
ആഗോള സാമ്പത്തിക വിപണിയെ അമ്പരപ്പിച്ചു കൊണ്ട് വെള്ളിവിലയിൽ റെക്കോഡ് മുന്നേറ്റം. ആഭ്യന്തര വിപണിയായ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വെള്ളിവില ചരിത്രത്തിലാദ്യമായി കിലോഗ്രാമിന് 2,50,000 രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. ഒരു ഘട്ടത്തിൽ വില 2.54 ലക്ഷം രൂപ വരെ ഉയർന്നുവെങ്കിലും, ഉയർന്ന നിരക്കിൽ നിക്ഷേപകർ കൂട്ടത്തോടെ ലാഭമെടുത്തതോടെ വിലയിൽ 21,500 രൂപയുടെ പെട്ടെന്നുള്ള ഇടിവും രേഖപ്പെടുത്തി.
2025ൽ നിക്ഷേപകർക്ക് ഏറ്റവും കൂടുതൽ ലാഭം നൽകിയ ആസ്തിയായി വെള്ളി മാറി.
വർഷാരംഭത്തിൽ കിലോയ്ക്ക് 85,000 രൂപയായിരുന്ന വില ഡിസംബർ അവസാനിക്കുമ്പോൾ 2.5 ലക്ഷം കടന്നത് ഏകദേശം 140 % വർധനവാണ് കാണിക്കുന്നത്. ഇതേ കാലയളവിൽ സ്വർണം നൽകിയ 70 % ലാഭത്തേക്കാൾ ഇരട്ടിയിലധികം നേട്ടമാണ് വെള്ളി നിക്ഷേപകർക്ക് സമ്മാനിച്ചത്. രാജ്യാന്തര വിപണിയിൽ ചരിത്രത്തിലാദ്യമായി വെള്ളി ഔൺസിന് 80 ഡോളറിന് മുകളിലെത്തി.
വെള്ളിക്ക് ആഭരണങ്ങളേക്കാൾ കൂടുതൽ വ്യവസായ മേഖലയിലാണ് പ്രാധാന്യം. ഇലക്ട്രിക് വാഹനങ്ങൾ, സൗരോർജ്ജ പാനലുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്ററുകൾ, 5G സാങ്കേതികവിദ്യ എന്നിവയിൽ വെള്ളിയുടെ ഉപയോഗം കുതിച്ചുയർന്നത് വില വർധിക്കാൻ കാരണമായി. ലോകത്തെ മൊത്തം വെള്ളിയുടെ 60 ശതമാനവും വ്യവസായ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷമായി വെള്ളിയുടെ ഉല്പാദനം ആവശ്യകതയേക്കാൾ കുറവാണ്. പ്രധാന ഉല്പാദകരായ ചൈന കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത് ആഗോള വിപണിയിൽ പ്രതിസന്ധി സൃഷ്ടിച്ചു. ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങളും അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതും നിക്ഷേപകരെ വെള്ളിയിലേക്ക് ആകർഷിച്ചു. ഡോളർ സൂചികയിലുണ്ടായ ഇടിവും വെള്ളിയുടെ മൂല്യം വർധിപ്പിച്ചു.
കുറഞ്ഞ കാലയളവിൽ ഉണ്ടായ വൻ കുതിച്ചുചാട്ടം വിപണിയിൽ വലിയ തിരുത്തലുകൾക്ക് കാരണമായേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സ്വർണത്തെ അപേക്ഷിച്ച് വെള്ളി വിപണിയിൽ വിലയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ സ്വാഭാവികമാണ്. എന്നാൽ 2026‑ലും ഇലക്ട്രോണിക്സ്, സോളാർ മേഖലകളിൽ വെള്ളിയുടെ ആവശ്യം വർധിക്കുമെന്നതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ വില ഉയർന്ന നിലവാരത്തിൽ തന്നെ തുടരാനാണ് സാധ്യത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.