
റോഡരികില്‍ നിസ്‌കരിക്കുകയായിരുന്ന പലസ്തീന്‍ യുവാവിന്റെ ദേഹത്തേക്ക് വാഹനം ഇടിച്ചുകയറ്റി ഇസ്രയേല്‍ റിസര്‍വിസ്റ്റ് സൈനികന്‍. പലസ്തീന്‍ യുവാവിന്റെ മുകളിലേക്ക് സായുധധാരിയായ ഒരാള്‍ വാഹനം കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചെന്ന് ഇസ്രയേല്‍ സൈന്യമാണ് വ്യക്തമാക്കിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം. എടിവി വാഹനം ഉപയോഗിച്ചായിരുന്നു ആക്രമണം.
റിസര്‍വിസ്റ്റ് സൈനികനാണ് ആക്രമണം നടത്തിയത്. ഇയാളുടെ സൈനിക സേവനം അവസാനിച്ചിരുന്നുവെന്നും ഇസ്രയേല്‍ സൈന്യം പറയുന്നു. ഇയാളുടെ ആയുധം പിടിച്ചെടുത്തെന്നും സൈന്യം വ്യക്തമാക്കി. റിസര്‍വിസ്റ്റ് സൈനികന്‍ വാഹനം പലസ്തീന്‍ യുവാവിന്റെ മേല്‍ ഇടിച്ചുകയറ്റുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് പലസ്തീന്‍ യുവാവിനോട് ആക്രോശിക്കുകയും പ്രദേശം വിട്ടു പോകാനും സൈനികന്‍ പറയുന്നത് വീഡിയോയില്‍ കാണാം.
ആക്രമണത്തിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പലസ്തീന്‍ യുവാവ് ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തി. ഇയാളുടെ ഇരു കാലുകള്‍ക്കും നല്ല വേദനയുണ്ടെന്ന് പിതാവ് മജ്ദി അബു മൊഖോ പറഞ്ഞു. മകന്റെ ദേഹത്ത് പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചെന്നും മജ്ദി പറയുന്നു. സംഭവത്തില്‍ റിസര്‍വിസ്റ്റ് സൈനികനെ അറസ്റ്റ് ചെയ്‌തെന്നും അഞ്ച് ദിവസത്തേക്ക് വീട്ടുതടങ്കലിലാക്കിയെന്നും ഇസ്രയേല്‍ മാധ്യമമായ ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ നേരത്തെ ഗ്രാമത്തിനുള്ളിലേക്ക് വെടിയുതിര്‍ത്തിരുന്നുവെന്നും അധികാരത്തിന്റെ ഗുരുതരമായ ലംഘനമാണിതെന്ന് ഇസ്രയേല്‍ സൈന്യം അന്ന് വ്യക്തമാക്കിയിരുന്നുവെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.