21 January 2026, Wednesday

സഞ്ചാർ സാഥി ആപ്പ് ഉയര്‍ത്തുന്ന ഭീഷണി

സൗമശ്രീ സര്‍ക്കാര്‍
December 3, 2025 4:40 am

രേന്ദ്ര മോഡി സർക്കാർ, രാജ്യത്ത് നിര്‍മ്മിക്കുന്ന എല്ലാ മൊബെെല്‍ ഫോണുകളിലും സ്വന്തം സൈബർ സുരക്ഷാ ആപ്പായ സഞ്ചാർ സാഥി ഇൻസ്റ്റാൾ ചെയ്യണമെന്നും ഉപയോക്താക്കൾക്ക് അത് ഡിലീറ്റ് ചെയ്യാന്‍ കഴിയില്ലെന്ന് ഉറപ്പാക്കണമെന്നും നിർബന്ധമാക്കിയ വാർത്ത സ്വാഭാവികമായും പൗരന്മാരുടെ സ്വകാര്യതയെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾക്ക് വഴിയൊരുക്കുന്നു. ഇത് ഒരു ‘ഓർവെല്ലിയൻ നിരീക്ഷണ നടപടി’ (സ്വതന്ത്രവും തുറന്നതുമായ സമൂഹത്തിന് വിനാശകരമായത്) ആണെന്ന് പലരും പറഞ്ഞു. നമ്മുടെ ഓരോ നീക്കവും സർക്കാരിന് ട്രാക്ക് ചെയ്യാനുള്ള സ്വേച്ഛാധികാര ഉപകരണമാണത് എന്നും ചൂണ്ടിക്കാട്ടി. നിയമം അനുസരിക്കുന്ന പൗരന്മാര്‍ക്ക് അവരുടെ സർക്കാരിൽ നിന്ന് ഒന്നും മറയ്ക്കാനില്ല എന്ന് പറഞ്ഞുകൊണ്ട് ചില പാരമ്പര്യവാദികൾ സഞ്ചാർ സാഥി ആപ്പ് അടിച്ചേല്പിക്കുന്നതിനെ ന്യായീകരിക്കുന്നു. അത് തീർച്ചയായും വിലപ്പെട്ട ഒരു വികാരമാണ്. സ്വകാര്യത മൗലികാവകാശമാണെന്ന് പുട്ടസ്വാമി കേസില്‍ സുപ്രീം കോടതിയുടെ വിധി ഉണ്ടായിരുന്നിട്ടും, നമ്മുടെ ഡാറ്റ എടുത്ത സാഹചര്യങ്ങളിലെല്ലാം സര്‍ക്കാരിന് അത് സൂക്ഷിക്കാനും സംരക്ഷിക്കാനും കഴിഞ്ഞോ എന്ന ചോദ്യവും ഉയർന്നുവരുന്നു. ഈ വിഷയത്തിൽ ശരാശരി ഇന്ത്യക്കാരന്റെ വിശ്വാസം വളരെ ദുര്‍ബലമായതിനാൽ ഡാറ്റാ ചോർച്ച ഇപ്പോൾ ആശങ്കാജനകമായ കാര്യമല്ല. 375 ജില്ലകളിലെ പ്രാദേശികതലങ്ങളില്‍ നടത്തിയ സർവേയിൽ പങ്കെടുത്ത 36,000 പേരിൽ 87% പേരും പറഞ്ഞത്, തങ്ങളുടെ ഒന്നോ അതിലധികമോ വ്യക്തിഗത വിവരങ്ങൾ ഇതിനകം തന്നെ പൊതുസഞ്ചയത്തിലോ അല്ലെങ്കിൽ അപഹരിക്കപ്പെട്ട ഡാറ്റാബേസുകളിലോ ഉണ്ടെന്നാണ്. 2025ന്റെ ആദ്യ പാദത്തിൽ, റാൻസംവെയർ ലക്ഷ്യമിടുന്ന അഞ്ച് പ്രധാന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ ഉയർന്നതായും, ആക്രമണങ്ങളിൽ വർഷം തോറും 126% വർധനവ് ഉണ്ടായതായും ഒരു റിപ്പോർട്ട് പുറത്തുവന്നു. 2024ൽ സൈബർ കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്ന രണ്ടാമത്തെ രാജ്യമായി ഉയർന്നുവന്നതായും, യുഎസ് മാത്രമാണ് മുന്നിലെന്നും മറ്റൊരു റിപ്പോർട്ട് കണ്ടെത്തി. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ 2022ൽ 10.29 ലക്ഷം ആയിരുന്നത് 2024ൽ 22.68 ലക്ഷമായി ഉയർന്നുവെന്ന് കേന്ദ്ര സർക്കാർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

