
തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയിന്റെ അവസാന ചിത്രമായ ‘ജനനായകൻ’ സിനിമയുടെ ഓഡിയോ ലോഞ്ചിന് മലേഷ്യൻ പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 27ന് മലേഷ്യയിലെ ബുക്കിറ്റ് ജലിൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ രാഷ്ട്രീയവുമായി ബന്ധപ്പെട്ട യാതൊരു വിധ പ്രവർത്തനങ്ങളും പാടില്ലെന്ന് റോയൽ മലേഷ്യ പൊലീസ് അറിയിച്ചു. പരിപാടിയിൽ രാഷ്ട്രീയ പ്രസംഗങ്ങൾ നടത്താനോ, രാഷ്ട്രീയ ചിഹ്നങ്ങളും ബാനറുകളും സന്ദേശങ്ങളും പ്രദർശിപ്പിക്കാനോ പാടില്ലെന്നും നിർദ്ദേശമുണ്ട്. ഈ വിലക്ക് മറികടക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മലേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
താരത്തിന്റെ അവസാന ചിത്രമായതിനാൽ ഏകദേശം 90,000 പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൻ തിരക്ക് കണക്കിലെടുത്ത് സ്റ്റേഡിയത്തിലും പരിസരത്തും മലേഷ്യൻ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പരിപാടിയുടെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ ഇതിനോടകം തന്നെ പൂർണ്ണമായും വിറ്റുപോയി. രാഷ്ട്രീയത്തിലേക്ക് പൂർണ്ണമായി മാറുന്നതിന്റെ ഭാഗമായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന നിലയിൽ വലിയ ആവേശത്തിലാണ് ആരാധകർ. ജനുവരി ഒൻപതിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.