22 January 2026, Thursday

മോഡിയുടെ പ്രഘോഷണവും രാഷ്ട്രീയ യാഥാർത്ഥ്യവും

സഞ്ജയ് കെ ഝാ
December 5, 2025 4:40 am

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രാഷ്ട്രീയത്തിന്റെ പര്യായമാണ് അതിശയോക്തിയുടെ പ്രഘോഷണം. എത്ര ആകർഷകമായ വാചാലതയുണ്ടെങ്കിലും പ്രധാനമന്ത്രി ഔചിത്യബോധം കാണിക്കണമെന്ന് കരുതുന്നുവെങ്കില്‍, മോഡി പ്രതിഭാസം എന്തെന്ന് നിങ്ങൾക്ക് മനസിലായിട്ടില്ല. മോഡിയുടെ ഡൽഹിയിലെ സിംഹാസനാരോഹണം ഇന്ത്യൻ രാഷ്ട്രീയം അനുഭവിച്ചിരുന്ന എല്ലാ ദുരന്തങ്ങൾക്കും അറുതിവരുത്തുമെന്നും, എല്ലാവർക്കും അച്ഛേ ദിൻ സമ്മാനിക്കുമെന്നും നമ്മോട് പറഞ്ഞിരുന്നു. നോട്ട് നിരോധനം, കള്ളപ്പണം, ഭീകരവാദ ഫണ്ടിങ്, വ്യാജ കറൻസി എന്നിവയ്ക്ക് തിരശീല വീഴ്ത്തുമെന്ന് കരുതിയിരുന്നു. മേക്ക്-ഇൻ-ഇന്ത്യ ഒരു നിർമ്മാണ വിപ്ലവത്തിന് തുടക്കമിടുമെന്നും. പുതിയ പാർലമെന്റ് മന്ദിരത്തിൽ ‘പവിത്രമായ ചെങ്കോല്‍’ സ്ഥാപിക്കുന്നത് ജ്ഞാനത്തിന്റെയും നീതിയുടെയും തരംഗങ്ങൾ ഇളക്കിവിടുമെന്ന് വിളംബരം ചെയ്തിരുന്നു. കുംഭമേളയ്ക്ക് ശേഷമുള്ള ‘ആധുനിക ബോധം’ അടിമത്ത മാനസികാവസ്ഥ തകർക്കുകയും ഭാവിനൂറ്റാണ്ടുകൾക്ക് അടിത്തറ പാകുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. അയോധ്യയിലെ രാമക്ഷേത്ര സമർപ്പണത്തിന്റെ പവിത്രമായ നിമിഷം രാജ്യത്തെ, ‘ദിവ്യ ഭാരത’മെന്ന പുതിയ ഒരു യുഗത്തിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു. ഭാവനകൾ കാടുകയറി, മോഡിയെ ലോകത്തിന് മുകളിൽ “വിശ്വഗുരു” ആയി പ്രതിഷ്ഠിക്കുകയും ചെയ്തു.

അതിശയോക്തിയുടെ മാന്ത്രികനാണ് മോഡി. അദ്ദേഹത്തിന്റെ ആകർഷകമായ ആഖ്യാനങ്ങൾ തങ്ങളുടെ ജീവിതത്തിലെ നിരാശയെ ഇല്ലാതാക്കിയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. രാമക്ഷേത്രത്തിൽ ‘ധർമ്മ ധ്വജ’മുയർത്തിയതിന്റെ പുണ്യവേളയിൽ മോഡി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ വീണ്ടും അതിശയോക്തിയുടെ ആലിപ്പഴം പൊഴിച്ചു. “ഇന്ന് ലോകം മുഴുവൻ രാമനാൽ നിറഞ്ഞിരിക്കുന്നു” എന്ന് മോഡി പ്രഖ്യാപിച്ചു. തിടുക്കത്തിൽ സംഘടിപ്പിച്ച പരിപാടിയെക്കുറിച്ച് ഇന്ത്യ മുഴുവനും, എന്തിന് ഉത്തർപ്രദേശ് പോലും അറിഞ്ഞിരുന്നില്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞില്ല. “സത്യം ധര്‍മ്മത്തില്‍ അധിഷ്ഠിതമാണ്” — അദ്ദേഹം പറഞ്ഞു. ഭരണസംവിധാനം ഭഗവാൻ രാമനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹത്തിന്റെ ആദർശങ്ങൾ സ്വാംശീകരിക്കണമെന്ന് നിര്‍ദേശിച്ചു. രാമൻ നീതിക്കും ത്യാഗത്തിനും വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഉദ്ഘോഷിച്ചു. ‘മോഡി വാഹനം’ ഒടുവിൽ അതിന്റെ പാത മാറ്റുകയും രാമന്‍ കാണിച്ച പാതയിലൂടെ സഞ്ചരിക്കുകയും ചെയ്യുമെന്ന് രാഷ്ട്രം പ്രതീക്ഷിക്കണോ? 

