22 January 2026, Thursday

Related news

January 22, 2026
January 20, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 10, 2026

കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി പദവി : കോണ്‍ഗ്രസില്‍ വടംവലി ശക്തമായി

ശിവകുമാറിനെ അനുകൂലിക്കുന്ന എംഎല്‍എമാര്‍ ഡല്‍ഹിയില്‍
Janayugom Webdesk
ന്യൂഡല്‍ഹി
November 24, 2025 10:49 am

കര്‍ണാടകയില്‍ മുഖ്യമന്ത്രി പദവിക്ക് വേണ്ടിയുള്ള അധികാര വടംവലി രൂക്ഷമായി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്താനായി ഉപമുഖ്യമന്ത്രിയും, പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിനെ അനുകൂലിക്കുന്ന എംഎല്‍എമാരുടെ മൂന്നാമത്തെ സംഘം ഡല്‍ഹിയിലെതത്തി. മുഖ്യമന്ത്രി പദവി സിദ്ധരാമയ്യയിൽ നിന്ന് ശിവകുമാറിന് കൈമാറണമെന്നാണ് ഞായറാഴ്ച രാത്രിയോടെ ഡൽഹിയിലെത്തിയ സംഘത്തിന്റെയും ആവശ്യം. കോൺഗ്രസ് ഹൈക്കമാൻഡുമായി അടിയന്തര കൂടിക്കാഴ്ച ആവശ്യപ്പെട്ട് എട്ടോളം നിയമസഭാംഗങ്ങൾ രാത്രി വൈകി തലസ്ഥാനത്ത് എത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കർണാടകയിലെ കോൺഗ്രസ് സർക്കാർ ഭരണകാലാവധിയുടെ പകുതി പിന്നിട്ട സാഹചര്യത്തിൽ, ഏറെക്കാലമായി ചർച്ചയിലുള്ള അധികാര പങ്കിടൽ ഫോർമുല നടപ്പിലാക്കണമെന്നാണ് ആവശ്യം.

ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞയാഴ്ച എംഎൽഎമാരുടെ രണ്ട് സംഘങ്ങൾ ഡൽഹിയിലെത്തി ഹൈക്കമാൻഡിനെ കണ്ടിരുന്നു. 2023 മെയ് മാസത്തിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തപ്പോൾ രണ്ടരവർഷത്തിന് ശേഷം പദവി ശിവകുമാറിന് കൈമാറാമെന്ന് പാർട്ടി നേതൃത്വം വാഗ്ദാനം ചെയ്തിരുന്നുവെന്ന് ശിവകുമാറിനോട് അടുപ്പമുള്ള കോൺഗ്രസ് നേതാക്കൾ പറയുന്നു. അധികാര പങ്കിടൽ സംബന്ധിച്ച വാഗ്ദാനം പാലിക്കണമെന്നാണ് ശിവകുമാർ പക്ഷത്തിന്റെ ആവശ്യം. അതേസമയം, നേതൃമാറ്റം സംബന്ധിച്ച് അത്തരം ആവശ്യങ്ങളോ ചർച്ചകളോ നടക്കുന്നുണ്ടെന്ന വാർത്തകൾ സിദ്ധരാമയ്യയും ശിവകുമാറും പരസ്യമായി തള്ളിക്കളഞ്ഞു. ഞായറാഴ്ച വൈകുന്നേരം ശിവകുമാർ, സിദ്ധരാമയ്യയോട് കൂറുള്ള മുതിർന്ന നേതാവും മന്ത്രിയുമായ കെ ജെ ജോർജുമായി കൂടിക്കാഴ്ച നടത്തി. 

ജോർജ് നേരത്തെ സിദ്ധരാമയ്യയ്‌ക്കൊപ്പം രാഹുൽ ഗാന്ധിയെയും ഖാർഗെയെയും കണ്ടിരുന്നു. നിലവിലെ സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തതായാണ് റിപ്പോർട്ട്. അതേസമയം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഡൽഹിയിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹം ബെഗളൂരുവില്‍ തന്നെ തുടരുകയാണ്. നേതൃമാറ്റത്തെക്കുറിച്ച് ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും നിലവിൽ തനിക്ക് ഒന്നും പറയാനില്ലെന്നും ഞായറാഴ്ച ഖാർഗെ പ്രതികരിച്ചു. സിദ്ധരാമയ്യയുമായി ബംഗളൂരുവില്‍ വെച്ച് ഒരു മണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.