5 December 2025, Friday

Related news

November 29, 2025
July 29, 2025
July 13, 2025
June 11, 2025
April 19, 2025
April 6, 2025
April 2, 2025
March 21, 2025
March 16, 2025
February 22, 2025

വായ്പാക്കെണിയില്‍ സ്റ്റാർട്ടപ്പുകൾ; തിരിച്ചടിയാകുന്നത് കടുത്ത വ്യവസ്ഥകളും പലിശയും

Janayugom Webdesk
ന്യൂഡല്‍ഹി
November 29, 2025 10:55 pm

ആഗോള വിപണിയിലെ സാമ്പത്തിക അസ്ഥിരതയും ഓഹരി നിക്ഷേപങ്ങളുടെ കുറവും കാരണം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ വന്‍തോതില്‍ വായ്പാക്കെണികളെ അഭിമുഖീകരിക്കുന്നതായി റിപ്പോര്‍ട്ട്. പ്രതിസന്ധി ഘട്ടത്തില്‍ സഹായത്തിനെത്തുന്ന വായ്പാദാതാക്കളുടെ കടുത്ത നിബന്ധനകള്‍ പല കമ്പനികളെയും തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. ‘വെഞ്ച്വർ ഡെറ്റ്’ എന്നറിയപ്പെടുന്ന ഇത്തരം വായ്പകൾ സ്റ്റാർട്ടപ്പുകളെ രക്ഷിക്കുന്നതിന് പകരം, വലിയ സാമ്പത്തിക ബാധ്യതകളിലേക്ക് തള്ളിയിടുന്ന പ്രവണത വർധിച്ചുവരികയാണെന്നും ധനകാര്യ വിദഗ്ധര്‍ പറയുന്നു, സ്ട്രിഡ് വെഞ്ച്വേഴ്‌സിന്റെ കണക്കനുസരിച്ച് 2024ൽ മാത്രം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ 123 ലക്ഷം ഡോളർ വെഞ്ച്വർ വായ്പയായി സമാഹരിച്ചിട്ടുണ്ട്.

കാനഡ ആസ്ഥാനമായുള്ള ബുക്ക് കീപ്പിങ് സ്റ്റാർട്ടപ്പ് ‘ബെഞ്ച് അക്കൗണ്ടിങ്’ 2024 ഡിസംബറിൽ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. കമ്പനിയുടെ വായ്പാ തിരിച്ചടവ് ഉടൻ വേണമെന്ന ബാങ്കിന്റെ കർശന നിലപാടാണ് കാരണമായത്. 2023 അവസാനത്തോടെ ഡിജിറ്റൽ ചരക്ക് നീക്ക കമ്പനിയായ ‘കോൺവോ‘യുടെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വെഞ്ച്വർ ലെൻഡറായ ഹെർക്കുലീസ് ക്യാപിറ്റൽ സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഇന്ത്യൻ വിപണിയിലും ഇത്തരം സംഭവങ്ങൾ അസാധാരണമല്ല. കഫേ കോഫി ഡേയുടെ സ്ഥാപകൻ വി ജി സിദ്ധാർത്ഥയുടെ വിയോഗത്തിന് പിന്നിലെ പ്രധാന കാരണം വായ്പാ സമ്മർദങ്ങളായിരുന്നു. ഗോമെക്കാനിക്, ഫാംഈസി തുടങ്ങിയ കമ്പനികളും സമാനമായ പ്രതിസന്ധികളിലൂടെ കടന്നുപോയി.
സാധാരണ ബാങ്ക് വായ്പകളിൽ നിന്ന് വ്യത്യസ്തമായി, സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്ന വായ്പകൾക്ക് ഉയർന്ന പലിശനിരക്കും കടുത്ത വ്യവസ്ഥകളുമാണുള്ളത്. 17 മുതൽ 18 % വരെയാണ് പലപ്പോഴും പലിശ നിരക്ക്. കൂടാതെ മുൻകൂർ പ്രോസസിങ് ഫീസും ഈടാക്കുന്നു. സ്ഥാപകർ വ്യക്തിപരമായ ആസ്തികൾ പണയം വയ്ക്കണമെന്നും ബൗദ്ധിക സ്വത്തവകാശങ്ങൾ ഈടായി നൽകണമെന്നും വായ്പാദാതാക്കൾ നിർബന്ധിക്കുന്നു. കരാർ ലംഘിച്ചാൽ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാനും, സ്ഥാപകരെ പുറത്താക്കാനും വായ്പാദാതാക്കൾക്ക് അധികാരം നൽകുന്ന വ്യവസ്ഥകൾ കരാറിലുണ്ടാകും.

ഫാംഈസിയുടെ തകർച്ചയ്ക്ക് കാരണം ഗോൾഡ്മാൻ സാച്ചിൽ നിന്ന് സ്വീകരിച്ച 2,280 കോടി രൂപയുടെ (285 ദശലക്ഷം ഡോളർ) വായ്പയാണെന്ന് വിലയിരുത്തപ്പെടുന്നു. ഉയർന്ന പലിശയും കർശനമായ കരാറുകളും കാരണം കമ്പനിക്ക് നിശ്ചിത സമയത്തിനുള്ളിൽ പണം കണ്ടെത്താനായില്ല. ഇത് കമ്പനിയുടെ മൂല്യം 560 ലക്ഷം ഡോളറിൽ നിന്ന് കുത്തനെ ഇടിയാനും ഒടുവിൽ 90 ശതമാനത്തോളം മൂല്യത്തകര്‍ച്ച നേരിട്ട് അവകാശ ഓഹരി വില്പന നടത്താനും കാരണമായി. വായ്പ തിരിച്ചടവ് മുടങ്ങിയാൽ വായ്പാദാതാക്കൾ സ്വീകരിക്കുന്ന നടപടികൾ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇത് ശമ്പളം നൽകുന്നതിനും വെണ്ടർമാർക്ക് പണം നൽകുന്നതിനും തടസ്സമാകുന്നു. ചില സന്ദർഭങ്ങളിൽ, വായ്പാദാതാക്കൾ സ്റ്റാർട്ടപ്പിന്റെ ക്ലയന്റുകളെ നേരിട്ട് സമീപിച്ച് പണം ആവശ്യപ്പെടാറുണ്ട്. ഇത് ബിസിനസ് ബന്ധങ്ങളെയും കമ്പനിയുടെ സല്‍പേരിനെയും ബാധിക്കുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.