തന്റെ ഇളയ സഹോദരൻ എന്ന് വിശേഷിപ്പിച്ച ബാഗേശ്വർ ധാം ‘ബാബ’, ധീരേന്ദ്ര ശാസ്ത്രി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മോഡി പ്രവർത്തിക്കുക എന്ന കാര്യത്തിൽ സംശയത്തിനിടമില്ല. രാംദേവിനെയും കാവി വസ്ത്രധാരികളായ മറ്റ് ആൾദൈവങ്ങളെയും മറന്നേക്കൂ, ഇനി മുതൽ മോഡി രാമനെ മാത്രം പിന്തുടരും. സത്യത്തിലും ധാർമ്മികതയിലും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ, ഇപ്പോൾ പ്രധാനമന്ത്രിയെ സമീപിക്കുക. വിശുദ്ധിയുടെ പ്രതീകമായ സീതയെ തന്റെ രാജ്യത്തുനിന്ന് പുറത്താക്കി, ഒരു സാധാരണ മനുഷ്യന്റെ മണ്ടന്‍ സംശയങ്ങൾക്ക് മറുപടി നൽകിയ ശ്രീരാമനെപ്പോലെ, മോഡിയും സത്യസന്ധതയുടെ ഉന്നത നിലവാരം പ്രകടിപ്പിക്കും. രാഹുൽ ഗാന്ധി, തെരുവുകളിൽ ‘വോട്ട്-ചോരി’ എന്ന് അലറുന്നത് നിർത്തി മോഡിയുടെ അടുത്തേക്ക് പോകുക, താങ്കൾക്ക് നീതി ലഭിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ സംശയം തോന്നേണ്ടതില്ല, പ്രധാനമന്ത്രിയിൽ നിന്ന് മാന്യമായ ഇടപെടല്‍ തേടുക. ഇന്ത്യയെ നയിക്കുന്ന ചെങ്കോല്‍, കുംഭമേള, അയോധ്യാനന്തര ബോധം എന്നിവയെക്കുറിച്ച് മാന്യമായ ഒരു കത്തിലൂടെ അദ്ദേഹത്തെ ഓർമ്മിപ്പിക്കുക. ഭ്രാന്തമായ അധികാരദാഹത്താൽ നയിക്കപ്പെടുന്ന ഒരു രാഷ്ട്രീയക്കാരനെപ്പോലെയല്ല, ‘രാമന്റെ ആദർശങ്ങളുടെ’ ആത്മാവിൽ പ്രധാനമന്ത്രി പ്രതികരിക്കുമെന്ന് പ്രതീക്ഷ വളർത്താം.
ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ് വഹിക്കുന്ന ആനയുമായി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഒരു ഘോഷയാത്ര നടത്തുന്നത് സങ്കല്പിക്കുക. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരു രാഷ്ട്രീയക്കാരന് മറ്റെന്താണ് ചെയ്യാൻ കഴിയുക! ഭരണഘടനയ്ക്ക് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമാനമല്ലേ അത്? ഓർക്കുക, മുയലല്ല, ഗാംഭീര്യമുള്ള ആനയാണ്.

