
സുപ്രീം കോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജസ്റ്റിസ് ബി ആര് ഗവായ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം. ഒന്നര വര്‍ഷത്തോളം നീളുന്ന സേവന കാലാവധിയാണ് പുതിയ ചീഫ് ജസ്റ്റിസിന് ലഭിക്കുക.
രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍, മുതിര്‍ന്ന അഭിഭാഷകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
1962 ഫെബ്രുവരി 10ന് ഹരിയാനയിലെ ഹിസാര്‍ ജില്ലയിലാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ ജനനം. കുരുക്ഷേത്ര സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1984ല്‍ ഹിസാര്‍ ജില്ലാ കോടതിയിലാണ് അഭിഭാഷക ജീവിതം ആരംഭിച്ചത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ ജഡ്ജിയായി സേവനമനുഷ്ഠിച്ചു. 2018 ഒക്ടോബര്‍ അഞ്ചിന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി. 2019 മേയ് 24ന് സുപ്രീം കോടതി ജഡ്ജിയായി.
2027 ഫെബ്രുവരി 10 വരെയാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ കാലാവധി. ഭരണഘടനാപരമായ സുപ്രധാന കേസുകളിലും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ ഹര്‍ജികളിലും നിര്‍ണായക വിധികള്‍ പുറപ്പെടുവിച്ചിട്ടുള്ള ന്യായാധിപനാണ് അദ്ദേഹം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.