
ഛത്തീസ്ഗഢിലെ കാങ്കർ ജില്ലയിൽ ശവസംസ്കാരവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കനത്ത സാമുദായിക സംഘർഷം. കാങ്കറിലെ അമാബേദ ഗ്രാമത്തിലാണ് ക്രൈസ്തവ വിശ്വാസികൾക്ക് നേരെ ആക്രമണമുണ്ടായത്. ജനക്കൂട്ടം രണ്ട് പള്ളികൾ തീയിട്ടു നശിപ്പിക്കുകയും വീടുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. സംഘർഷത്തെത്തുടർന്ന് നിരവധി കുടുംബങ്ങൾ ഗ്രാമത്തിൽ നിന്ന് പലായനം ചെയ്തതായാണ് റിപ്പോർട്ട്.
മരിച്ച ഒരു ക്രൈസ്തവ വിശ്വാസിയുടെ മൃതദേഹം പൊതുശ്മശാനത്തിൽ അടക്കം ചെയ്യുന്നതിനെ ചില ഗ്രാമവാസികൾ എതിർത്തതാണ് സംഘർഷത്തിന് കാരണമായത്. തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ പുറത്തുനിന്നുള്ളവർ ഉൾപ്പെടെയുള്ള വലിയൊരു ജനക്കൂട്ടം സംഘടിക്കുകയും ആക്രമണം അഴിച്ചുവിടുകയായിരുന്നു.
സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ വൻ പൊലീസ് സന്നാഹം ഗ്രാമത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘർഷത്തിൽ ഏതാനും പേർക്ക് പരിക്കേറ്റു. അക്രമം നടത്തിയവര്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സമാധാന സമിതി യോഗങ്ങൾ വിളിച്ചുചേർത്തിട്ടുണ്ട്. തകർന്ന വീടുകൾ പുനർനിർമ്മിക്കാൻ സഹായം നൽകുമെന്നും താൽക്കാലിക താമസസൗകര്യം ഒരുക്കുമെന്നും ഭരണകൂടം അറിയിച്ചു. സംഭവത്തിൽ ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള സംഘടനകൾ കടുത്ത ആശങ്ക രേഖപ്പെടുത്തി. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.