നവംബർ 26ന് ഭരണഘടനാ ദിനത്തിൽ ജനങ്ങള്‍ക്കുള്ള തന്റെ സന്ദേശത്തിൽ മോഡി ഇങ്ങനെ അനുസ്മരിച്ചു: “എന്റെ മനസ് 2010ലേക്ക് പറക്കുന്നു. ഭരണഘടന 60 വർഷം പൂർത്തിയാക്കിയത് അപ്പോഴാണ്. ദുഃഖകരമെന്നു പറയട്ടെ, ദേശീയ തലത്തിൽ ആ ദിനത്തിന് അർഹമായ ശ്രദ്ധ ലഭിച്ചില്ല. പക്ഷേ, ഭരണഘടനയോടുള്ള നന്ദിയും പ്രതിബദ്ധതയും പ്രകടിപ്പിക്കാൻ, ഞങ്ങൾ ഗുജറാത്തിൽ ഒരു ‘സംവിധാൻ ഗൗരവ് യാത്ര’ സംഘടിപ്പിച്ചു. ഒരു ആനപ്പുറത്ത് നമ്മുടെ ഭരണഘടന സ്ഥാപിച്ചു, ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നിരവധി പേർക്കൊപ്പം, ഘോഷയാത്രയിൽ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കും ലഭിച്ചു.” പ്രധാനമന്ത്രി തുടർന്നു: “2014ൽ ആദ്യമായി പാർലമെന്റിൽ വന്ന് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ക്ഷേത്രത്തിന്റെ പടികൾ തൊട്ട് വണങ്ങിയ നിമിഷങ്ങൾ ഞാൻ ഇപ്പോഴും ഓർക്കുന്നു. 2019ൽ, തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം, സംവിധാൻ സദന്റെ സെൻട്രൽ ഹാളിൽ പ്രവേശിച്ചപ്പോൾ, ആദരസൂചകമായി ഞാൻ ഭരണഘടനയെ വണങ്ങി. ഭരണഘടന 75 വർഷം പൂർത്തിയാക്കിയ വേളയില്‍ പാർലമെന്റിന്റെ ഒരു പ്രത്യേക സമ്മേളനം വിളിക്കാനും ഈ ചരിത്ര സന്ദർഭത്തെ അനുസ്മരിക്കാൻ രാജ്യവ്യാപകമായ പരിപാടികൾ ആരംഭിക്കാനുമുള്ള സവിശേഷഭാഗ്യവും ഞങ്ങൾക്ക് ലഭിച്ചു.” തുടര്‍ന്ന് പൗരന്മാരോടായി, “നമ്മുടെ കടമകൾ നിറവേറ്റുക എന്നത് സ്വഭാവത്തിന്റെ അവിഭാജ്യ ഘടകമാണ്. നമ്മുടെ ഓരോ പ്രവൃത്തിയും ഭരണഘടനയെ ശക്തിപ്പെടുത്തണം” എന്ന് ആഹ്വാനം ചെയ്തു. ആനകളെ ഉൾപ്പെടുത്തിയുള്ള ആചാരങ്ങൾ, ഭരണഘടനയെ വണങ്ങല്‍, സ്പർശിക്കല്‍ എന്നിവ മതിയെങ്കിൽ, ഫാസിസ്റ്റുകളും സ്വേച്ഛാധിപതികളും പോലും അത് സന്തോഷത്തോടെ ചെയ്യും. സമത്വത്തിന്റെയും നീതിയുടെയും തത്വങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും, മുഴുവൻ ഭരണസംവിധാനങ്ങളെയും ബഹുസ്വരതയെയും വ്യക്തി സ്വാതന്ത്ര്യങ്ങളെയും ബഹുമാനിക്കാൻ കഴിയണമെന്നാണ് ഭരണഘടന ആവശ്യപ്പെടുന്നത്. മോഡിയും അദ്ദേഹത്തിന്റെ മുഖ്യമന്ത്രിമാരും മന്ത്രിമാരും അവരുടെ പിന്തുണാ സംവിധാനവും തങ്ങളുടെ പ്രവൃത്തികള്‍ ഭരണഘടനാ സംസ്കാരത്തെ ശക്തിപ്പെടുത്തുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. 

