16 January 2026, Friday

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ സമാധാനപരമായിരിക്കണം: തെരഞ്ഞെടുപ്പ് കമ്മിഷണർ

Janayugom Webdesk
തിരുവനന്തപുരം
November 24, 2025 6:50 pm

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള പ്രചാരണപ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് നിയമങ്ങളും മാതൃകാപെരുമാറ്റചട്ടവും പാലിച്ചുവേണം നടത്താനെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ രാഷ്ട്രീയപാർട്ടികളോടും സ്ഥാനാർത്ഥികളോടും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നീതിപൂർവവും നിഷ്പക്ഷവും സുതാര്യവുമായി നടത്തുന്നതിന് എല്ലാ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 

മാതൃകാപെരുമാറ്റച്ചട്ടം, ഹരിതചട്ടം, മറ്റ് തിരഞ്ഞെടുപ്പ് നിയമങ്ങൾ എന്നിവ എല്ലാവരും പാലിക്കുന്നുണ്ടോയെന്ന് കര്‍ശനമായി പരിശോധിക്കും. മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ ഉടൻതന്നെ ബാലറ്റ് പേപ്പറും ബാലറ്റ് ലേബലുകളും അച്ചടിക്കുന്നതിനായി ബന്ധപ്പെട്ട പ്രസുകളിലേയ്ക്ക് പട്ടിക വരണാധികാരികൾ അയയ്ക്കും. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്യാൻ വരണാധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

സ്ഥാനാർത്ഥികൾ പ്രചാരണത്തിനായി തുക ചെലവിടുന്നത് നിയമാനുസൃതമാണോയെന്ന് തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകർ പരിശോധിക്കും. മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാലുടൻ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം വിളിക്കാൻ എല്ലാ റിട്ടേണിങ് ഓഫീസർമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു. സ്ഥാനാർത്ഥികളും പാർട്ടികളും നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങളിൽ ചട്ടലംഘനമുണ്ടായാൽ കർശന നടപടിയുണ്ടാവും. ഭിന്നതകളും തർക്കങ്ങളും ഉണ്ടാക്കുന്നതോ, വെറുപ്പ് സൃഷ്ടിക്കുന്നതോ, വിവിധ ജാതിക്കാർ, സമുദായങ്ങൾ, മതക്കാർ, ഭാഷാവിഭാഗങ്ങൾ എന്നിവർക്കിടയിൽ സംഘർഷം ഉണ്ടാക്കുന്നതോ ആയ ഒരു പ്രവർത്തനത്തിലും രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും ഏർപ്പെടാൻ പാടില്ല. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മൂന്ന് വർഷം തടവോ, 10,000 രൂപ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.

മറ്റ് രാഷ്ട്രീയ പാർട്ടികളെയും സ്ഥാനാർത്ഥികളെയും വിമർശിക്കുമ്പോൾ, അത് അവരുടെ നയങ്ങൾ, പരിപാടികൾ, പൂർവകാലചരിത്രം, പ്രവർത്തനങ്ങൾ എന്നിവയിൽ ഒതുങ്ങി നിൽക്കണം. നേതാക്കളുടെയോ സ്ഥാനാർത്ഥികളുടെയോ സ്വകാര്യ ജീവിതത്തെ വിമർശിക്കാൻ പാടില്ല. അടിസ്ഥാനരഹിതമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങളുടെയോ വസ്തുതകളുടെയോ അടിസ്ഥാനത്തിൽ മറ്റ് കക്ഷികളെയും പ്രവർത്തകരെയും വിമർശിക്കരുത്. ജാതിയെയോ സാമുദായിക വികാരങ്ങളെയോ മുൻനിർത്തി വോട്ടഭ്യർത്ഥിക്കാൻ പാടില്ല. ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവ പ്രചാരണത്തിന് ഉപയോഗിക്കരുത്. ഏതെങ്കിലും സ്ഥാനാർത്ഥിക്കോ, സമ്മതിദായകനോ അവർക്ക് താൽപര്യമുള്ള വ്യക്തികൾക്കോ എതിരെ സാമൂഹികബഹിഷ്ക്കരണം, സാമൂഹിക ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികൾ ഉയർത്താൻ പാടില്ല. വോട്ടർമാർക്ക് പണമോ മറ്റ് പാരിതോഷികങ്ങളോ നൽകുക, വോട്ടർമാരെ ഭീഷണിപ്പെടുത്തുക എന്നിവ കുറ്റകരമാണ്. ഒരു വ്യക്തിയുടെ രാഷ്ടീയാഭിപ്രായങ്ങളോടും പ്രവർത്തനങ്ങളോടും മറ്റു രാഷ്ട്രീയ കക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും എത്ര തന്നെ എതിർപ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കേണ്ടതാണ്. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവർത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകൾക്ക് മുമ്പിൽ പ്രകടനങ്ങൾ സംഘടിപ്പിക്കുക, പിക്കറ്റ് ചെയ്യുക തുടങ്ങിയ രീതികൾ ഒരു കാരണവശാലും അവലംബിക്കരുത്. സ്ഥലം, കെട്ടിടം, മതിൽ തുടങ്ങിയവ ഉടമസ്ഥന്റെ അനുവാദം കൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊടിമരം നാട്ടുന്നതിനോ ബാനറുകൾ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ, മുദ്രാവാക്യങ്ങൾ എഴുതുന്നതിനോ ഉപയോഗിക്കരുത്. സർക്കാർ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും, മറ്റു പൊതുയിടങ്ങളിലും ചുവരെഴുതാനോ പോസ്റ്റർ ഒട്ടിക്കാനോ ബാനർ, കട്ടൗട്ട് എന്നിവ സ്ഥാപിക്കാനോ പാടില്ല. പൊതുയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ളവ നീക്കം ചെയ്യാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നോട്ടീസ് ലഭിച്ചിട്ടും നീക്കം ചെയ്തില്ലെങ്കിൽ അവ നീക്കം ചെയ്യുകയും അതിനുള്ള ചെലവ് ബന്ധപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ചേർക്കുകയും ചെയ്യാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ തെഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാൻ പാടില്ല. പ്രചാരണത്തിന് ഉപയോഗിക്കുന്ന ഉച്ചഭാഷിണി, വാഹനം എന്നിവയ്ക്ക് മുൻകൂര്‍ അനുമതി വാങ്ങണം.

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.