22 January 2026, Thursday

Related news

December 7, 2025
November 28, 2025
August 26, 2025
August 16, 2025
July 16, 2025
June 1, 2025
April 30, 2025
April 27, 2025
April 19, 2025
March 16, 2025

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ വീണ്ടും വ്യാജ ചരിത്രം

Janayugom Webdesk
ന്യൂഡല്‍ഹി
December 7, 2025 10:56 pm

ചരിത്ര വസ്തുതകളെ അപനിര്‍മ്മിതിയിലൂടെ സംഘ്പരിവാറിന് വേണ്ടി മാറ്റിമറിക്കുന്ന പ്രവണത ആവര്‍ത്തിച്ച് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷന്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് (എന്‍സിഇആര്‍ടി). ഏഴാം ക്ലാസിലെ ചരിത്രപാഠപുസ്തകത്തിലാണ് ഏറ്റവുമൊടുവില്‍ മാറ്റം വരുത്തിയത്. മഹമൂദ് ഗസ്നിയെക്കുറിച്ചുണ്ടായിരുന്ന ഒരു പേജ് പാഠഭാഗം ഏഴായി ഉയര്‍ത്തി, ഗസ്നിയെ കൊലയാളിയാക്കി അവതരിപ്പിച്ചാണ് ചരിത്രത്തെ വളച്ചൊടിച്ചത്. ഗസ്‌നിയിലെ മഹമൂദ് ഇന്ത്യൻ നഗരങ്ങൾ കൊള്ളയടിച്ചുവെന്നും ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, ജൈനര്‍ തുടങ്ങിയവരെ കൂട്ടക്കൊല ചെയ്തുവെന്നുമാണ് പുതുക്കിയ പാഠപുസ്തകത്തില്‍ പറയുന്നത്. 

ഗസ്‌നവിദ് അധിനിവേശങ്ങൾ എന്ന് പേരിട്ടിരിക്കുന്ന ആറ് പേജുള്ള പുതിയ ഭാഗത്ത് ഗസ്നിയിലെ മഹ്‌മൂദ് ഇന്ത്യയിൽ 17 തവണ ആക്രമണം നടത്തിയെന്നും വലിയ അളവിൽ നിധികളുമായി മടങ്ങിയെന്നും വിവരിക്കുന്നു. മഥുര, സോമനാഥ് തുടങ്ങിയ നഗരങ്ങള്‍ കൊള്ളയടിച്ചതിനെക്കുറിച്ച് എക്സ്പ്ലോറിങ് സൊസൈറ്റീസ്: ഇന്ത്യ ആന്റ് ബിയോണ്ട് എന്ന പുസ്തകത്തിൽ വിവരിക്കുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ ജയപാലനെ പരാജയപ്പെടുത്തിയ ശേഷം മഹമൂദ് ഇന്ത്യയുടെ ചില ഭാഗങ്ങൾ കീഴടക്കി. 1008ൽ ഒരു നീണ്ട യുദ്ധത്തിനൊടുവിൽ ജയപാലന്റെ മകനെ കീഴടക്കി. മഹമൂദിന്റെ നേതൃത്വത്തില്‍ നാശവും കൊള്ളയും വ്യാപകമായി അരങ്ങേറി. പതിനായിരക്കണക്കിന് ഇന്ത്യൻ സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യുകയും കുട്ടികൾ ഉൾപ്പെടെയുള്ള തടവുകാരെ പിടികൂടുകയും മധ്യേഷ്യയിലെ അടിമ വിപണികളിൽ വിൽക്കാൻ കൊണ്ടുപോവുകയും ചെയ്തതായി പുസ്തകത്തില്‍ പറയുന്നു. 

അവിശ്വാസികളെ (ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ജൈനർ) കൊല്ലാനോ അടിമകളാക്കാനോ മാത്രമല്ല, ഇസ്ലാമിലെ എതിരാളികളായ വിശ്വാസികളെയും കൊല്ലാന്‍ ദൃഢനിശ്ചയം ചെയ്ത, ശക്തനും ക്രൂരനുമായ ഒരു ജനറലായി അദ്ദേഹത്തെ ജീവചരിത്രകാരന്മാർ ചിത്രീകരിക്കുന്നുവെന്ന് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. നേരത്തെ ഗാന്ധിവധം, മുഗള്‍ സാമ്രാജ്യം, ഗോധ്ര കലാപം എന്നീ പാഠഭാഗങ്ങള്‍ നീക്കം ചെയ്ത എന്‍സിഇആര്‍ടി നടപടി വ്യാപക വിമര്‍ശനം ക്ഷണിച്ച് വരുത്തിയിരുന്നു. ഏറ്റവും ഒടുവിലാണ് ഏഴാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിലും മുസ്ലിം വിദ്വേഷം കുത്തിനിറയ്ക്കുന്ന തരത്തില്‍ പരിഷ്കാരം കൊണ്ടുവന്നിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.