത്തിനും നഷ്ടപരിഹാരത്തിനും ദേശീയ ദുരന്ത പ്രഖ്യാപനത്തിനും പുതിയ ദുരിതാശ്വാസ മാനദണ്ഡങ്ങൾക്കും വേണ്ടി പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഉല്പാദനച്ചെലവ് പോലും ഉൾക്കൊള്ളാത്ത വിധത്തില്‍ കുറഞ്ഞ താങ്ങുവില പ്രഖ്യാപനം നടത്തിയത്. സബ്സിഡികൾ പിൻവലിക്കലും ചരക്കുസേവന നികുതിയുടെ നട്ടെല്ലൊടിക്കുന്ന ഭാരവും മൂലം സ്ഥിതി കൂടുതൽ വഷളാകുകയും ചെയ്യുന്നു. കര്‍ഷകര്‍ക്കെതിരെ സർക്കാരിന്റെ നിരന്തരമായ സാമ്പത്തിക യുദ്ധം തുടരുന്നതിന്റെ തുടര്‍ച്ചയായാണ് പുതിയ ഉടമ്പടി നീക്കം. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ സംയുക്തമായി വീണ്ടും പ്രക്ഷോഭത്തിനിറങ്ങാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.