7 December 2025, Sunday

Related news

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 4, 2025
December 3, 2025

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ കേന്ദ്രത്തിന്റെ ചെപ്പടി വിദ്യ

നിശ്ചയിച്ച നിരക്ക് നിലവിലുള്ളതിന്റെ ഇരട്ടി
ന്യൂഡല്‍ഹി:
റെജി കുര്യന്‍
December 6, 2025 10:03 pm

ഇന്‍ഡിഗോ വിമാനക്കമ്പനി ആഭ്യന്തര വ്യോമഗതാഗത മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധി തുടരുന്നു. വിഷയത്തിന് പരിഹാരമായി കേന്ദ്രം മുന്നോട്ടുവച്ചിരിക്കുന്ന നടപടികള്‍ ചെപ്പടി വിദ്യ മാത്രമെന്ന് ആരോപണം. ഇന്‍ഡിഗോ ചീഫ് ഓപ്പറേറ്റിങ് ഓഫീസ (സിഇഒ) റെ മാറ്റുക, സര്‍വീസുകളുടെ എണ്ണം കുറയ്ക്കുക, കനത്ത പിഴ ചുമത്തുക എന്നിവയാണ് പരിഗണിക്കുന്നത്. പ്രതിസന്ധിയുടെ മറവില്‍ കൊള്ളയ്ക്കൊരുങ്ങിയ വിമാനക്കമ്പനികളെ നിയന്ത്രിക്കാനെന്ന പേരില്‍ പ്രഖ്യാപിച്ച നിരക്കുകളാകട്ടെ നിലവിലുള്ളതിന്റെ വളരെ കൂടുതലും.
500 കിലോമീറ്റര്‍ വരെ 7500രൂപ, 500‑1000വരെ 12,000, 1000–1500 വരെ 15,000, 1500 കിലോമീറ്ററിന് മുകളില്‍ 18,000 രൂപയില്‍ കൂടാന്‍ പാടില്ലെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ്. 2,000ത്തിലധികം കിലോമീറ്റര്‍ ദൂരമുള്ള ഡല്‍ഹിയിലേയ്ക്ക് തിരുവനന്തപുരത്തുനിന്ന് നിലവില്‍ ശരാശരി 10,000 രൂപയാണ് നിരക്ക്. കേന്ദ്ര ഉത്തരവനുസരിച്ച് 18,000 രൂപവരെ ഈടാക്കാം. കൊച്ചി-ഡല്‍ഹി നിലവില്‍ ശരാശരി 8000 രൂപയാണെങ്കില്‍ ഇവിടെയും 18,000 രൂപ വരെ വാങ്ങാവുന്നതാണ്. സമാനമായി ഹ്രസ്വ ദൂര യാത്രകള്‍ക്കും ഇരട്ടിയിലധികമാണ് നിശ്ചയിച്ചിരിക്കുന്നത്.
പൊതു വിമാനക്കമ്പനികളെ വിറ്റൊഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണം പരിഹരിക്കുന്നതിന് പകരം കൈക്കൊള്ളുമെന്ന് പറയുന്ന നടപടികളെല്ലാം കണ്‍കെട്ടുമാത്രം. പൊതു വിമാനക്കമ്പനികളെ വിറ്റൊഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണം പരിഹരിക്കുന്നതിനു പകരം ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സിനെ മാറ്റുന്നതോ കനത്ത പിഴ ചുമത്തുന്നതോ പരിഹാരമാര്‍ഗമല്ലെന്നാണ് വിദഗ്ധരുരെ അഭിപ്രായം. രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകളില്‍ മൂന്നില്‍ രണ്ടും കൈകാര്യം ചെയ്യുന്നത് ഇന്‍ഡിഗോയാണ്. ഇതാണ് രാജ്യത്തെ വിമാനയാത്രക്കാരെ ഗുരുതരമായി ബാധിക്കാന്‍ കാരണമായത്. ഈ സാഹചര്യത്തില്‍ സര്‍വീസ് വെട്ടിക്കുറയ്ക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നതിനാണ് ഇടയാക്കുക.
പൈലറ്റുമാരുടെ വിശ്രമ സമയം സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറപ്പെടുവിച്ച നിബന്ധനകള്‍ പാലിക്കാന്‍ പാകത്തിന് കൂടുതല്‍ പൈലറ്റുമാരെ നിയോഗിക്കുന്നതില്‍ വിമാന കമ്പനിക്ക് ഉണ്ടായ വീഴ്ചയാണ് ഇന്‍ഡിഗോ സര്‍വ്വീസുകള്‍ താറുമാറാകാന്‍ കാരണമായത്.
ഡിജിസിഎ പുറപ്പെടുവിച്ച നിബന്ധനകളില്‍ ഒറ്റത്തവണ ഇളവ് ഫെബ്രുവരി 10 വരെ നല്‍കിയെങ്കിലും സര്‍വീസുകള്‍ റദ്ദാക്കുകയോ സര്‍വീസുകള്‍ അനിശ്ചിതമായി വൈകുന്നതോ തുടരുന്നത് യാത്രക്കാര്‍ക്ക് വിനയായി. അതേസമയം മറ്റ് വിമാന സര്‍വീസുകള്‍ ഡിജിസിഎ നിബന്ധന പാലിച്ച് സര്‍വീസ് തുടരുന്നുണ്ട്.
ആയിരത്തോളം സര്‍വീസുകളാണ് കഴിഞ്ഞ ദിവസം ഇന്‍ഡിഗോ റദ്ദാക്കിയത്. ഇന്നലെയും നൂറുകണക്കിന് സര്‍വീസുകള്‍ മുടങ്ങി. ഇന്‍ഡിഗോയ്ക്ക് കീഴിലുള്ള കണക്ടിങ് ഫ്ലൈറ്റുകള്‍ മുടങ്ങിയതോടെ യാത്രക്കാര്‍ ലഗേജിനായി മണിക്കൂറുകളോളം വിമാനത്താവളങ്ങള്‍ കാത്തുകെട്ടി ഇരിക്കേണ്ട സാഹചര്യവും ഉണ്ടായി. ഇതിനു പുറമെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഇന്‍ഡിഗോയ്ക്ക് നല്‍കിയ ആഭ്യന്തര കണക്ടിവിറ്റി സര്‍വീസ് മുടങ്ങിയതോടെ വിദേശത്തേക്ക് വിമാനം കയറേണ്ട പലരും പെരുവഴിയിലാകുകയും ചെയ്തു.
വിമാനം റദ്ദാക്കിയതോ അനിശ്ചിതമായ കാലതാമസമോ മൂലം യാത്രക്കാര്‍ ക്യാന്‍സലാക്കിയ ടിക്കറ്റ് റീഫണ്ട് ഇന്ന് വൈകിട്ട് എട്ടിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഇന്‍ഡിഗോയ്ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാരുടെ പ്രശ്‌ന പരിഹാരത്തിനായി തടസമില്ലാത്ത സംവിധാനം വിമാന കമ്പനി സജ്ജമാക്കണം.
യാത്രക്കാര്‍ക്ക് കൈവശം കിട്ടാത്ത ബാഗേജുകള്‍ വീടുകളിലെ വിലാസത്തിലോ അല്ലെങ്കില്‍ അവര്‍ നിര്‍ദേശിക്കുന്ന സ്ഥലത്തോ 48 മണിക്കൂറിനുള്ളില്‍ എത്തിച്ചു നല്‍കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.