14 January 2026, Wednesday

സ്മൃതി മന്ദാനയ്ക്കു വേണ്ടി ബിഗ്ബാഷ് ലീഗും ഉപേക്ഷിച്ചു; കുട്ടുകാരിക്ക് സൗഹൃദ തണലുമായി ജമീമ

Janayugom Webdesk
ന്യൂഡൽഹി
November 27, 2025 6:58 pm

ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം മാറ്റിവച്ചതിന് പിന്നാലെ കൂട്ടുകാരിക്ക് കുട്ടായിരിക്കാൻ കരിയറിലെ പ്രധാന​പ്പെട്ട ടുർണമെന്റും ഉപേക്ഷിച്ച് കൂട്ടിരിക്കുകയാണ് ഇന്ത്യൻ ടീമിലെ സഹതാരവും സ്മൃതിയുടെ ഉറ്റ സുഹൃത്തുമായ ജമീമ റോഡ്രിഗസ്.
നിശ്ചയിച്ചുറപ്പിച്ച വിവാഹ ദിനത്തിൽ പിതാവ് ആശുപത്രിയിലാവുകയും, തൊട്ടുപിന്നാലെ വിവാഹ ചടങ്ങുകൾ മാറ്റിവെക്കുകയും, പ്രതിശ്രുത വരൻ അസുഖബാധിതനായി ആശുപത്രിലാവുകയും ചെയ്ത് ജീവിതത്തിലെ ഏറ്റവും ദുർഘടമായൊരു നിമിഷത്തിലാണ് സ്മൃതി മന്ദാന.

വനിതാ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിനു പിന്നാലെ, ഉറപ്പിച്ച താരവിവാഹം ആരാധകരും മാധ്യമങ്ങളും ഏറ്റെടുത്ത് ആഘോഷപൂർവം തുടരുന്നതിനിടെയാണ് നവംബർ 23ന് നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്. വിവാഹത്തോടനുബന്ധിച്ചുള്ള വിവിധ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു, ലോകകപ്പ് ഫൈനൽ നടന്ന ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ​മോതിരം കൈമാറി പ്രൊപ്പോസൽ നിർവഹിച്ചുമെല്ലാം ആഘോഷ പൂർവം നടന്ന ചടങ്ങുകൾക്കു പിന്നാലെയായിരുന്നു വിവാഹം മാറ്റിവെക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത്. പിതാവിന്റെയും പ്രതിശ്രുത വരൻ പലാഷ് മുച്ചാലിന്റെയും ആശുപത്രി വാർത്തകൾക്കു പിന്നാലെ, വിവാഹം മുടങ്ങിയത് സംബന്ധിച്ച് വിവിധ വാർത്തകളും മാധ്യമങ്ങളിൽ നിറഞ്ഞു.

ഈ ഘട്ടത്തിലാണ് ഇന്ത്യൻ ടീമിലെ സഹതാരവും സ്മൃതിയുടെ ഉറ്റ സുഹൃത്തുമായ ജമീമ റോഡ്രിഗസ് ആസ്ട്രേലിയയിൽ ആരംഭിച്ച വനിതാ ബിഗ് ബാഷ് ലീഗും റദ്ദാക്കി മുംബൈയിൽ സ്മൃതിക്ക് കൂട്ടായി തുടരുന്നത്. നവംബർ ഒമ്പതിന് ആരംഭിച്ച ഡബ്ല്യൂ.ബി.ബി.എൽ സീസണിൽ ബ്രിസ്ബെയ്ൻ ഹീറ്റിന്റെ പ്രധാന താരമായ ജമീമ റോഡ്രിഗസും കളിച്ചിരുന്നു. വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാനായി കഴിഞ്ഞയാഴ്ച മുംബൈയിൽ പറന്നെത്തിയ ഇവർ, വിവാഹ ദിനത്തിൽ കാര്യങ്ങൾ അടിമുടി മാറിമറിഞ്ഞതോടെ ആസ്ട്രേലിയയിലേക്കുള്ള മടക്കം നീട്ടിവെച്ചു. ദുർഘട നിമിഷത്തിൽ മാനസികമായി തളർന്ന കൂട്ടുകാരിക്ക് പിന്തുണ നൽകുന്നതിനു വേണ്ടിയാണ് ജമീമ കരിയറിലെ പ്രധാന മത്സരവും റദ്ദാക്കി സൗഹൃദത്തിന്റെ അപാരമായ മാതൃക പ്രകടിപ്പിക്കുന്നത്. സീസണിലെ തുടർന്നുള്ള മത്സരങ്ങളിൽ നിന്നും വിട്ടു നിൽക്കാനും, ഇന്ത്യയിൽ തുടരാനുമുള്ള ജമീമയുടെ അപേക്ഷ അംഗീകരിച്ചതായി ടീമായ ബ്രിസ്ബേൻ ഹീറ്റ് അറിയിച്ചു.

നവംബർ 15ന് ബ്രിസ്ബെയ്നും ​ഹൊബാർട് ഹറി​കെയ്നും തമ്മിലെ മത്സരം കഴിഞ്ഞ ശേഷം ജെമീമ ഇന്ത്യയിലേക്ക് പോയതായും, വിവാഹം കഴിഞ്ഞ് ടീമിൽ തിരികെയെത്താനിരിക്കെ, സുഹൃത്തിന് പിന്തുണ നൽകാൻ താരം കൂടുതൽ സമയം ഇന്ത്യയിൽ ചിലവഴിക്കാൻ ചോദിച്ചതായും, അവസാന നാല് മത്സരങ്ങളിലും അവർ കളിക്കില്ലെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.ഈ വർഷം ആദ്യത്തിൽ നടന്ന താരലേലത്തിൽ ബ്രിസ്ബെയ്ൻ ഹീറ്റ് ആദ്യം സ്വന്തമാക്കിയ വിദേശ താരമായിരുന്നു ജമീമ.

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.