10 December 2025, Wednesday

സംസ്ഥാനങ്ങളുടെ വരുമാനവും കടവും

പ്രൊഫ. കെ അരവിന്ദാക്ഷൻ
December 10, 2025 4:45 am

സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ കാഴ്ചപ്പാട് ദീര്‍ഘവീക്ഷണത്തോടെയുള്ളതായി കാണുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നുന്നു. നിലനില്‍ക്കുന്ന വികസനമാണെന്ന് നമുക്ക് അനുയോജ്യമെന്ന് ആവര്‍ത്തിച്ച് ഉറക്കെ പ്രഖ്യാപിക്കുന്ന ഏര്‍പ്പാടാണ് കേന്ദ്ര ഭരണകൂടവും സംസ്ഥാന ഭരണകൂടങ്ങളും നടത്തിവരുന്നതെങ്കിലും അതിലൊന്നും തെല്ലും ആത്മാര്‍ത്ഥതയില്ലെന്നാണ് വ്യക്തമാകുന്നത്. രാഷ്ട്രീയാധികാരം കൈകാര്യം ചെയ്യുന്നത് ആരാണ്, ഏത് പ്രത്യയശാസ്ത്ര വിശ്വാസികളാണ് എന്നതല്ല, മറിച്ച് നിര്‍ണായക ഘടകം അവര്‍ വിഭാവനം ചെയ്യുന്ന വികസന കാഴ്ചപ്പാട് എന്താണ് എന്നതാണ്. 

പിന്നിട്ട ഒന്നര പതിറ്റാണ്ടുകള്‍ക്കിടയില്‍ കേന്ദ്ര ഭരണം ഒറ്റയ്ക്കോ കൂട്ടായോ നടത്തിവരുന്നത് ഹിന്ദുത്വ പ്രത്യയശാസ്ത്രവാദികള്‍ക്ക് പ്രാമുഖ്യമുള്ള ബിജെപിയും കൂട്ടാളികളുമാണ്. അതുകൊണ്ടുതന്നെ ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലെയും രാഷ്ട്രീയാധികാരത്തിന്റെയും ഭരണനിര്‍വഹണത്തിന്റെയും സ്വഭാവവും സമാനമാണ്. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വിരുദ്ധ പാര്‍ട്ടികളോ കൂട്ടായ്മകളോ ആണ് അധികാരത്തിലിരിക്കുന്നത്. സ്വാഭാവികമായും വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള കേന്ദ്ര ഭരണകൂടവും സംസ്ഥാന ഭരണകൂടങ്ങളും തമ്മില്‍ സാമ്പത്തിക വികസന നയസമീപനങ്ങളില്‍ പരസ്പരവിരുദ്ധമായ നിലപാടുകളാണ് സ്വീകരിച്ചുവരുന്നത്. ഈ സ്ഥിതിവിശേഷം ഒരുതരത്തിലും വികസനത്തിനനുയോജ്യമായ കാലാവസ്ഥയ്ക്കല്ല രൂപം നല്‍കുക. ഇത്തരമൊരു സ്ഥിതിവിശേഷം കേന്ദ്രത്തെയല്ല, കൂടുതല്‍ പ്രതികൂലമായി ബാധിക്കുക സംസ്ഥാനങ്ങളെ ആയിരിക്കും. 

പൊതുചര്‍ച്ചകളിലോ വിവാദങ്ങളിലോ ഇടം കണ്ടിട്ടില്ലാത്ത ഗൗരവമേറിയൊരു വിഷയമാണ് 16-ാം ധനകാര്യ കമ്മിഷന്‍ എന്ന ഭരണഘടനാ സ്ഥാപനം കേന്ദ്ര സര്‍ക്കാരിന് 2025നവംബര്‍ മൂന്നാം വാരത്തില്‍ സമര്‍പ്പിച്ചിരിക്കുന്ന സുപ്രധാനമായ റിപ്പോര്‍ട്ടും അതിന്റെ ഉള്ളടക്കവും. റിപ്പോര്‍ട്ടിലെ കാതലായ കണ്ടെത്തലുകളോ നിര്‍ദേശങ്ങളോ പുറത്തുവന്നിട്ടില്ലെങ്കിലും 2026ല്‍ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിന് മുമ്പ് അതെല്ലാം നമുക്കറിയാന്‍ കഴിയും. വിവിധ വികസന മേഖലകള്‍ക്കായി ലഭ്യമാകാനിടയുള്ള ഫണ്ടുകള്‍ സംബന്ധമായി ദക്ഷിണേന്ത്യന്‍ സംസ്ഥാന ഭരണകൂടങ്ങള്‍ ആശങ്കയിലാണ്. ഈ ആശങ്ക അടിസ്ഥാന രഹിതവുമല്ല. കാരണം 2010–11നും 2025–26നും ഇടയ്ക്കുള്ള കാലയളവില്‍ ഈ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതം 19ല്‍ നിന്നും 16ശതമാനമായി കുറവ് വന്നിരിക്കുകയാണ് എന്നതുതന്നെ. 16-ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകളിലൂടെ ഇതില്‍ മാറ്റമുണ്ടാകാത്തപക്ഷം കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക വികസന ഭാവി ഗുരുതരാവസ്ഥയിലകപ്പെടുകതന്നെ ചെയ്യും. ഈയൊരു പശ്ചാത്തലത്തില്‍ 16-ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകള്‍ മുന്‍കാല കമ്മിഷനുകളുടേതില്‍ നിന്നും മൗലികമായ മാറ്റങ്ങള്‍ക്ക് തയ്യാറാവാത്തപക്ഷം കേന്ദ്ര – സംസ്ഥാന രാഷ്ട്രീയ ബന്ധങ്ങള്‍ക്ക് പുറമെ ധനകാര്യ – സാമ്പത്തിക ബന്ധങ്ങളിലും ഗൗരവമേറിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കും.

കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ക്കായി നടന്നുവരുന്ന ധനകാര്യ വിഭവ കൈമാറ്റങ്ങളില്‍ മൗലികമായ മാറ്റം വേണമെന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ നിലപാട് നീതീകരണമുള്ളതാണ്. ഫെഡറല്‍ ബന്ധങ്ങളില്‍ ഊന്നിയുള്ള ഭരണഘടനാ സംവിധാനമാണ് രാജ്യത്ത്‍ നിലവിലുള്ളതെന്നതിനാല്‍, തുല്യതയിലൂന്നിയ വികസന പരിപ്രേക്ഷ്യം യാഥാര്‍ത്ഥ്യമാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഡിമാന്‍ഡ് ഇക്കാരണത്താല്‍ നീതിയുക്തം മാത്രമല്ല, കാലോചിതവുമാണ്.
2020–21നും 2025–26നും ഇടയില്‍ മൊത്തം കണക്കെടുത്താല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളുടെ മൂലധന ചെലവ് താണനിലവാരത്തിലായിരുന്നപ്പോള്‍ സമ്പന്ന സംസ്ഥാനങ്ങളുടേത് 59% വര്‍ധനവ് രേഖപ്പെടുത്തിക്കാണുന്നു. എന്നാല്‍, മൂലധന ചെലവിന് ആനുപാതികമായി വരുമാന വര്‍ധനവുണ്ടായിട്ടുമില്ല എന്ന വൈരുദ്ധ്യവുമുണ്ട്. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെടുത്താല്‍ ഇവയുടെ ആളോഹരി വരുമാനവര്‍ധന 2009–10ലേതിനെ അപേക്ഷിച്ച് 2.1ഇരട്ടിയില്‍ നിന്നും 2.8 ഇരട്ടിയായതായി കാണുന്നു. സാമ്പത്തിക പിന്നാക്കാവസ്ഥയില്‍ തുടരുന്ന സംസ്ഥാനങ്ങള്‍ക്ക് വര്‍ധിച്ചതോതില്‍ വികസന യത്നങ്ങള്‍‍ക്ക് തുടക്കമിടുന്നതിന് കേന്ദ്രത്തില്‍ നിന്നും വര്‍ധിച്ചതോതില്‍ നികുതി വരുമാന കൈമാറ്റം ഒഴിവാക്കുക സാധ്യമാവില്ല എന്നാണ് ഇതിന്റെ അര്‍ത്ഥം.
സങ്കീര്‍ണമായ നയരൂപീകരണം അഭിമുഖീകരിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മാത്രമല്ല, ധനകാര്യ ആരോഗ്യമുള്ള സംസ്ഥാന സര്‍ക്കാരുകളും ധനകാര്യ ഞെരുക്കം നേരിടുന്ന സംസ്ഥാന സര്‍ക്കാരുകളും തുല്യ പ്രാധാന്യവും ഗൗരവമേറിയതുമായ വെല്ലുവിളികളാണ് കൈകാര്യം ചെയ്യേണ്ടതായി വരിക. നിര്‍ദിഷ്ട തോതിലുള്ള സാമ്പത്തിക വളര്‍ച്ചക്കും വരുമാന വര്‍ധനവ് നേടുന്നതിനും വെറും ധനകാര്യ സഹായ കൈമാറ്റം മാത്രം മതിയാവില്ല. സമഗ്ര സാമ്പത്തിക പരിവര്‍ത്തനം ലക്ഷ്യത്തിലെത്താന്‍ മറ്റെന്ത് മാര്‍ഗമാണ് തേടേണ്ടിവരിക എന്നതിന് കൃത്യമായ മറുപടി കിട്ടുന്നതും ശ്രമകരമായിരിക്കും. 

