20 December 2025, Saturday

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന 26 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ഏഴ് പേരെ കാണാനില്ല 
ചേര്‍ന്നത് 202 ഇന്ത്യക്കാര്‍ 
Janayugom Webdesk
ന്യൂഡൽഹി
December 19, 2025 9:20 pm

റഷ്യൻ സായുധ സേനയിൽ ചേർന്ന 26 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന് കേന്ദ്രം. ഏഴ് പേരെ കാണാനില്ല. 2022 മുതൽ 202 ഇന്ത്യക്കാര്‍ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായെന്നും വിദേശകാര്യ മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു. തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ, കോൺഗ്രസ് എംപി രൺദീപ് സിങ് സുർജേവാല എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങാണ് ഈ വിവരങ്ങൾ രാജ്യസഭയിൽ പങ്കുവച്ചത്.

നയതന്ത്ര ഇടപെടലുകളെത്തുടർന്ന് 119 പേരെ തിരികെയെത്തിച്ചു. 50 പേരെ വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. കൊല്ലപ്പെട്ടവരില്‍ 10 പേരുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിച്ചു. രണ്ട് പേരുടെ സംസ്കാരം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ റഷ്യയിൽ തന്നെ നടത്തി. മരിച്ചവരുടെയും കാണാതായവരുടെയും തിരിച്ചറിയൽ രേഖകൾ ഉറപ്പാക്കുന്നതിനായി 18 കുടുംബാംഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ റഷ്യൻ അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

റഷ്യൻ സൈന്യത്തിൽ നിർബന്ധപൂർവമോ നിയമവിരുദ്ധമായോ ചേർക്കപ്പെട്ട ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അവരെ എത്രയും വേഗം നാട്ടിലെത്തിക്കാനും കേന്ദ്ര സർക്കാർ നിരന്തരമായി റഷ്യയുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് രാജ്യസഭയിൽ വ്യക്തമാക്കി. സൈന്യത്തിൽ നിന്ന് തിരിച്ചുവരുന്നവർക്ക് യാത്രാ രേഖകൾ, ടിക്കറ്റുകൾ, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ റഷ്യയിലെ ഇന്ത്യൻ എംബസി സജീവമായി രംഗത്തുണ്ടെന്നും സർക്കാർ പാർലമെന്റിനെ അറിയിച്ചു.

2024 ഏപ്രില്‍ മുതല്‍ ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് നിർത്തിവച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ സൈനിക സേവന കരാറിന്റെ ദൈര്‍ഘ്യം മൂലം പലരുടെയും മോചനം വൈകുകയായിരുന്നു.

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.