
ആള്‍ക്കൂട്ടക്കൊലകളുടെ സംസ്ഥാനമാക്കി കേരളത്തെയും മാറ്റാനുള്ള ആര്‍എസ്എസ് ശ്രമം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഫാസിസ്റ്റ് ആക്രമണത്തിന്റെ വേദിയായി മാറ്റാമെന്ന് ആര്‍എസ്എസും ബിജെപിയും വ്യാമോഹിക്കുന്നുണ്ടെങ്കില്‍ കേരളത്തിന്റെ മണ്ണ് അത് വച്ചുപൊറുപ്പിക്കാന്‍ പോകുന്നില്ല. ഇത് കേരളമാണ്, ഇവിടെ ആര്‍എസ്എസിന്റെ പേക്കൂത്തുകള്‍ വിലപ്പോകില്ലെന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി പറയുമെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
ആര്‍എസ്എസിന്റെ സര്‍ സംഘ്ചാലക് കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചത് ഇന്ത്യ ഹിന്ദുരാഷ്ട്രമാണ് എന്നാണ്. നേരത്തെ പറഞ്ഞുകൊണ്ടിരിക്കുന്നതാണെങ്കിലും, ഇപ്പോഴത് പറയുന്നതിന് പ്രത്യേക അര്‍ത്ഥമുണ്ട്. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. ഭരണഘടനയില്‍ അത് വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആ പ്രഖ്യാപനം മാറ്റിയിട്ടില്ല, മാറ്റാന്‍ പറ്റുകയുമില്ല. ഭരണഘടനയ്ക്ക് മേലും മതനിരപേക്ഷതയ്ക്കുമേലും കൈവയ്ക്കാനാണ് സര്‍ സംഘ്ചാലകിന്റെ നേതൃത്വത്തില്‍ ആശയപരവും രാഷ്ട്രീയവുമായ ശ്രമങ്ങള്‍ക്ക് ആര്‍എസ്എസ് ആക്കം കൂട്ടുന്നത്. അതിന്റെ ചുവടുപിടിച്ചുകൊണ്ടാണ് ആര്‍എസ്എസിന്റെ ഗുണ്ടാസംഘം നാട്ടില്‍ ഓരോരുത്തരെയും ഓരോ ന്യായം പറഞ്ഞ് തല്ലിക്കൊല്ലാന്‍ ശ്രമിക്കുന്നത്.
നീ ബംഗ്ലാദേശിയല്ലേ എന്ന് പറഞ്ഞാണ് വാളയാറില്‍ തൊഴിലാളിയെ ആക്രമിച്ചത്. ഇത് ആപല്‍ക്കരമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരം ശക്തികളോട് ഒരിക്കലും വിട്ടുവീഴ്ച കാണിക്കില്ല. കര്‍ശനമായ നടപടി സ്വീകരിക്കും. റവന്യു മന്ത്രി കെ രാജന്‍ ആ കുടുംബത്തെ കണ്ട് സര്‍ക്കാരിന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. തൊഴിലാളിയുടെ കുടുംബത്തോടൊപ്പമാണ് സര്‍ക്കാര്‍. മൃതദേഹം നാട്ടിലെത്തിക്കാനും അര്‍ഹതപ്പെട്ട നഷ്ടപരിഹാരം കൊടുക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ടെന്നും ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.