6 December 2025, Saturday

Related news

December 6, 2025
December 6, 2025
December 5, 2025
December 4, 2025
December 3, 2025
December 3, 2025
December 2, 2025
December 1, 2025
December 1, 2025
December 1, 2025

കാലാവസ്ഥാ സമഗ്രമായ മാറ്റങ്ങള്‍ അനിവാര്യം

Janayugom Webdesk
December 1, 2025 4:45 am

കാലാവസ്ഥാ വ്യതിയാനം മൂലം വർധിക്കുന്ന താപനിലയും ആവർത്തിക്കുന്ന അതിതീവ്ര മഴയും കടൽപ്പെരുക്കങ്ങളും ഇന്ത്യയിലെ തീരദേശ നഗരങ്ങളെ വെള്ളപ്പൊക്ക ഭീഷണിയിലാഴ്ത്തിയിരിക്കുന്നു. ഇത് നഗരജീവിതത്തെയും ഉപജീവനമാർഗങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും അപകടത്തിലാക്കുന്നു. 1800 മുതൽ സമുദ്രനിരപ്പ് രാജ്യാന്തരതലത്തിൽ ശരാശരി 20 സെന്റീമീറ്ററോളം വർധിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രതിവർഷം 3.22 മില്ലിമീറ്റർ എന്ന നിരക്കിൽ ഉയരുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് ഒരു മീറ്റർ (100 സെന്റീമീറ്റർ) വരെ ഉയരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പ്രാദേശിക ജലനിരപ്പിനെ ബാധിക്കുന്ന സമുദ്ര പ്രവാഹങ്ങളിലെ വേഗതയും വ്യതിയാനങ്ങളും അനുസരിച്ച് ‘ആപേക്ഷിക ശരാശരി സമുദ്രനിരപ്പ്’ (ആർഎംഎസ്എൽ) പ്രാദേശികമായി വ്യത്യാസപ്പെടാം. 2100 ആകുമ്പോഴേക്കും ഇന്ത്യയിലെ തീരദേശ നഗരങ്ങളിൽ വിശാഖപട്ടണത്ത് 62 സെന്റിമീറ്ററിനും ഗുജറാത്ത് ഭവ്നഗറിൽ 87 സെന്റിമീറ്ററിനും ഇടയിൽ ആപേക്ഷിക ശരാശരി സമുദ്രനിരപ്പ്(ആർഎംഎസ്എൽ) ഉയരുമെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകൊയിസ്) 2025 ജൂലൈയിൽ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ആഗോളതാപനത്തിന്റെ അനന്തരഫലങ്ങളിൽ മുഖ്യമാണ് സമുദ്രനിരപ്പിന്റെ ഉയർച്ച. ഇത് തീരദേശ പ്രദേശങ്ങളുടെയും ദ്വീപുകളുടെയും നിലനില്പിന് ഭീഷണിയാണ്. കനത്ത മഴയുള്ള കാലാവസ്ഥയിൽ കൊടുങ്കാറ്റുകളും വേലിയേറ്റങ്ങളുമായി സംയോജിച്ച് തീരദേശ സമുദ്രനിരപ്പിൽ ക്രമത്തിൽ ഉയർച്ചകൾ വരുത്തി തീവ്രമായ സമുദ്രനിരപ്പ് (ഇഎസ്എൽ) ഉണ്ടാക്കും. മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവയുൾപ്പെടെയുള്ള മെട്രോപൊളിറ്റൻ നഗരങ്ങളെ തീവ്രമായ സമുദ്രനിരപ്പ് ബാധിക്കുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കും. കൂടുതൽ മാരകവുമാകും.

സമുദ്രനിരപ്പ് ഉയരുമ്പോഴുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് തീരദേശ നഗരങ്ങളെ സംരക്ഷിക്കുന്നതിന് ഇന്ത്യ അടിയന്തരമായി കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ അവസാനിപ്പിക്കണം. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം, കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ, പ്ലാസ്റ്റിക് ഉപയോഗം എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ. ഭൂമി 1.5 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടാകുന്നത് തടയുക എന്നതായിരുന്നു പാരിസ് കരാർ ലക്ഷ്യമിട്ടത്.

