
പ്രതികൾക്ക് ജീവിതാവസാനം വരെ ഇളവില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. ഇത്തരം കഠിനമായ ശിക്ഷകൾ വിധിക്കാനുള്ള അധികാരം ഭരണഘടനാ കോടതികളായ സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമാണെന്ന് ജസ്റ്റിസുമാരായ എ അമാനുള്ള, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
2014‑ൽ കർണാടകയിൽ അഞ്ച് കുട്ടികളുടെ അമ്മയായ വിധവയെ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ശിക്ഷാ വിധി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിചാരണക്കോടതിയുടെ ശിക്ഷ ശരിവെച്ച കർണാടക ഹൈക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. ശാരീരിക ബന്ധത്തിന് വിസമ്മതിച്ചതിനെത്തുടർന്നാണ് പ്രതി സ്ത്രീയെ കൊലപ്പെടുത്തിയത്. ഈ കേസിൽ സ്വാഭാവിക ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്നും ശിക്ഷാ ഇളവുകൾക്ക് അർഹതയില്ലെന്നുമായിരുന്നു വിചാരണക്കോടതിയുടെ വിധി.
ജീവപര്യന്തം തടവ് എന്നാൽ അത് ജീവിതാവസാനം വരെയാണെങ്കിലും, ഭരണഘടനയുടെ അനുച്ഛേദം 72, 161 എന്നിവ പ്രകാരമുള്ള ശിക്ഷാ ഇളവുകൾക്ക് പ്രതികൾക്ക് അർഹതയുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ 25 മുതൽ 30 വർഷം വരെയോ അല്ലെങ്കിൽ മരണം വരെയോ ഇളവില്ലാത്ത ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് കഴിയില്ല. 14 വർഷത്തിന് മുകളിൽ ഇളവില്ലാത്ത ശിക്ഷ നിശ്ചയിക്കുന്നത് ഭരണഘടനാ കോടതികളുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്. ഈ സാഹചര്യത്തിൽ പ്രതിയുടെ ശിക്ഷ 14 വർഷത്തെ ജീവപര്യന്തമായി കുറച്ച കോടതി, ശിക്ഷാ ഇളവിനായി അപേക്ഷ സമർപ്പിക്കാൻ പ്രതിക്ക് അനുമതിയും നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.