ഒരു പരിധിവരെ സ്വകാര്യ നിക്ഷേപ വര്‍ധന പ്രശ്നപരിഹാരത്തിന് സഹായകമാകാം. എന്നാല്‍ ഇവിടെയും ഒരു പ്രശ്നമുണ്ട്. സ്വകാര്യ നിക്ഷേപകര്‍ പണം മുടക്കാന്‍ തയ്യാറാവുക വികസനം കൈവരിച്ചുകഴിഞ്ഞിട്ടുള്ള സംസ്ഥാനങ്ങളിലായിരിക്കുമല്ലോ. കാരണം പ്രസ്തുത സംസ്ഥാനങ്ങളില്‍ നിക്ഷേപ കാലാവസ്ഥ അനുകൂലമായിരിക്കും എന്നതുതന്നെ. ഇത്തരമൊരു പശ്ചാത്തലത്തില്‍ വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ ലഭ്യമായ പരിമിതമായ വിഭവങ്ങള്‍ തന്നെ കൂടുതല്‍ ശ്രദ്ധാപൂര്‍വം ചെലവാക്കുകയും സ്വകാര്യ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പോന്ന ആന്തരഘടനാ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുകയാണ് കരണീയമായിട്ടുള്ളത്. ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ എന്ന് ആവര്‍ത്തിച്ച് ഉരുവിട്ടതുകൊണ്ട് കാര്യമില്ല. സ്വകാര്യ നിക്ഷേപകര്‍ നേരിടാനിടയുള്ള വിവിധ മേഖലകളിലെ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം. 

സംസ്ഥാന ധനകാര്യം സംബന്ധമായി കാണപ്പെടുന്ന മറ്റൊരു പ്രധാന വെല്ലുവിളി, ഏതാനും ചില സംസ്ഥാന സര്‍ക്കാരുകള്‍ നേരിടേണ്ടിവന്നിരിക്കുന്ന ഭാരിച്ച കടബാധ്യതയാണ്. അവഗണിച്ചാല്‍ ഈ വിഷയം സാമ്പത്തിക വളര്‍ച്ചാ സാധ്യതകള്‍ക്ക് വിലങ്ങുതടികളാവുകതന്നെ ചെയ്യും. ഇത്തരം കടബാധ്യത മൊത്തം ആഭ്യന്തര ഉല്പാദന (ജിഎസ്ഡിപി) ത്തിന്റെ 30% വരെയാണ് എന്ന് ഗവേഷണ സ്ഥാപനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ഈ വിഭാഗത്തില്‍ ഇപ്പോള്‍ കേരള സംസ്ഥാനമടക്കം 19 ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നുമുണ്ട്. പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇത് 40% വരെ എത്തിനില്‍ക്കുകയുമാണ്.
കടബാധ്യതയില്‍ ഏതെല്ലാം സംസ്ഥാന സര്‍ക്കാരുകള്‍ ഏതെല്ലാം സാഹചര്യങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് എന്നതിനെക്കാള്‍ പ്രധാനം, മൊത്തം സമ്പദ്‌വ്യവസ്ഥയുടെ വികസനത്തെ തന്നെ ഗുരുതരാവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുന്നു എന്നതാണ്. കടബാധ്യത ഉയരുന്നു എന്നതിന്റെ അര്‍ത്ഥം സംസ്ഥാനങ്ങളുടെ കടംവാങ്ങല്‍ ശേഷിയെ അത് എത്രമാത്രം പ്രതികൂലമായി ബാധിക്കുന്നു എന്നതുകൂടിയാണ്. കടബാധ്യതയുടെ വലിപ്പം എത്രയാണ് എന്നതല്ല പ്രശ്നം, ഈ ബാധ്യത അനാരോഗ്യകരമായൊരു പ്രവണതയാണെന്ന തിരിച്ചറിവാണ് അടിയന്തരമായി ശ്രദ്ധ ആകര്‍ഷിക്കേണ്ടത്.

കടബാധ്യത സംസ്ഥാന സര്‍ക്കാരുകളുടേതായാലും കേന്ദ്ര ഭരണകൂടത്തിന്റേതായാലും പൊതുധനസ്ഥിതി പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. കടത്തിന്റെ വലിപ്പത്തിനുസൃതമായോ അതിലുമേറെയോ പലിശ ബാധ്യതയിലും പെരുപ്പം അനിവാര്യമായിരിക്കും. സംസ്ഥാനങ്ങളിലെ വരുമാനത്തില്‍ കാണപ്പെടുന്ന അന്തരം പരിഹരിക്കുകയും കടബാധ്യതകളിലുള്ള വിടവുകള്‍ നികത്തുകയും ചെയ്യുക എന്നത് ഒരു ഫെഡറല്‍ വ്യവസ്ഥയില്‍ ധനകാര്യ മാനേജ്മെന്റ് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രധാന വെല്ലുവിളികള്‍ തന്നെയാണ്. ഇതില്‍ എത്രമാത്രം വിജയം കണ്ടെത്താന്‍ 16-ാം ധനകാര്യ കമ്മിഷന് കഴിയും എന്നതാണ് ഒരു ‘മില്യന്‍ ഡോളര്‍ ചോദ്യ’മായി നമുക്ക് മുന്നിലുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.