12 മണിക്കൂർ ജോലി ചെയ്യുന്ന ഒരു സെക്യൂരിറ്റി ഗാർഡുമായുള്ള സംഭാഷണത്തിനിടയിൽ, ഉത്സവ ദിവസങ്ങളിൽ മാത്രം മാന്യമായ ഭക്ഷണം കഴിക്കുന്നതായും അല്ലാത്തപ്പോള്‍ റൊട്ടിയോടൊപ്പം പച്ചക്കറികൾ കഴിക്കാന്‍ കഴിയാറില്ലെന്നും വെളിപ്പെടുത്തി. ഉദയ്‌പൂരിലെ ഒരു ആഡംബര വിവാഹം സൃഷ്ടിച്ച ജിജ്ഞാസയാണ് വേദനയുടെ അഗ്നിപർവതം പോലെ പൊട്ടിത്തെറിച്ചത്. ഒരു ഇന്ത്യൻ ബിസിനസുകാരന്റെ മകളുടെ വിവാഹത്തിന് 90 കോടി രൂപയാണ് ചെലവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അമേരിക്കൻ പോപ്പ് താരം ജെന്നിഫർ ലോപ്പസിന്റെ പ്രകടനത്തിന് മാത്രം 17 കോടി രൂപ. മാധുരി ദീക്ഷിത് മുതൽ ജാൻവി കപൂർ വരെയുള്ള ഇന്ത്യൻ സെലിബ്രിറ്റികളും അതിഥികളെ ആകർഷിച്ചു. ഒരു വിവാഹത്തിന് 90 കോടി രൂപയോ? പക്ഷേ, മുകേഷ് അംബാനി, മകന്റെ വിവാഹത്തിന് ചെലവഴിച്ചതിനെക്കാൾ എത്രയോ കുറവാണല്ലോ ഇത്. ലോകമെമ്പാടും ദശലക്ഷക്കണക്കിനാളുകൾ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും വിശപ്പ് മൂലമുണ്ടാകുന്ന മരണം തടയാൻ പോലും കഴിയുന്നില്ലെന്നും ഓർക്കുമ്പോൾ ഈ അശ്ലീലം ആത്മാവില്‍ തുളച്ചുകയറുന്നു. ലോകബാങ്ക് പ്രതിദിനം മൂന്ന് ഡോളറിൽ താഴെ വരുമാനമുള്ളവരെ അതിദരിദ്രരായി കണക്കാക്കുന്നു. പ്രതിദിനം 35 രൂപയിൽ താഴെ — അര ഡോളറിൽ താഴെ — വരുമാനത്തില്‍ ജീവിക്കുന്ന ഇന്ത്യയിലെ അതിദരിദ്രര്‍ക്ക് ഇതും ഒരു സ്വപ്ന സംഖ്യയാണ്. 2023 — 24ൽ ഇന്ത്യയിലെ ജനസംഖ്യയില്‍ ഏറ്റവും താഴെയുള്ള 10% പേരുടെ മാസ വരുമാനം 1,059 രൂപയായിരുന്നുവെന്ന് ഒരു കണക്ക് പറയുന്നു. ലോക വിശപ്പ് സൂചികയിൽ 123 രാജ്യങ്ങളിൽ ഇന്ത്യ 102-ാം സ്ഥാനത്താണ്. ഏകദേശം 200 ദശലക്ഷം ആളുകൾ എല്ലാ രാത്രിയും പട്ടിണി കിടക്കുന്നു. കടുത്ത ദാരിദ്ര്യത്തിന്റെ കാര്യത്തിൽ മാത്രമല്ല, രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക അഭിവൃദ്ധിയും ഈ കണക്കുകളില്‍ പ്രതിഫലിക്കുന്നുണ്ട്: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2.81 കോടി പേര്‍ മാത്രമാണ് ആദായനികുതി അടച്ചത്.

അപ്പോഴും സമ്പന്നരും ശക്തരുമായ വ്യക്തികൾ ചൂഷണത്തിന്റെയും ലാഭക്കൊതിയുടെയും വൃത്തികെട്ട പാരമ്പര്യത്തെ വിശകലനം ചെയ്യുന്നതിനുപകരം ആളുകൾ എത്ര മണിക്കൂർ ജോലി ചെയ്യണമെന്നതിനെക്കുറിച്ച് പ്രസംഗം നടത്തുന്നു. 10 മുതൽ 12 മണിക്കൂർ വരെ ജോലി ചെയ്യുന്ന വലിയ നഗരങ്ങളിലെ നിരവധി പേര്‍ക്ക് മാസത്തിൽ 8,000 മുതൽ 10,000 രൂപ വരെ അല്ലെങ്കിൽ അതിൽ കുറവ് വേതനം ലഭിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇവർ എത്ര തവണ പരസ്യമായി ചർച്ച ചെയ്തിട്ടുണ്ട്? അതും ആഴ്ചതോറുമുള്ള അവധിയോ, മെഡിക്കൽ സൗകര്യങ്ങളോ, വിരമിക്കൽ ആനുകൂല്യങ്ങളോ ഇല്ലാതെ. കോർപറേറ്റ് ലാഭം കുതിച്ചുയരുമ്പോഴും നോട്ട് നിരോധനത്തിനും കോവിഡിനും ശേഷം ജോലി നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളെക്കുറിച്ചും അവർ ആശങ്കപ്പെടാറുണ്ടോ?
എന്നാൽ നിങ്ങളോട് പറയട്ടെ, സമ്പന്നരുരുടെ ആനന്ദങ്ങളിൽ നീരസം കാണിക്കരുത്; അത്തരം ആഡംബര വിവാഹങ്ങളുടെ വിശദാംശങ്ങൾ ആസ്വദിക്കൂ എന്ന്.‌ അതിഥികളെ എങ്ങനെ രസിപ്പിച്ചു, നാല് മീറ്റർ ഉയരമുള്ള കേക്ക് ഒരു ഫ്രഞ്ച് ഷെഫ് എങ്ങനെ രൂപകല്പന ചെയ്തു! നിങ്ങൾക്ക് തൃപ്തിയായില്ലെങ്കിൽ, സമൂഹമാധ്യമങ്ങളില്‍ ലഭ്യമായ വിവാഹാഘോഷങ്ങളുടെ ചെറിയ വീഡിയോ ക്ലിപ്പുകൾക്കായി തിരയുക. ദരിദ്രർക്ക് തികച്ചും സൗജന്യമായി ലഭിക്കുന്ന ഔദാര്യമാണത്.
(ദി വയര്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.