ഉദ്‌വമന തോത് അടിസ്ഥാനമാക്കി വിശാഖപട്ടണത്ത് ആർഎംഎസ്എൽ 40 സെന്റിമീറ്ററിനും 62 സെന്റിമീറ്ററിനും ഇടയിൽ വർധിക്കുമെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. ഗുജറാത്തിലെ ഭവ്നഗറിൽ 63 സെന്റിമീറ്ററിനും 87 സെന്റിമീറ്ററിനും ഇടയിൽ വർധിക്കും. വേലിയേറ്റം, കൊടുങ്കാറ്റ് തുടങ്ങിയ കാരണങ്ങളാൽ ഭവ്നഗറിന്റെ സമുദ്രനിരപ്പ് 87 സെന്റിമീറ്ററിനും 112 സെന്റിമീറ്ററിനും ഇടയിൽ ഉയരാനും സാധ്യതയുണ്ട്. ഓഗസ്റ്റിൽ പെയ്ത കനത്ത മഴ വിശാഖപട്ടണത്ത് കടുത്ത വെള്ളപ്പൊക്കത്തിന് കാരണമായി. തീരദേശ മണ്ണൊലിപ്പ് പതിവായതായി ജില്ലാ ദുരന്തനിവാരണ വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2030 മുതൽ 2100 വരെയുള്ള കാലയളവിൽ, സമുദ്രനിരപ്പ് അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ നഗരങ്ങൾ വെള്ളപ്പൊക്കക്കെടുതിയിൽ ആഴുമെന്ന് ഓഗസ്റ്റിൽ ഇന്ത്യയിലെയും യുഎഇയിലെയും ഗവേഷകർ പുറത്തിറക്കിയ ഒരു പ്രബന്ധത്തിൽ വ്യക്തമാക്കുന്നു. മുംബൈ അപകടകരമായ വെള്ളപ്പൊക്ക സാധ്യതകൾ നേരിടുന്നു. കൊൽക്കത്തയും സമാനമായ അപകടസാധ്യതകൾ നേരിടുന്നു. “ഹൂഗ്ലി നദിക്കും ബംഗാൾ ഉൾക്കടലിനും സമീപമുള്ള കൊൽക്കത്തയുടെ സ്ഥാനം നഗരത്തെ കടുത്ത വെള്ളപ്പൊക്ക ഭീഷണിക്ക് കാരണമാകുന്നു.

തീരദേശത്തെ താഴ്ന്ന പ്രദേശങ്ങൾക്കൊപ്പം നദീതീരങ്ങളിലും വലിയ വെള്ളപ്പൊക്കക്കെടുതി ഉണ്ടാകും, പഠനം ചൂണ്ടിക്കാട്ടി. ഉയർന്ന മലിനീകരണ തോത് ചെന്നൈ പട്ടണത്തിൽ അപകടകരമായ വെള്ളപ്പൊക്ക സാധ്യതകൾ ചൂണ്ടിക്കാട്ടുന്നു. രണ്ട് പ്രധാന മേഖലകളിലാണ് ഏറ്റവും ഉയർന്ന വെള്ളപ്പൊക്ക തീവ്രത പ്രവചിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് റോഡിലും നഗര ജലാശയ മേഖലയിലും. അതുപോലെ, വിശാഖപട്ടണത്തിന്റെ തീരപ്രദേശങ്ങളും അപകടസാധ്യത നേരിടുന്നു.
മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം അവയെ ദുർബലമാക്കുന്നു. “ഈ സ്ഥലങ്ങളിലെ സമുദ്രനിരപ്പ് മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഉയരും. മലിനീകരണ സാഹചര്യങ്ങൾ വർധിക്കുമ്പോൾ അപകടസാധ്യതയും ഉയരുന്നു,” ഗവേഷകർ അഭിപ്രായപ്പെടുന്നു. കാലാവസ്ഥാ സംബന്ധമായ സങ്കീർണതകൾക്കൊപ്പം വെള്ളപ്പൊക്ക പ്രശ്നങ്ങളും, മണ്ണൊലിപ്പ് ദുരിതങ്ങളും ഈ പട്ടണങ്ങൾ നേരിടേണ്ടിവരും. തുറമുഖ സംരക്ഷണ നടപടികളും ഡ്രെയിനേജ് സംവിധാനങ്ങളുടെ നവീകരണവും അടിയന്തരമായി നടപ്പിലാക്കണം. കടൽഭിത്തികളും കൊടുങ്കാറ്റ് സംരക്ഷണ സംവിധാനങ്ങളും ഉൾപ്പെടെ വെള്ളപ്പൊക്ക പ്രതിരോധം ഉടനടി നടപ്പിലാക്കേണ്ടതുണ്ട്.
ഇത്തരം നഗരങ്ങൾ വലിയ അപകടസാധ്യതകൾ നേരിടുന്നതിനാൽ, പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കാനുതകുന്ന അടിസ്ഥാന സൗകര്യങ്ങൾ അവരുടെ ദീർഘകാല നഗര ആസൂത്രണ സംവിധാനങ്ങളിൽ ഉൾപ്പെടുത്തണം. ഉയർന്ന അപകടസാധ്യതകൾ നിലനിൽക്കുന്ന തീരദേശ മേഖലകളിൽ അനധികൃത കെട്ടിട നിർമ്മാണത്തിൽ നിന്ന് ആളുകളെ തടയാൻ കൊൽക്കത്തയ്ക്കൊപ്പം മുംബൈയും സുസ്ഥിര നഗരവൽക്കരണ നയങ്ങൾ സ്വീകരിക്കണം. കൊച്ചി, മംഗളൂരു പോലുള്ള ഇടത്തരം അപകടസാധ്യതയുള്ള നഗരങ്ങൾ പ്രകൃതിദത്ത വെള്ളപ്പൊക്ക പ്രതിരോധങ്ങൾക്കൊപ്പം മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഗവേഷകർ ശുപാർശ ചെയ്യുന്നു.

