22 January 2026, Thursday

Related news

January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 10, 2026

തെരഞ്ഞെടുപ്പില്‍ വീണ്ടും തലപൊക്കി; ഇഡിയുടെ വിരട്ടല്‍

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ്
കിഫ്ബി മസാലബോണ്ടിന്റെ പേരില്‍ 
Janayugom Webdesk
കൊച്ചി/തിരുവനന്തപുരം
December 1, 2025 9:45 pm

തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും നോട്ടീസുമായി കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രംഗത്ത്. കിഫ്ബിയുമായി ബന്ധപ്പെട്ടുള്ള മസാലബോണ്ടിന്റെ പേരിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും നോട്ടിസ് നല്‍കിയിരിക്കുന്നത്.

വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ (ഫെമ) ലംഘിച്ചു എന്നു കണ്ടെത്തിയാണ് ഇഡി അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ഇതിന്റെ വിശദീകരണം ലഭിച്ചശേഷമായിരിക്കും തുടര്‍നടപടികളെന്നും ഇഡി വൃത്തങ്ങള്‍ പറയുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ടോ പ്രതിനിധി വഴിയോ അഭിഭാഷകന്‍ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നല്‍കിയാൽ മതിയാകും. 

കിഫ്ബി ധനസമാഹരണം ലക്ഷ്യമിട്ടാണ് കേരളം മസാല ബോണ്ട് സമാഹരണം നടത്തിയിരുന്നത്. ഈ ഇടപാടില്‍ ഫെമ നിയമം ലംഘിച്ചു എന്ന് ഇ ഡി കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

2019ല്‍ 9.72 ശതമാനം പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ട് ഇറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. ഈ വിഷയത്തില്‍ ധനകാര്യമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കിനെതിരെ നേരത്തെ നിരവധി തവണ ഇഡി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2020ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പ് കാലത്താണ് ബന്ധപ്പെട്ടാണ് മസാലബോണ്ട് സംബന്ധിച്ച ആദ്യ നോട്ടീസ് വരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇത് സംബന്ധിച്ച വാര്‍ത്തകളും മറ്റും ചോര്‍ത്തി നല്‍കി ഇഡി വേട്ട ഉച്ചസ്ഥായിയിലായി. 

അതിനുശേഷം, കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്തായിരുന്നു കിഫ്ബിയുടെ പേരില്‍ നോട്ടീസുമായി ഇഡിയുടെ രംഗപ്രവേശം. കുടുംബാംഗങ്ങളുടെ അടക്കം ബാങ്ക് രേഖകളുമായി ഹാജരാകണമെന്നും ആവശ്യപ്പെട്ടു. ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കോടതിയും ചോദിച്ചത് എന്തിനാണ് തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നതെന്നായിരുന്നു.അതിന് മറുപടിയില്ലാതെ മുങ്ങുകയായിരുന്നു ഇഡിയുടെ അഭിഭാഷകന്‍. അതിനുശേഷം ഇപ്പോഴാണ് ഇഡി പുതിയ നോട്ടീസുമായി രംഗത്തിറങ്ങിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.