സർക്കാരിന്റെ കൈവശമുള്ള ഡാറ്റ അപഹരിക്കപ്പെട്ടതായി കണ്ടെത്തിയ ചില ശ്രദ്ധേയമായ സംഭവങ്ങൾ പരിശോധിക്കാം. 2018ൽ, 100 കോടി ആധാർ നമ്പറുകളുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങളിലേക്ക് അനിയന്ത്രിതമായ പ്രവേശനം ലഭ്യമാക്കുന്നതിനായി തങ്ങളുടെ റിപ്പോർട്ടർ വാട്ട്‌സ്ആപ്പ് വഴി ഒരു ഏജന്റിന് പണം നൽകിയതായി ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. ആ വിശദാംശങ്ങൾ 500 രൂപയ്ക്ക് പോലും വിറ്റിരുന്നു. പേരുകൾ, ടെലിഫോൺ നമ്പറുകൾ, വീട്ടുവിലാസങ്ങൾ തുടങ്ങിയ വിവരങ്ങളടങ്ങിയ ആധാർ ഡാറ്റാബേസിലേക്കുള്ള ലോഗിൻ ക്രെഡൻഷ്യലുകൾ വാങ്ങാൻ ദി ട്രിബ്യൂണിന്റെ റിപ്പോർട്ടർക്ക് കഴിഞ്ഞു. 300 രൂപ കൂടി നൽകിയാൽ, നമ്പരുള്ള ഏത് ആധാർ കാർഡും പ്രിന്റ് ചെയ്യാൻ അനുവദിക്കുന്ന സോഫ്റ്റ്‌വേറും ലഭ്യമായിരുന്നു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഓഫ് ഇന്ത്യ (യുഐഡിഎഐ) പറഞ്ഞത് ബയോമെട്രിക് വിശദാംശങ്ങൾ സുരക്ഷിതമാണെന്നും ഇത് ഡാറ്റ ദുരുപയോഗത്തിന്റെ ഒറ്റപ്പെട്ട ഒരു കേസ് മാത്രമാണ് എന്നുമായിരുന്നു. റിപ്പോർട്ട് പ്രസിദ്ധീകരിച്ച് രണ്ട് ദിവസത്തിന് ശേഷം, 2018 ജനുവരി അഞ്ചിന്, യുഐഡിഎഐയുടെ പരാതി പരിഹാര വകുപ്പിലെ ബി എം പട്നായിക്, റിപ്പോർട്ടിൽ പരാമർശിച്ചിരുന്ന അനിൽ കുമാർ, സുനിൽ കുമാർ എന്നിവർക്കെതിരെയും മറ്റ് രണ്ട് പേർക്കെതിരെയും പരാതി നൽകി. യുഐഡിഎഐയുടെ കൈവശമുള്ള ഡാറ്റയിലേക്ക് ആക്സസ് ലഭിക്കുന്നതിനായി റിപ്പോർട്ടർ രണ്ട് “ഏജന്റുമാരിൽ” നിന്നും സേവനം വാങ്ങിയതായി ആരോപിച്ചു. ഈ വിഷയം അന്വേഷിച്ച ഡൽഹി ക്രൈം ബ്രാഞ്ച്, കൂടുതൽ അന്വേഷിക്കാൻ മതിയായ തെളിവുകളില്ലെന്ന് വ്യക്തമാക്കി, കേസ് അവസാനിപ്പിക്കുന്നതായി 2021ൽ ഡൽഹി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. 2023ലെ കോവിൻ ഡാറ്റാ ലംഘനം രാജ്യത്ത് ഇത്തരത്തിലെ ഏറ്റവും വലിയ ഒന്നായിരുന്നു. കോവിഡ് 19 വാക്സിനേഷൻ എടുത്ത ഇന്ത്യക്കാരുടെ ഡാറ്റ, ടെലിഗ്രാമിൽ കോവിൻ ആപ്പിൽ നിന്നും പോർട്ടലിൽ നിന്നും ലഭ്യമാക്കിയതായി റിപ്പോർട്ടുകൾ പറഞ്ഞു. വാക്സിൻ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും കോവിഡ് സംഭവങ്ങൾ ട്രാക്ക് ചെയ്യാനും മോഡി സർക്കാർ കോവിന്‍ ഓൺലൈൻ പ്ലാറ്റ്‌ഫോമില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ടെലിഗ്രാം ലഭ്യമാക്കിയ വിവരങ്ങളിൽ പേര്, ലിംഗം, ജനനത്തീയതി, ആധാർ നമ്പർ, പാൻ കാർഡ് നമ്പർ, പാസ്‌പോർട്ട് നമ്പർ, വോട്ടർ ഐഡി കാർഡ് നമ്പർ, വാക്സിനേഷൻ നൽകിയ സെന്റർ എന്നിവ ഉൾപ്പെടുന്നു.

