
ബംഗ്ലാദേശിലെ മൈമൻസിങ് പട്ടണത്തിൽ ഫാക്ടറി തൊഴിലാളിയായ ദീപു ചന്ദ്രദാസ് എന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം വിചാരണ ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴ് പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. മതനിന്ദ ആരോപിച്ചായിരുന്നു ദീപുവിനെ ക്രൂരമായി മർദിച്ച ശേഷം മരത്തിൽ കെട്ടിത്തൂക്കി കൊന്നത്. ഇത്തരം കിരാതമായ ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് വ്യക്തമാക്കി. വിദ്യാർത്ഥി പ്രക്ഷോഭ നേതാവ് ഷറീഫ് ഉസ്മാൻ ഹാദിയുടെ (32) മരണത്തിന് പിന്നാലെയാണ് ബംഗ്ലാദേശിൽ വീണ്ടും വ്യാപക സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഷെയ്ഖ് ഹസീനയെ പുറത്താക്കിയ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ഹാദിക്ക് ഒരാഴ്ച മുൻപ് തലയ്ക്ക് വെടിയേറ്റിരുന്നു. സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി ഹാദി മരിച്ചതോടെ പ്രക്ഷോഭകാരികൾ തെരുവിലിറങ്ങുകയും രാജ്യം വീണ്ടും അശാന്തമാവുകയും ചെയ്തു.
സംഘർഷത്തിനിടെ ബംഗ്ലാദേശിലെ പ്രമുഖ പത്രങ്ങളായ ‘പ്രൊഥോം ആലോ’, ‘ഡെയ്‌ലി സ്റ്റാർ’ എന്നിവയുടെ ഓഫീസുകൾ പ്രക്ഷോഭകാരികൾ തകർക്കുകയും തീയിടുകയും ചെയ്തു. ഹാദിയുടെ മരണത്തിൽ മാധ്യമങ്ങൾക്ക് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പ്രൊഥോം ആലോയുടെ ചരിത്രത്തിൽ ആദ്യമായി പത്രത്തിന്റെ അച്ചടി നിർത്തിവെക്കേണ്ടി വന്നു. ഓഫീസിനുള്ളിലെ നൂറിലധികം കമ്പ്യൂട്ടറുകളും ജീവനക്കാരുടെ വസ്തുക്കളും കൊള്ളയടിക്കപ്പെട്ടു. 17 മണിക്കൂറോളം പത്രത്തിന്റെ ഓൺലൈൻ പതിപ്പും തടസ്സപ്പെട്ടു. നിലവിൽ ധാക്ക ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സൈന്യത്തെയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.