12 January 2026, Monday

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടക്കവും ഒടുക്കവും

പ്രൊഫ. കെ അരവിന്ദാക്ഷൻ
December 31, 2025 4:15 am

ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ യുപിഎ ഭരണകൂടമാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (എംഎന്‍ആര്‍ഇജിഎസ്) തുടക്കമിട്ടത്. ഇന്ത്യന്‍ ഗ്രാമീണ — കാര്‍ഷിക മേഖലയില്‍ വ്യാപകവും ഗുരുതരവുമായ തോതില്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ധിക്കാനിടയായ സാഹചര്യം നേരിടുന്നതിന് തെല്ലെങ്കിലും ആശ്വാസം പകര്‍ന്നു നല്‍കുക എന്നതായിരുന്നു അന്നത്തെ ലക്ഷ്യം. സിപിഐ, സിപിഐ(എം) എന്നീ പാര്‍ട്ടികളും മറ്റ് ഇടത് പാര്‍ട്ടികളും പ്രത്യയശാസ്ത്ര ഭിന്നതകള്‍ വിസ്മരിച്ച് ഈ പദ്ധതിക്ക് പിന്തുണ നല്‍കുകയായിരുന്നു. സ്ഥിരം തൊഴിലവസരങ്ങള്‍ക്ക് പകരം താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ മാത്രമായിരുന്നു സ്വാഗതം ചെയ്തത്. പ്രതിവര്‍ഷം 100 ദിവസങ്ങളെങ്കിലും വരുമാനം ലഭ്യമാകുക എന്നത് വലിയൊരു ആശ്വാസമായിട്ടാണ് ഗ്രാമീണ ജനത കണക്കാക്കിയിരുന്നത്. യുപിഎ സര്‍ക്കാര്‍ തങ്ങളുടെ അഭിമാന പദ്ധതി എന്ന നിലയില്‍ ജനസമ്മതി നേടുകയുമുണ്ടായി. അതേയവസരത്തില്‍ പദ്ധതിയിലൂടെ ഉറപ്പുനല്‍കിയിരുന്ന 100 തൊഴില്‍ദിനങ്ങള്‍ നിരവധി സംസ്ഥാനങ്ങളില്‍ 50 ദിവസങ്ങളായി പരിമിതപ്പെട്ട അനുഭവവും ഉണ്ടായിരുന്നു. എങ്കിലും ഉപജീവനമാര്‍ഗമില്ലാത്ത ഗ്രാമീണ ജനതയ്ക്ക് ചെറിയൊരു ആശ്വാസമെങ്കിലും പകര്‍ന്ന് നല്‍കാതിരുന്നില്ല. എംഎന്‍ആര്‍ജിഇജിഎസ് നിയമം വിജ്ഞാപനം ചെയ്യപ്പെട്ടത് 2005 സെപ്റ്റംബര്‍ ഏഴിനായിരുന്നു. 2006 ഫെബ്രുവരി രണ്ട് മുതലുള്ള ആദ്യഘട്ടത്തില്‍ രാജ്യത്തെ 200 ജില്ലകള്‍ക്കാണ് പദ്ധതി ബാധകമാക്കപ്പെട്ടിരുന്നത്. 2007-08 കാലയളവില്‍ 130ലേറെ അധിക ജില്ലകള്‍ കൂടി നിയമത്തിന്റെ പരിധിയില്‍ വന്നു. മൂന്നുഘട്ടങ്ങളിലായി വിപുലപ്പെടുത്തിയ പദ്ധതി, 2008 ഏപ്രില്‍ ഒന്ന് മുതല്‍ മുഴുവന്‍ ജില്ലകളിലേക്കും വ്യാപകമാക്കി. ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന തൊഴില്‍ദാന പദ്ധതി എന്ന് വിദേശ ഭരണകൂടങ്ങളും ഐക്യരാഷ്ട്രസഭയും അംഗീകരിച്ച ബൃഹത്തായ ഈ സംവിധാനം 2013ല്‍ ഭരണഘടനാ സ്ഥാപനമായ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) മോണിറ്ററിങ്ങിനും പരിശോധനയ്ക്കും വിധേയമാക്കുകയുണ്ടായി. 2009–10നും 2011–12നും ഇടയ്ക്കുള്ള കാലയളവില്‍ ബിഹാര്‍, മഹാരാഷ്ട്ര, യുപി എന്നീ സംസ്ഥാനങ്ങള്‍ക്കായി നീക്കിവയ്ക്കപ്പെട്ടിരുന്ന തുകയുടെ 20% ചേര്‍ന്നാല്‍ ഇത് മൊത്തം ഗ്രാമീണ ദരിദ്ര ജനസംഖ്യയുടെ 46% പേര്‍ക്ക് ഗുണകരമായി മാറി എന്നാണ് വിലയിരുത്തിയത്.

