
വിവേചനപരമായ ഒഴിവാക്കലുകള്‍ ആവര്‍ത്തിച്ച് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് (എന്‍സിഇആര്‍ടി). നേരത്തെ മുഗള്‍ ചരിത്രം, ഗാന്ധി വധം, ഗോധ്രാ കാലപം എന്നിവ ഒഴിവാക്കി വിവാദം സൃഷ്ടിച്ച എന്‍സിഇആര്‍ടി ഇത്തവണ എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് ദക്ഷിണേന്ത്യന്‍ ചരിത്രം വെട്ടിനിരത്തിയാണ് സംഘംപരിവാര്‍ വിധേയത്വം അരക്കിട്ടുറപ്പിച്ചത്. ചരിത്രം, ഭൂമിശാസ്ത്രം, പൗരശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നിവ സംയോജിപ്പിച്ച് ‘എക്സ്‌പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന പേരിലാണ് പുതിയ ഒറ്റ വാല്യത്തിലുള്ള പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഇതിലാണ് ദക്ഷിണേന്ത്യൻ ചരിത്രത്തെ തഴഞ്ഞ് ഉത്തരേന്ത്യൻ ചരിത്രത്തിന് അമിത പ്രാധാന്യം നൽകിയിരിക്കുന്നത്.
ദക്ഷിണേന്ത്യയിലെ രാജവംശങ്ങൾ, പ്രതിരോധ പ്രസ്ഥാനങ്ങൾ, സാംസ്കാരിക സംഭാവനകൾ എന്നിവ പൂർണമായും ഒഴിവാക്കപ്പെടുമ്പോള്‍ വടക്ക്-മധ്യേന്ത്യൻ ചരിത്രത്തിന് പുസ്തകത്തിൽ വലിയ പ്രാധാന്യം ലഭിക്കുന്നു. മൂന്നാം അധ്യായത്തിൽ മറാത്തകളുടെ ഉദയത്തിനും, നാലാം അധ്യായത്തിൽ ഇന്ത്യയിലെ കൊളോണിയൽ യുഗത്തിനും കൂടുതൽ പേജുകൾ നീക്കിവെച്ചിട്ടുണ്ട്. എന്നാൽ ഡൽഹി സുൽത്താനേറ്റ്, മുഗൾ കാലഘട്ടം എന്നിവ ഉൾപ്പെടുന്ന രണ്ടാം അധ്യായത്തിൽ ‘ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം പുനർനിർമ്മിക്കൽ’ എന്ന പേരിൽ വളരെ ചുരുങ്ങിയ വിവരങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളത്.
മൂന്നും നാലും അധ്യായങ്ങള്‍ക്ക് തലക്കെട്ട് നല്‍കിയ എന്‍സിഇആര്‍ടി പക്ഷെ നാലാം അധ്യായത്തിന് തലക്കെട്ട് നല്‍കാതെയും അവഗണിച്ചു. വിജയനഗര സാമ്രാജ്യത്തെക്കുറിച്ചുള്ള പരാമർശങ്ങളിൽ വലിയ പിഴവുകളും അവഗണനയുമുണ്ട്. വിജയനഗര സാമ്രാജ്യം പൗരാണിക ഇന്ത്യയില്‍ ഒരു നഗരത്തില്‍ നിന്നും പേര് സ്വീകരിച്ച ഏക സാമ്രാജ്യമാണെന്ന വസ്തുതയും പരാമര്‍ശിക്കുന്നില്ല. സംഗമ, സാലുവ, തുളുവ, അരവിഡു രാജവംശങ്ങളെക്കുറിച്ചോ, പ്രശസ്ത ഭരണാധികാരിയായ കൃഷ്ണദേവരായരെക്കുറിച്ചോ വ്യക്തമായ പരാമർശങ്ങളില്ല.
ചോളര്‍, പാണ്ഡ്യര്‍, രാഷ്ട്രകൂടര്‍, ചാലുക്യര്‍ എന്നിവരെക്കുറിച്ചും വിശദമായ പരാമര്‍ശമില്ല. ഹൈദര്‍ അലി, ടിപ്പു സുല്‍ത്താന്‍, മറാത്ത‑മൈസൂര്‍ യുദ്ധം എന്നിവയെല്ലം പടിക്ക് പുറത്തായി. തിരുവിതാംകൂറിലെ ചാന്നാര്‍ കലാപം (1813–1859), മാറുമറയ്ക്കല്‍ സമരം, ക്ഷേത്രപ്രവേശന വിളംബരം എന്നിവയ്ക്കും എന്‍സിഇആര്‍ടി ഭ്രഷ്ട് കല്പിച്ചു. രാജ്യത്തെ പൗരാണിക ചരിത്രത്തില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ ദക്ഷിണേന്ത്യന്‍ ചരിത്രത്തെ പാടെ അവഗണിച്ച എന്‍സിഇആര്‍ടി സന്യാസി-ഫക്കീര്‍ കലാപം, കോള്‍ കലാപം, സാന്താള്‍ കലാപം തുടങ്ങിയവ ദീര്‍ഘമായി ചര്‍ച്ച ചെയ്യുന്നുമുണ്ട്.
സംഘ്പരിവാർ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ചരിത്രവസ്തുതകളെ ഇത്തരത്തിൽ വളച്ചൊടിക്കുന്നതെന്ന് അക്കാദമിക് രംഗത്തുള്ളവരും ചരിത്രകാരന്മാരും വിമർശനം ഉന്നയിക്കുന്നു. പാഠഭാഗങ്ങളുടെ ഭാരം കുറയ്ക്കാനെന്ന പേരിലാണ് എൻസിഇആർടി ഈ മാറ്റങ്ങൾ വരുത്തുന്നതെങ്കിലും, ഇത് രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തെയും ചരിത്രപരമായ സമഗ്രതയെയും ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.