
ആദിമ പ്രപഞ്ചത്തിലെ ഭീമൻ നെബുലയിൽ (വാതകമേഘം) നിന്നുള്ള പ്രകാശകിരണങ്ങൾ കണ്ടെത്തി സ്പെയിനിലെ മലയാളിയായ ഗവേഷക വിദ്യാർത്ഥിനിയുടെ നേതൃത്വത്തിലുള്ള സംഘം. സ്പെയിനിലെ സിഇഎഫ്സിഎ ഇൻസ്റ്റിറ്റ്യൂട്ടിലെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോയും ഇന്ത്യൻ വിദ്യാര്‍ത്ഥിനിയും ചുങ്കത്തറ സ്വദേശിനിയുമായ രഹന പയ്യശ്ശേരിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പ്രപഞ്ചത്തിന് ബില്യന്‍ വർഷം മാത്രം പ്രായമുള്ളപ്പോൾ നിലനിന്നിരുന്ന വാതകമേഘത്തിൽ നിന്നുള്ള പ്രകാശ കിരണങ്ങൾ കണ്ടെത്തിയത്. ഭൂമിയിൽ നിന്നും 1100 കോടി പ്രകാശവർഷം അകലയാണ് സംഘം കണ്ടെത്തിയ വാതകമേഘം സ്ഥിതി ചെയ്യുന്നത്.
ജവാലമ്പ്ര ആസ്ടോഫിസിക്സിക്കൽ ഒബ്സർവേറ്ററിയിലെ (ഒഎജെ) ടെലസ്കോപ്പുകളിലെ ഡാറ്റകൾ വിശകലനം ചെയ്ത് കണ്ടെത്തിയ നെുബുലയ്ക്ക് രഹനാസ് ജവാലമ്പ്ര നെബുല (റാജാവ്) എന്നാണ് പേരിട്ടിരിക്കുന്നത്. വളരെ അപൂർവമായി കാണുന്ന ഇനോർമസ് ലൈമാൻ ആൽഫ നെബുല എന്ന വിഭാഗത്തിലാണ് റാജാവ് ഉൾപ്പെടുന്നത്. ക്ഷീരപഥത്തിന്റെ നാലിരട്ടി വിസ്തൃതിയുണ്ട്. ഈ വാതക മേഘം ഹൈഡ്രജൻ, ഹീലിയം എന്നിവയൊഴികയുള്ള ലോഹ സമ്പുഷ്ടമായ വാതകങ്ങൾ അടങ്ങിയതാണെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പൂർണമായ വ്യാപ്തി സ്ഥിരീകരിക്കുന്നതിനനുള്ള നിരീക്ഷണങ്ങളിലാണ് രഹനയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമിപ്പോൾ.
ചുങ്കത്തറ തച്ചംകോട് സ്വദേശിയും മുണ്ടേരി വിത്തുകൃഷിത്തോട്ടം മുൻ ഡ്രൈവറും വിദേശമലയാളിയുമായ പയ്യശ്ശേരി തണ്ടുപാക്കൽ ഉസ്മാന്റെയും റംലത്തിന്റെയും നാല് പെൺമക്കളിൽ രണ്ടാമത്തെയാളാണ് രഹന. ചെറുപ്പം മുതലേ ജ്യോതി ശാസ്ത്രത്തിൽ തല്പരയായിരുന്ന രഹന ചുങ്കത്തറ മാർത്തോമ്മാ കോളജിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ ബിരുദവും കോട്ടയം എംജി യൂണിവേഴ്സ്റ്റിയില് നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. തുടർന്ന് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ സംയോജിത ഗവേഷണത്തിൽ പിഎച്ച്ഡിയും സ്വന്തമാക്കി. ചൈനയിലെ ഷാങ്ഹായ് ആസ്ട്രോണമിക്കൽ ഒബസർവേറ്ററിയിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആയും പ്രവർത്തിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.