പരമ ദാരിദ്ര്യബാധിതമെന്ന് ആസൂത്രണ കമ്മിഷനും മറ്റു പഠന ഏജന്‍സികളും കണ്ടെത്തിയിരുന്ന ‘ബീമാറു’ സംസ്ഥാനങ്ങളിലേതടക്കമുള്ള ജില്ലകളിലെല്ലാം പദ്ധതിയുടെ ഗുണഫലങ്ങള്‍ ചെന്നെത്തി എന്നത് നിസാരമല്ല. ‘ബീമാറു‘വില്‍ ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവയ്ക്ക് പുറമെ അന്നത്തെ മഹാരാഷ്ട്രയും ഉള്‍പ്പെട്ടിരുന്നു എന്ന് തിരിച്ചറിയണം. ഇവിടങ്ങളിലെല്ലാം ഗ്രാമീണ ജനതയുടെ ജീവിതനിലവാരം ഉയരാന്‍ നേരിയ തോതിലെങ്കിലും കാരണമായി എന്നതില്‍ തര്‍ക്കമില്ല. ഈ ദേശീയ സമാശ്വാസ പദ്ധതി 2014ല്‍ മോഡിയുടെ നേതൃത്വത്തില്‍ ഭരണമേറ്റെടുത്ത എന്‍ഡിഎ നിഷേധഭാവത്തോടെയാണ് നിരീക്ഷിച്ചതും വിലയിരുത്തിയതും. ഇതില്‍ അത്ഭുതപ്പെടേണ്ടതില്ല. ഇരുഭരണകൂടങ്ങളും തമ്മിലുള്ള വര്‍ഗവീക്ഷണത്തിലുള്ള അന്തരം തന്നെയാണ് കാരണം. ദേശീയ തൊഴില്‍ദാന പദ്ധതിയെ മോഡി വിശേഷിപ്പിച്ചിരുന്നത് തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ യുപിഎ സര്‍ക്കാരിന്റെ പരാജയം വിളിച്ചോതുന്ന ‘സ്മാരകം’ എന്നാണ്. എന്നാല്‍ കോവിഡ്-19 നിലവിലിരുന്ന കാലയളവില്‍ ഗത്യന്തരമില്ലാതായ മോഡി സര്‍ക്കാര്‍, പദ്ധതിക്കുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിച്ചു എന്നത് ചരിത്രത്തിന്റെ ഒരു നിയോഗം മാത്രമാണ്. മഹാത്മാ ഗാന്ധിയുടെ പേരിലുള്ള പദ്ധതി ഒരു തരത്തിലും നിലനില്‍ക്കാന്‍ അനുവദിച്ചുകൂടാ എന്ന തീരുമാനം, തുടക്കത്തില്‍ നടപ്പാക്കിയത് പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നതിലൂടെ ആയിരുന്നു. ആദ്യത്തെ ലക്ഷ്യം പദ്ധതിയുടെ പേരില്‍ നിന്നും രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ നീക്കം ചെയ്യുക എന്നതു തന്നെയായിരുന്നു. അതിലൂടെ പദ്ധതിക്കുള്ള ‘ക്രെഡിറ്റ്’ യുപിഎ സര്‍ക്കാരിനും സര്‍ക്കാരിനെ പിന്തുണച്ചിരുന്ന കമ്മ്യൂണിസ്റ്റ് — ഇടത് പാര്‍ട്ടികള്‍ക്കും നിഷേധിക്കാമല്ലോ. ഇതാണ്, കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് പിന്നിലുള്ള രാഷ്ട്രീയം.
