21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 13, 2026
January 12, 2026

നിര്‍ണായക വിധികളുടെ ന്യായാധിപന്‍; രാജ്യദ്രോഹക്കുറ്റം റദ്ദാക്കല്‍ മുതല്‍ കെജ്‌രിവാളിന്റെ ജാമ്യം വരെ

Janayugom Webdesk
ന്യൂഡല്‍ഹി
November 24, 2025 5:30 am

ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് ചുമതലയേല്‍ക്കാനിരിക്കെ അദ്ദേഹത്തിന്റെ കര്‍ക്കശമായ നിലപാടുകളും സുപ്രധാന വിധിന്യായങ്ങളും രാജ്യശ്രദ്ധയാകര്‍ഷിക്കുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി നിയമപാലകനായി സേവനമനുഷ്ഠിക്കുന്ന ജസ്റ്റിസ് സൂര്യകാന്ത്, ഭരണഘടനാപരമായ വിഷയങ്ങളിലും പൗരാവകാശ പോരാട്ടങ്ങളിലും നിര്‍ണായക ഇടപെടലുകള്‍ നടത്തിയ ന്യായാധിപനാണ്. 2027 ഫെബ്രുവരി ഒമ്പത് വരെയായിരിക്കും അദ്ദേഹത്തിന്റെ കാലാവധി. 

ബ്രിട്ടീഷ് കാലഘട്ടം മുതല്‍ നിലനിന്നിരുന്ന രാജ്യദ്രോഹക്കുറ്റം (വകുപ്പ് 124 എ) മരവിപ്പിച്ചതിലും പെഗാസസ് ചാര സോഫ്റ്റ്‌വേര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവിലും ജസ്റ്റിസ് സൂര്യകാന്തിന്റെ സാന്നിധ്യം നിര്‍ണായകമായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ശരിവച്ച ബെഞ്ചിലും അദ്ദേഹം അംഗമായിരുന്നു. സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവയ്ക്കുന്ന ഗവര്‍ണര്‍മാരുടെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഒടുവില്‍ കേന്ദ്രത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിലും ജസ്റ്റിസ് സൂര്യകാന്ത് ഉണ്ടായിരുന്നു. 

2019 മേയ് 24നാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടത്. ശേഷം മുന്നൂറിലധികം ബെഞ്ചുകളുടെ ഭാഗമായി. കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധന നടത്തുന്നതുവരെ രാജ്യദ്രോഹക്കുറ്റപ്രകാരം പുതിയ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് നിര്‍ദേശിച്ചത് പൗരസ്വാതന്ത്ര്യത്തിനായുള്ള വലിയ ചുവടുവയ്പായാണ് വിലയിരുത്തപ്പെടുന്നത്. അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിലും കര്‍ശന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
ഡല്‍ഹി മദ്യനയ കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച ബെഞ്ചിന്റെ അധ്യക്ഷനായിരുന്നു അദ്ദേഹം. സിബിഐയെക്കുറിച്ചുള്ള ‘കൂട്ടിലടച്ച തത്ത’ എന്ന വിശേഷണം മായ്ച്ചുകളയാന്‍, ഏജന്‍സി നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വീട് വാങ്ങുന്നവരെ വഞ്ചിച്ച നിര്‍മ്മാണ കമ്പനികളും ബാങ്ക് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാട്ടുന്ന 28 കേസുകള്‍ സിബിഐ അന്വേഷിക്കാന്‍ ഉത്തരവിട്ടതും ഇദ്ദേഹമാണ്.

ലിംഗനീതിയും സാമൂഹിക പ്രതിബദ്ധതയും സ്ത്രീകളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ജസ്റ്റിസ് സൂര്യകാന്ത് എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള അഭിഭാഷക സംഘടനകളുടെ ഭാരവാഹിത്വത്തില്‍ മൂന്നിലൊന്ന് സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യണമെന്ന് നിര്‍ദേശിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കുന്നതിന് ചട്ടക്കൂട് രൂപീകരിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. സായുധ സേനയിലെ വനിതാ ഓഫിസര്‍മാര്‍ക്ക് പെര്‍മനന്റ് കമ്മിഷന്‍ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നിലവില്‍ പരിഗണിക്കുന്നത് അദ്ദേഹമാണ്. നിയമവിരുദ്ധമായി പുറത്താക്കിയ വനിതാ ഗ്രാമമുഖ്യയെ തിരികെ നിയമിച്ച വിധിയിലൂടെ അടിസ്ഥാന ജനാധിപത്യം ഉറപ്പുവരുത്തി.

അഭിപ്രായ സ്വാതന്ത്ര്യം എന്നത് സാമൂഹ്യ മാനദണ്ഡങ്ങള്‍ ലംഘിക്കാനുള്ള ലൈസന്‍സല്ലെന്ന്, ഭിന്നശേഷിക്കാരെ പരിഹസിച്ച ഹാസ്യകലാകാരന്മാരുടെ കേസില്‍ അദ്ദേഹം നിരീക്ഷിച്ചു. ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി. പിതൃത്വ തര്‍ക്കങ്ങളില്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടുമ്പോള്‍ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടാതിരിക്കാന്‍ കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. വണ്‍ റാങ്ക്-വണ്‍ പെന്‍ഷന്‍ പദ്ധതി ശരിവച്ചതും, പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍ 

സമിതിയെ നിയോഗിച്ചതും ഇദ്ദേഹമുള്‍പ്പെട്ട ബെഞ്ചായിരുന്നു.
ജസ്റ്റിസ് സൂര്യകാന്തിന് 15 മാസത്തോളം, താരതമ്യേന ദൈർഘ്യമേറിയ കാലാവധി ചീഫ് ജസ്റ്റിസ് പദവിയിൽ ലഭിക്കും. എന്നാല്‍ വലിയൊരു വെല്ലുവിളി അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. തൊണ്ണൂറായിരത്തോളം (90,000) കേസുകളാണ് സുപ്രീം കോടതിയില്‍ തീര്‍പ്പുകല്പിക്കാനായി കെട്ടിക്കിടക്കുന്നത്. ഇവയ്ക്ക് പരിഹാരം കാണുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം അടുത്തിടെ വ്യക്തമാക്കിയിരുന്നു. കേസുകളുടെ എണ്ണം കുറയ്ക്കുന്നതിന് മധ്യസ്ഥത ഒരു പ്രധാന പരിഹാര മാർഗമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.