
2026‑ലെ യൂറോവിഷൻ ഗാനമത്സരത്തിൽ ഇസ്രായേലിനെ മത്സരിക്കാൻ അനുവദിച്ചതിനെതിരെ പ്രതിഷേധിച്ച് അയർലൻഡ്, സ്പെയിൻ, നെതർലൻഡ്സ്, സ്ലൊവേനിയ എന്നീ രാജ്യങ്ങൾ മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു. ഗാസയിലെ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലും, അനീതിപരമായ വോട്ടിംഗ് സമ്പ്രദായം സംബന്ധിച്ച ആരോപണങ്ങളിലും ഇസ്രായേലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട രാജ്യങ്ങളിൽ ഉൾപ്പെട്ടവരാണിവർ. യൂറോവിഷൻ്റെ ‘ബിഗ് ഫൈവ്’ രാജ്യങ്ങളിൽ ഒന്നായ സ്പെയിൻ്റെ ബ്രോഡ്കാസ്റ്ററായ ആർ ടി വി ഇ ഇസ്രായേലിൻ്റെ പങ്കാളിത്ത വിഷയത്തിൽ രഹസ്യ ബാലറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം സംഘാടകർ നിഷേധിച്ചു. ഇസ്രായേൽ പങ്കെടുത്താൽ യൂറോവിഷനിൽ നിന്ന് പിന്മാറാൻ സെപ്റ്റംബറിൽ തന്നെ ആർ ടി വി ഇയുടെ ഡയറക്ടർ ബോർഡ് തീരുമാനമെടുത്തിരുന്നു. അതുകൊണ്ട് തന്നെ 2026ലെ യൂറോവിഷൻ ഫൈനലോ സെമിഫൈനലുകളോ തങ്ങൾ പ്രക്ഷേപണം ചെയ്യില്ലെന്നും അവർ വ്യക്തമാക്കി.
“ഗാസയിലെ ഭീകരമായ ജീവൻ നഷ്ടവും, സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന മാനുഷിക പ്രതിസന്ധിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഞങ്ങളുടെ പങ്കാളിത്തം മനസ്സാക്ഷിക്കു നിരക്കുന്നതല്ല” എന്ന് അയർലൻഡിൻ്റെ ആർ ടി ഇ പ്രസ്താവിച്ചു. നെതർലൻഡ്സിൻ്റെ ബ്രോഡ്കാസ്റ്ററായ അവ്രോട്റോസും “നിലവിലെ സാഹചര്യങ്ങളിലുള്ള പങ്കാളിത്തം ഞങ്ങൾക്ക് അനിവാര്യമായ പൊതുമൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല” എന്ന് അറിയിച്ചു. സ്ലൊവേനിയൻ ബ്രോഡ്കാസ്റ്ററായ ആർ ടി വിയുടെ നിലപാടും മാറ്റമില്ലാതെ തുടരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് 150 ദശലക്ഷത്തിലധികം ആളുകൾ കാണുന്ന മത്സരത്തിൻ്റെ ഭാവി ചർച്ച ചെയ്യാൻ യൂറോപ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂണിയൻ്റെ മീറ്റിംഗ് നടന്നു. ഇസ്രായേലിൻ്റെ ഈ വർഷത്തെ എൻട്രിയായ യുവൽ റാഫേലിന് വേണ്ടി അന്യായമായ വോട്ടിംഗ് കാമ്പെയ്നുകൾ സംഘടിപ്പിച്ചുവെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇത്തരത്തിലുള്ള വോട്ടിംഗ് കാമ്പെയ്നുകൾ നിരുത്സാഹപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പുതിയ നിയമങ്ങൾക്ക് അംഗങ്ങൾ പിന്തുണ നൽകി. ഇസ്രായേലിൻ്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള വോട്ടെടുപ്പുമായി മുന്നോട്ട് പോകില്ലെന്ന് സമ്മതിച്ചുകൊണ്ടാണ് അംഗങ്ങൾ പുതിയ നിയമങ്ങൾ അംഗീകരിച്ചത്. യൂറോവിഷൻ ഡയറക്ടർ മാർട്ടിൻ ഗ്രീൻ ഇസ്രായേലിൻ്റെ സ്ഥാനത്തെക്കുറിച്ച് സംവാദം നടത്താൻ അംഗങ്ങൾക്ക് അവസരം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു. “ഈ മത്സരം ഒരു രാഷ്ട്രീയ വേദിയായി ഉപയോഗിക്കപ്പെടരുത്, അത് നിഷ്പക്ഷത നിലനിർത്തണം എന്ന വിശ്വാസത്തിൽ അംഗങ്ങൾ ഒരുമിച്ചു,” അദ്ദേഹം പറഞ്ഞു.
ഇസ്രായേലിൻ്റെ പങ്കാളിത്തത്തെ പ്രസിഡൻ്റ് ഐസക് ഹെർസോഗ് സ്വാഗതം ചെയ്യുകയും “ഇസ്രായേലിനെ നിശബ്ദമാക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള വിജയമാണിതെന്നും ഇത് ഐക്യദാർഢ്യത്തിൻ്റെ ആംഗ്യമാണ്” എന്നും പ്രതികരിച്ചു. അതേസമയം, ഇസ്രായേൽ ബ്രോഡ്കാസ്റ്റർ കെ എ എൻ സിഇഒ ഗോലാൻ യോച്ച്പാസ്, ഇസ്രായേലിനെ അയോഗ്യമാക്കാനുള്ള ശ്രമം ഒരു ‘സാംസ്കാരിക ബഹിഷ്കരണം’ ആണെന്നും ഇത് എവിടെ അവസാനിക്കുമെന്ന് പറയാൻ കഴിയില്ലെന്നും അഭിപ്രായപ്പെട്ടു. ജർമ്മനി, നോർവേ, സ്വീഡൻ, ഫിൻലൻഡ്, ഡെൻമാർക്ക്, ഐസ്ലാൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇ ബി യു യുടെ തീരുമാനത്തെ പിന്തുണച്ചു. ഇസ്രായേലിനെ ഒഴിവാക്കിയാൽ മത്സരം ഉപേക്ഷിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്ന ജർമ്മനി, സാംസ്കാരിക വൈവിധ്യത്തിൻ്റെ ആഘോഷമായി മത്സരത്തെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.