എംഎന്‍ആര്‍ജിഇജിഎ ഇല്ലാതാക്കി പകരം കൊണ്ടുവന്ന പുതിയ പേരിലുമുണ്ട് സംഘ്പരിവാര്‍ രാഷ്ട്രീയം. വികസിത് ഭാരത്-ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ (വിബി-ജി ആര്‍എഎം ജി ബില്‍) എന്നായി ഈ നിയമത്തിന്റെ പേര് ചുരുങ്ങിപ്പോകുന്നു. 10 വര്‍ഷമായി തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പ്രശ്നത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടുക എന്ന ലക്ഷ്യത്തില്‍ പുതിയ പദ്ധതി പ്രഖ്യാപനത്തിലൂടെ മോഡി സര്‍ക്കാരിന് സാധ്യമായിരിക്കുന്നു. ഇതോടൊപ്പം തൊഴിലുറപ്പ് പദ്ധതി ലക്ഷ്യം നേടുന്നതില്‍ പരാജയപ്പെട്ടു എന്ന കണക്ക് നിരത്താനും സര്‍ക്കാരിന് സാധ്യമായിട്ടുമുണ്ട്. പഴയ പദ്ധതിയില്‍ പ്രതിവര്‍ഷം 100 ദിവസം ജോലിയുടെ സ്ഥാനത്ത് ശരാശരി 50 ദിവസങ്ങള്‍ മാത്രമാണ് തൊഴില്‍ ലഭ്യത ലഭിച്ചിരുന്നതത്രെ. രണ്ട് ദശകക്കാലത്തിനിടയില്‍, നിയമാനുസൃതമായ തൊഴില്‍ദിനങ്ങള്‍ പൂര്‍ണമായി നേടാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് വാദം. യഥാര്‍ത്ഥത്തില്‍ തൊഴില്‍ ആവശ്യകത കൃത്രിമമായി കുറച്ചുകാണിച്ചാണ് പദ്ധതി പരാജയപ്പെട്ടു എന്ന വാദഗതി നിരത്തിയിരിക്കുന്നത് എന്നാണ് പൊതുസമൂഹം വിമര്‍ശിക്കുന്നത്. പദ്ധതി പരമാവധി ഗുണകരമായിത്തീരണമെങ്കില്‍, മതിയായ ധനസഹായം ബജറ്റില്‍ ലഭ്യമാക്കുകയും താമസമില്ലാതെ ഗുണഭോക്താക്കളിലേക്കെത്തിക്കാന്‍ അനുയോജ്യമായ ഭരണപരമായ സംവിധാനം ഒരുക്കുകയുമാണ് വേണ്ടത്. വേതനവിതരണവും കാര്യക്ഷമതയോടെ ഉറപ്പാക്കണം. എന്നാല്‍, പദ്ധതിയില്‍ താല്പര്യമില്ലാത്തതിനാല്‍ മോഡി സര്‍ക്കാര്‍ ഇതൊന്നും തന്നെ പ്രാവര്‍ത്തികമാക്കിയില്ല.

പദ്ധതിയുടെ പേരുമാറ്റം യാദൃച്ഛികതയായി അവഗണിച്ചാല്‍ തന്നെയും, പുതിയ പദ്ധതിയുടെ ഉള്ളടക്കത്തില്‍ വരാനിരിക്കുന്ന മാറ്റങ്ങളും അതുവഴി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്ന അധിക സാമ്പത്തിക ബാധ്യതയും നിസാരമായി കാണാനാവില്ല. ലിബ് ടെക് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ മുതിര്‍ന്ന ഗവേഷകന്‍ ഡാേ. ചക്രധാര്‍ ബുദ്ധ ചൂണ്ടിക്കാട്ടിയിരിക്കുന്നത്, “തൊഴില്‍ ഡിമാന്‍ഡ് കൃത്യതയോടെ കണക്കാക്കുന്നതില്‍ ഔദ്യോഗികതല വീഴ്ച നിത്യാനുഭവമാണ്” എന്നാണ്. തൊഴില്‍ നിര്‍ണയവും വേതന ഫണ്ടിങ്ങും വിതരണവും താളം തെറ്റുന്നതിലേക്കാണ് ഇത് വഴിയൊരുക്കുന്നത്. തന്മൂലം തൊഴിലവസര നിഷേധം മാത്രമല്ല, തൊഴിലവകാശ നിഷേധവും വ്യാപകമാണ്. സംസ്ഥാന സര്‍ക്കാരുകളെ സാമൂഹ്യമായും സാമ്പത്തികമായും ഞെരുക്കുകയും നിരായുധമാക്കുകയും ചെയ്യുന്നതിലൂടെ കേന്ദ്ര ഭരണകൂടത്തിന്റെ ഏകാധിപത്യ ഫാസിസ്റ്റ് താല്പര്യങ്ങള്‍ക്ക് വിധേയമാക്കുന്നതിനാണ് പുതിയ നിയമം ദുരുപയോഗം ചെയ്യപ്പെടുക എന്നത് ഉറപ്പാണ്. സാര്‍വദേശീയ പ്രശസ്തി നേടിയ നൊബേല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെയുള്ള ധനശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്ര വിദഗ്ധരും മോഡി സര്‍ക്കാരിന്റെ പുതിയ നിയമനിര്‍മ്മാണത്തെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പൊളിച്ചെഴുതിയതിലൂടെ മോഡി സര്‍ക്കാര്‍ “ചരിത്രപരമായൊരു അബദ്ധ“മാണ് ചെയ്തിരിക്കുന്നതെന്ന് അവര്‍ അഭിപ്രായപ്പെടുകയും ഇതു സംബന്ധിച്ച കത്ത് കേന്ദ്രസര്‍ക്കാരിന് അയയ്ക്കുകയും ചെയ്തു.
