22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 13, 2026

രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി ; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Janayugom Webdesk
തിരുവനന്തപുരം
December 4, 2025 2:33 pm

ബലാത്സംഗകേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കനത്ത തിരിച്ചടി. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായിരുന്നു. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണിപ്പോള്‍ ജാമ്യം തള്ളിയുള്ള സുപ്രധാന വിധി. ഇന്നലെയും ഇന്നും രാഹുലിന്റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്‍റെയും വാദം നടന്നിരുന്നു.

അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്. രാഹുലിന്‍റെ അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന ആവശ്യം. എന്നാൽ, പ്രതിഭാഗത്തിന്‍റെ വാദം തള്ളികൊണ്ടാണിപ്പോള്‍ മുൻകൂര്‍ ജാമ്യം നിഷേധിച്ചത്.രണ്ടു ബലാത്സംഗ കേസുകളാണ് രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ന് വാദം നടന്നപ്പോള്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത ബലാത്സം കേസിനെ എതിര്‍ത്തും പ്രതിഭാഗം വാദിച്ചു. മുൻകൂര്‍ ജാമ്യാപേക്ഷ തടയാൻ മനപ്പൂര്‍വം കെട്ടിച്ചമച്ച കേസാണിതെന്നാണ് പ്രതിഭാഗം വാദിച്ചത്. ആരാണ് പരാതിക്കാരിയെന്നുപോലും അറിയാത്ത വ്യാജ പരാതിയാണെന്നാണ് രാഹുലിന്റെ വാദം. ഇതിനിടെ, ഇന്ന് 25 മിനുട്ട് നീണ്ടുനിന്ന വാദത്തിനിടെ രാഹുലിനെതിരെ മറ്റൊരു തെളിവുകൂടി പ്രോസിക്യൂഷൻ ഹാജരാക്കി. 

ഇരുവരും തമ്മിലുള്ള ചാറ്റിന്‍റെ സ്ക്രീൻ ഷോട്ടാണ് ഹാജരാക്കിയത്. പീഡനത്തിനും നിര്‍ബന്ധിച്ചുള്ള ഗര്‍ഭഛിദ്രത്തിനും തെളിവുണ്ടെന്നും രാഹുൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പ്രോസിക്യൂഷന്‍റെ വാദം. നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗര്‍ഭധാരണത്തിന് ആവശ്യപ്പെട്ടശേഷം നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. അശാസ്ത്രീയ ഗര്‍ഭചിത്രം മൂലം യുവതിയുടെ ജീവൻ അപകടത്തിലായെന്ന ഡോക്ടറുടെ നിര്‍ണായക മൊഴിയും പ്രോസിക്യൂഷൻ ഹാജരാക്കി. 

പ്രതിക്ക് ജാമ്യം നൽകരുതെന്നും സമാനമായ കുറ്റകൃത്യത്തിലേര്‍പ്പെടുന്നയാളാണെന്നും തെളിവ് നശിപ്പിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. രാഹുൽ ഒളിവിലാണെന്ന കാര്യവും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. രാഹുൽ യുവതിയുടെ ഫ്ലാറ്റിലെത്തി ആത്മഹത്യാഭീഷണി മുഴക്കി സമ്മര്‍ദം ചെലുത്തിയതിനെതുടര്‍ന്നാണ് രാഹുലിന്റെ സുഹൃത്തായ ജോബിയിൽ നിന്ന് ഗുളിക വാങ്ങേണ്ടിവന്നതെന്നാണ് യുവതിയുടെ മൊഴിയെന്നും ഉഭയസമ്മതപ്രകാരമായിരുന്നില്ല ലൈംഗിക ബന്ധമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഗുളിക കൊണ്ടുവരാൻ പെൺകുട്ടി ആവശ്യപ്പെടുന്ന ഓഡിയോ പ്രതിഭാഗം കോടതിയിൽ കൈമാറിയുന്നു. ഇതിന് മറുപടിയായിട്ടാണ് രാഹുൽ ആത്മഹത്യാഭീഷണി മുഴക്കിയ കാര്യം പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.