എന്നാല്‍ എല്ലാ റിപ്പോർട്ടുകളും യാതൊരു അടിസ്ഥാനവുമില്ലാത്തതും ദുരുപദിഷ്ടവുമാണെന്ന് സർക്കാർ പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ പോർട്ടൽ “ഡാറ്റയുടെ സ്വകാര്യതയ്ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളോടെ പൂർണമായും സുരക്ഷിതമാണ്” എന്നും അവകാശപ്പെട്ടു. കോവിൻ പോർട്ടലിലെ സുരക്ഷാ നടപടികൾ — വെബ് ആപ്ലിക്കേഷൻ ഫയർവാൾ, ആന്റി-ഡിഡിഒഎസ്, എസ്എസ്എൽ/ടിഎൽഎസ്, ഐഡന്റിറ്റി, ആക്സസ് മാനേജ്മെന്റ്, ഒറ്റത്തവണ പാസ്‌വേഡ് സംവിധാനം എന്നിവയോടൊപ്പം ഇത് പട്ടികപ്പെടുത്തിയിട്ടുണ്ട്. ആ വർഷം അവസാനം, പാർലമെന്റിൽ ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് മറുപടിയായി, ആരോഗ്യ സഹമന്ത്രി എസ് പി സിങ് ബാഗേൽ പറഞ്ഞത്, “കോവിൻ ഗുണഭോക്തൃ ഡാറ്റാബേസിൽ നിന്ന് ‘ബൾക്ക് ഡാറ്റ’ ഡൗൺലോഡ് ചെയ്തിട്ടില്ല” എന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം പറഞ്ഞിട്ടുണ്ട് എന്നാണ്. ആറ് മാസം മുമ്പ് സർക്കാർ നടത്തിയ പ്രസ്താവനയിയിലെ സുരക്ഷാ നടപടികൾ അതേപടി ബാഗേൽ പട്ടികപ്പെടുത്തി. ബൾക്ക് ഡാറ്റ ഡൗൺലോഡ് ചെയ്തിട്ടില്ലെങ്കിലും, ഏതെങ്കിലും ഡാറ്റ ചോര്‍ന്നിട്ടുണ്ടോ എന്ന് പ്രതികരണത്തില്‍ വ്യക്തമാക്കിയില്ല. 2023ൽ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ വെബ്‌സൈറ്റിൽ നിന്ന് 81 കോടിയിലധികം ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുത്ത് 80,000 ഡോളറിന് ഡാർക്ക് വെബിൽ വില്പനയ്ക്ക് വച്ചു. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി), ഐസിഎംആർ, കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിവ കോവിഡ്-19 പരിശോധനകളിൽ ശേഖരിച്ച ഡാറ്റയിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. ആ വർഷം ഫെബ്രുവരി മുതൽ ഐസിഎംആർ ഒന്നിലധികം സൈബർ ആക്രമണ ശ്രമങ്ങൾ നേരിടുന്നുണ്ടെന്നും കേന്ദ്ര ഏജൻസികൾക്കും കൗൺസിലിനും ഇതിനെക്കുറിച്ച് അറിയാമായിരുന്നു എന്നും ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ഐസിഎംആർ സെർവറുകൾ ഹാക്ക് ചെയ്യാൻ 6,000ത്തിലധികം ശ്രമങ്ങൾ നടന്നുവെന്നാണ് റിപ്പോർട്ട് പറഞ്ഞത്. ഇത് എന്തുകൊണ്ട് സമയബന്ധിതമായി കാര്യങ്ങൾ ചെയ്തില്ല എന്ന ചോദ്യത്തിലേക്ക് നയിക്കുന്നു.

“ശരിയായ സുരക്ഷയ്ക്കായി, പൗരന്മാർക്ക് സ്വകാര്യത നൽകേണ്ടതുണ്ട്. പകരം, ഡാറ്റ സംരക്ഷണത്തിന്റെ കാര്യത്തിൽ മാത്രമാണ് ഞങ്ങൾ സുരക്ഷ വാഗ്ദാനം ചെയ്യുന്നത്. സൈബർ സുരക്ഷാ പ്രവർത്തനങ്ങൾക്കായി യഥാർത്ഥ വിഭവങ്ങളൊന്നും അനുവദിക്കാതെയുള്ള ഡാറ്റ സംരക്ഷണമെന്ന വാഗ്ദാനം പോലും തെറ്റാണ്”- ഹാക്കറായ ശ്രീനിവാസ് കോഡാലി ദി വയറിൽ എഴുതിയിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഒരു വാര്‍ത്താക്കുറിപ്പിൽ “ചില വെബ്‌സൈറ്റുകൾ ഇന്ത്യൻ പൗരന്മാരുടെ ആധാർ, പാൻ കാർഡ് വിശദാംശങ്ങൾ ഉൾപ്പെടെയുള്ള സെൻസിറ്റീവ് വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങൾ വെളിപ്പെടുത്തുന്നത്” ശ്രദ്ധയിൽപ്പെട്ടതായി പറഞ്ഞു. എന്നാല്‍ ഈ വിവരങ്ങൾ എത്രത്തോളം തുറന്നുകാട്ടപ്പെട്ടു, എത്ര പേരെ ബാധിച്ചു എന്നതിന്റെ വിശദാംശങ്ങൾ നൽകിയില്ല. സർക്കാർ ഇത് ഗൗരവമായി എടുത്തിട്ടുണ്ടെന്നും സുരക്ഷിതമായ സൈബർ സുരക്ഷാ രീതികൾക്കും വ്യക്തിഗത ഡാറ്റയുടെ സംരക്ഷണത്തിനും ഉയർന്ന മുൻഗണന നൽകുമെന്നും അവകാശപ്പെടുക മാത്രമാണ് ചെയ്തത്.
(ദ വയര്‍)

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.