18 January 2026, Sunday

Related news

January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 13, 2026
January 12, 2026
January 8, 2026
January 7, 2026
January 6, 2026

പ്രചാരണം അവസാന ഘട്ടത്തില്‍; ഐക്യത്തോടെ മുന്നോട്ട്

സ്വന്തം ലേഖിക
ആലപ്പുഴ
December 2, 2025 8:53 pm

തദ്ദേശതെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം. പ്രചാരണം മൂർധന്യത്തിലാണ്. തെരഞ്ഞെടുപ്പിന്റെ പോരാട്ട ചിത്രം തെളിഞ്ഞപ്പോൾ എൽഡിഎഫ് സ്ഥാനാർഥികൾ ഐക്യത്തോടെ പ്രചാരണത്തിൽ ഏറെ മുന്നിലാണ്. യുഡിഎഫും ബിജെപിയും രംഗത്തുണ്ട്. ഡിവിഷൻ, ബൂത്ത് കൺവൻഷനുകൾ പൂർത്തീകരിച്ച എൽഡിഎഫ് കുടുംബസംഗമങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. സ്ഥാനാർഥികൾ വീടുകളിൽ രണ്ടുറ‍ൗണ്ട് സന്ദർശനം പൂർത്തിയാക്കി. കൺവെൻഷനുകളിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഐഎംസംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററും പങ്കെടുത്തതോടെ എൽഡിഎഫ് പ്രചാരണവും ആവേശവും പതിൻമടങ്ങായി. എൽഡിഎഫ് ഡിവിഷൻ റാലിയും പൊതുസമ്മേളനങ്ങളും പുരോഗമിക്കുകയാണ്. യുഡിഎഫ് റിബലുകൾ ശക്തമായി രംഗത്തുണ്ട്. എല്ലാവരും ഉറ്റുനോക്കുന്ന ജില്ലാ പഞ്ചായത്തിൽ ആദ്യം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയ എൽഡിഎഫ് വികസനം പറഞ്ഞ് മുന്നേറുന്നു. അഞ്ച് വർഷത്തിനിടെ നാടിന്റെ മുക്കിലും മൂലയിലുമെത്തിയ വികസനപദ്ധതികൾ എണ്ണിയെണ്ണി പറഞ്ഞാണ് പ്രചാരണം. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനവും കരുത്തായിട്ടുണ്ട്. എടുത്തുപറയാൻ വിഷയമില്ലാതെ ഉഴലുകയാണ് യുഡിഎഫും എൻഡിഎയും. വിമതശല്യവും അതിനിടിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിലും യുഡിഎഫ് പതറുന്നുണ്ട്. എൻഡിഎയിലും സമാന അവസ്ഥ തന്നെയാണ്.
വിമർശനത്തിന് തെല്ലുപോലും ഇടനൽകാതെയുള്ള പ്രവർത്തനമായിരുന്നു ജില്ലാ പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതിയുടേത്. യുഡിഎഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം അവസാനനിമിഷത്തിലായിരുന്നു. അവരുടെ പ്രചാരണത്തിനുള്ള ഒരുക്കങ്ങളെ അത് ബാധിച്ചു. മുസ്ലിംലീഗിനും കേരള കോൺഗ്രസിനും നൽകിയ സീറ്റ് ജയസാധ്യതയില്ലാത്തതിനാൽ പ്രതിഷേധിച്ച് കോൺഗ്രസിന് തിരികെ നൽകിയത് തുടക്കത്തിലേ നാണക്കേടായി. 

എൽഡിഎഫ് ഒറ്റക്കെട്ട് സ്ഥാനാർഥികളുടെ ജനപ്രീതിയും സംശുദ്ധരാഷ്ട്രീയവും എൽഡിഎഫിന് കരുത്താകുന്നുണ്ട്. എൽഡിഎഫ് ഇത്തവണ നഗരസഭകളിലും ബ്ലോക്കുകളിലും ജില്ലാ പഞ്ചായത്തിലും ഗ്രാമപഞ്ചായത്ത് വാർഡുകളിലും കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നുണ്ട്. എൽഡിഎഫ് ഡിവിഷൻ കൺവൻഷനുകൾ ആവേശകരമായി നടന്നു. കുട്ടനാട് മുതൽ കടലോരം വരെയുള്ള പ്രദേശങ്ങളിൽ അഞ്ചുവർഷത്തിനിടെ ജില്ലാ പഞ്ചായത്ത് നിരവധി പദ്ധതികൾ വിജയകരമായി നടപ്പാക്കി. ലൈഫ് ഭവനപദ്ധതിയിൽ വീടിനായി പരമാവധി തുക വിനിയോഗിച്ചു. കരൾമാറ്റ ശസ്ത്രക്രിയ നടത്തിയവർക്ക് സ‍ൗജന്യമായി മരുന്നുകൾ നൽകുന്ന പുനർജനി പദ്ധതി, ആംബുലൻസ് സേവനം, തെരുവുനായ നിയന്ത്രണ പദ്ധതികൾ, ചെങ്ങന്നൂരിൽ കുടുംബശ്രീ കഫേ, സ്കൂളുകളിൽ നാപ്കിൻ വെൻഡിങ് മെഷീൻ, ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്കൂട്ടർ വിതരണം തുടങ്ങി എല്ലാ മേഖലയിലുമെത്തുന്ന പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കിയത്. ഭരണസമിതിയെ പ്രതിപക്ഷ അംഗങ്ങൾ തന്നെ പരസ്യമായി അഭിനന്ദിച്ചിരുന്നു. ഐക്യത്തോടെ അഞ്ചുവർഷം ജില്ലാ പഞ്ചായത്തിനെ നയിക്കാൻ ഭരണസാരഥികൾക്ക് കഴിഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.