നഗരങ്ങളോട് ചേർന്നുള്ള കടൽനിരപ്പ് ഉയരുന്നതിൽ ശ്രദ്ധയും, തീരദേശ വെള്ളപ്പൊക്കം നിയന്ത്രിക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തീരദേശ മണ്ണൊലിപ്പിന്റെ വെല്ലുവിളികളെ നേരിടാൻ ഒരു തീരദേശ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റവും (സിഎംഐഎസ്), കൊടുങ്കാറ്റ്, സുനാമികൾ മുതലായവയ്ക്കുള്ള മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ത്യൻ തീരത്തെ തീരദേശ മാറ്റങ്ങൾ ശ്രദ്ധിക്കുന്നതിന് നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചും (എൻസിസിആർ) പ്രവർത്തിക്കുന്നു.
2022 മാർച്ചിൽ ഇന്ത്യൻ തീരങ്ങളിലെ തീരദേശ മാറ്റങ്ങളുടെ ഒരു സ്റ്റാറ്റസ് റിപ്പോർട്ട് എൻസിസിആർ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ഇത് ഇന്ത്യയുടെ തീരപ്രദേശത്തെ ‘മണ്ണൊലിപ്പ്’, ‘മണ്ണ് അടിഞ്ഞുകൂടി തിട്ട രൂപപ്പെടുന്ന ഇടങ്ങൾ’, ‘സ്ഥിരതയുള്ള തീരങ്ങൾ’ എന്നിങ്ങനെ തരംതിരിച്ച് വിവരങ്ങൾ നൽകി. എന്നാൽ തീരദേശങ്ങളെയും ശുദ്ധജല സ്രോതസുകളെയും ഉപജീവനമാർഗങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, മുംബൈയിലെ തീരദേശത്ത് അനിയന്ത്രിതമായി വെള്ളമുയരുന്നത് തടയുന്നതിനായി, മഹാരാഷ്ട്ര സർക്കാരും മുംബൈയിലെ പൗരസമിതിയും ചേർന്ന് മുംബൈ കാലാവസ്ഥാ പ്രവർത്തന പദ്ധതിക്ക് 2022ൽ തന്നെ തുടക്കമിട്ടു.

“തീരദേശ വെള്ളപ്പൊക്കത്തിനായി പ്രവർത്തിക്കാൻ ആവശ്യമായ സാങ്കേതികവിദ്യ പക്കലുണ്ട്, പക്ഷേ അത് നടപ്പിലാക്കണം,” ഐഐടി ബോംബെയിലെ പ്രൊഫസറും എഴുത്തുകാരനുമായ സുബിമൽ ഘോഷ് പറഞ്ഞു. മുംബൈ പോലുള്ള നഗരങ്ങൾക്ക് മുന്നറിയിപ്പ് സംവിധാനങ്ങൾ, വെള്ളം ഒഴുകിപ്പോകുന്ന വഴികളിലൂണ്ടാകുന്ന വർധനവ്, അങ്ങനെയുണ്ടായാൽ നടപ്പിലാക്കേണ്ട പുനർരൂപകല്പന, ശേഷി വികസിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ എന്നിവ ആവശ്യമാണ്. ആളുകൾക്ക് വിവരങ്ങൾ നൽകുന്നതിന് ശക്തമായ ഒരു വെള്ളപ്പൊക്ക നിരീക്ഷണ സംവിധാനവും വേണം.
“ഓരോ സാഹചര്യത്തിലും എന്തുചെയ്യണമെന്നതിനെക്കുറിച്ചുള്ള ഒരു സ്റ്റാൻഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമം ഉണ്ടായിരിക്കണം,” ഘോഷ് പറഞ്ഞു. നഗരങ്ങൾക്കായുള്ള പ്രത്യേക വിശദാംശങ്ങളോടെ ഭാവിയിലെ സമുദ്രനിരപ്പ് ഉയരുമെന്ന് പ്രവചിക്കുന്ന ദീർഘകാല മാതൃകകൾ നിലവിൽ വളരെയധികം അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ ഉണ്ടാകണം. പല പഠനങ്ങളും ഇത് അംഗീകരിച്ചിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.