
നരേന്ദ്രമോഡി സർക്കാർ പ്രാബല്യത്തിൽ വരുത്തിയ നാല് ലേബർ കോഡുകളെ ആന്റി ലേബർ കോഡുകൾ അല്ലെങ്കിൽ തൊഴിലാളി വിരുദ്ധ നിയമ സംഹിതകൾ എന്നാണ് വിളിക്കേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത്തരം കാര്യങ്ങളിൽ വളരെ പ്രാവീണ്യം ഉള്ളവരാണ് അവർ. ആടിനെ ചെന്നായ ആക്കാനും ചെന്നായയെ ആടാക്കാനും അവർക്ക് കഴിയും. ഈ നാല് കോഡുകൾ തൊഴിലാളികളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതല്ല. കോർപ്പറേറ്റ് പ്രഭുക്കളുടെ ആഴം അളക്കാൻ പറ്റാത്ത അത്യാഗ്രഹത്തിനെയും ആർത്തിയേയും ശമിപ്പിക്കുവാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണവയെന്നും ബിനോയ് വിശ്വം പ്രസ്താവനയിൽ പറഞ്ഞു.
മുതലാളിത്ത വ്യവസ്ഥയുടെ വളർച്ചയുടെ ഒരു ഘട്ടത്തിൽ ഭരണകൂടം തന്നെ മൂലധനത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയായി മാറുമെന്ന് കാൾ മാക്സ് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ മോഡി സർക്കാർ കോർപ്പറേറ്റ് ചൂഷകരുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ആയി മാറി. ലാഭേച്ഛ മാത്രം കൈമുതലാക്കിയ ഈ ചൂഷകർക്കുവേണ്ടി മാത്രമാണ്, മോഡി സർക്കാർ ഈ കോഡുകൾ കൊണ്ടുവന്നിട്ടുള്ളത്. മൂലധനത്തിന് ആവശ്യം അനിയന്ത്രിതമായ ലാഭമാണ്. മോഡി സർക്കാരിന് അത്തരം ലാഭേച്ഛയെ സംരക്ഷിക്കുവാനാണ് താല്പര്യം. 1947 മുതൽ നിലവിലിരുന്ന ഇൻഡസ്ട്രിയൽ ഡിസ്ട്രിക്ട് ആക്ട് പ്രകാരം നൂറോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്തുവരുന്ന ഒരു വ്യവസായ സ്ഥാപനത്തിൽ റിട്രഞ്ച്മെൻ്റോ ലേ-ഓഫോ അടച്ചുപൂട്ടലോ ഏർപ്പെടുത്തണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ പുതുക്കിയ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡിൽ മുന്നൂറോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് മാത്രമായി ഈ വ്യവസ്ഥയെ പരിമിതപ്പെടുത്തി.
മുന്നൂറോ അതിലധികമോ തൊഴിലാളികൾ ജോലിചെയ്യുന്ന അപൂർവ്വം സ്ഥാപനങ്ങളെ നമ്മുടെ നാട്ടിലുള്ളൂ. മറ്റുള്ള തൊഴിൽ സ്ഥാപനങ്ങൾക്ക് യഥേഷ്ടം പിരിച്ചുവിടലോ അടച്ചുപൂട്ടല്ലോ നടപ്പാക്കാനുള്ള ലൈസൻസ് ആണ് മോഡി സർക്കാർ ഇതുവഴി നൽകിയിട്ടുള്ളത്. ആധുനിക യുഗത്തിൽ തൊഴിലാളികളെ ഒരു ഇരുണ്ട കാലഘട്ടത്തിലേക്ക് തള്ളുകയാണ് ഈ നാല് ലേബർ കോഡുകൾ ചെയ്യുന്നത്. നിശ്ചയദാർഢ്യത്തോടെയും, ഒത്തൊരുമയോടെയും തൊഴിലാളിവർഗ്ഗം ഈ തൊഴിലാളി വിരുദ്ധ നിയമങ്ങളെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളിവർഗ്ഗം എല്ലാവിധത്തിലും ഇവയുടെ യഥാർത്ഥ മുഖം തുറന്നു കാട്ടുകയും അവ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും.
ഈ ചട്ടങ്ങൾക്കെതിരെയുള്ള സംയുക്ത പ്ലാറ്റ്ഫോമിൽ എഐടിയുസി നിർണായക പങ്ക് വഹിക്കുന്നുണ്ട്. എഐടിയുസി മാത്രമല്ല ഇന്ത്യയിലെ എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും ഈ ചട്ടങ്ങൾക്കെതിരാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. സംഘ്പരിവാറിന്റെ ഭാഗമായ ബിഎംഎസ് പോലും അർദ്ധമനസ്സോടെ മാത്രമാണ് ഈ ചട്ടങ്ങളെ പിന്തുണച്ചിട്ടുള്ളത്. എന്തുകൊണ്ടാണ് ബിഎംഎസ് പോലും ഈ ചട്ടങ്ങൾക്ക് പരിപൂർണ്ണ പിന്തുണ നൽകുന്നില്ല എന്നത് മോഡി സർക്കാർ ആലോചിക്കണം. അതിനു കാരണം ഈ ചട്ടങ്ങളിൽ ബിഎംഎസിന് പോലും അന്ധമായി പിന്തുണയ്ക്കാൻ പറ്റാത്ത പല ഘടകങ്ങൾ ഉണ്ട് എന്നതാണ്. അതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.