എംഎന്‍ആര്‍ഇജി പദ്ധതിയെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത് “ഡിമാന്‍ഡ് പ്രചോദിത തൊഴില്‍ദാന പദ്ധതിയെന്ന നിലയില്‍ തൊഴിലവകാശം ഉറപ്പാക്കുന്ന ആഗോളതലത്തില്‍ ഏറ്റവും മികവാര്‍ന്ന നയസമീപനം“എന്നാണ്. സാമ്പത്തിക അന്തസ് മൗലികാവകാശമാണ് എന്ന തത്വം മുറുകെപ്പിടിക്കുന്ന പദ്ധതി കൂടിയാണിത്. ഗ്രാമീണ ജനതയുടെ വേതനവും ജീവിതനിലവാരവും തൊഴിലാളിയുടെ അന്തസും ഉയര്‍ത്തിപ്പിടിക്കാന്‍ ഇതുവഴി സാധ്യമായിരുന്നു. കോവിഡ് കാലയളവില്‍ ഉല്പാദനക്ഷമത ഇടിയാതെ നിലനിര്‍ത്താന്‍ പദ്ധതി ഒട്ടേറെ സഹായകമായി. ഗ്രാമീണ മേഖലയില്‍ അതിരൂക്ഷമായ ദാരിദ്ര്യവും പട്ടിണിയും വലിയൊരളവില്‍ പരിഹരിക്കാനും തൊഴിലുറപ്പ് പദ്ധതി സഹായകമായിരുന്നു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരുന്ന സംസ്ഥാനങ്ങള്‍ക്ക്, പദ്ധതി നടത്തിപ്പിന്റെ 100 ശതമാനത്തോളം വിഭവ ഇനത്തിലുള്ള ചെലവും കേന്ദ്ര ഖജനാവില്‍ നിന്നായിരുന്നത് വലിയ ആശ്വാസമായിരുന്നു. ഇനിമേല്‍ പദ്ധതി ചെലവിന്റെ ഏറെക്കുറെ മുഴുവന്‍ ബാധ്യതയും സംസ്ഥാനങ്ങളുടേതായി മാറും. ഇത് സാധ്യമല്ലാതെ വരുമ്പോള്‍ തൊഴില്‍ദിനങ്ങളില്‍ കുറവ് വരികയായിരിക്കും ഫലം. 

രാഷ്ട്രീയ പരിഗണനയുടെ അടിസ്ഥാനത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനുള്ള പദ്ധതി വിഹിതത്തില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി കേന്ദ്രം വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്. ജിഎസ്‌ടി വരുമാനം നിലച്ചതിനെത്തുടര്‍ന്ന് കേരളത്തിന് നഷ്ടം സംഭവിച്ചിരിക്കുന്നത് 10,000 കോടി രൂപയോളമാണെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ തൊഴില്‍ദാന പദ്ധതിയെത്തുടര്‍ന്ന് തൊഴില്‍ദിന നഷ്ടം മാത്രമല്ല, പദ്ധതി നടത്തിപ്പിനായുള്ള അധിക ഫണ്ടും കേരളം സഹിക്കേണ്ടി വരും. സ്വാഭാവികമായും ഗ്രാമീണ മേഖലയിലെ വികസന ഉത്തേജക ആസ്തികളായ കിണറുകള്‍, ഗ്രാമീണ റോഡ്, വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍, കുളങ്ങള്‍ തുടങ്ങിയവയുടെ സംരക്ഷണമുള്‍പ്പെടെ താളംതെറ്റുകയും പരിസ്ഥിതി സന്തുലിതാവസ്ഥ തകരാറിലാവുകയും ചെയ്യും. സാമൂഹ്യ നീതി, കാര്‍ഷിക മേഖലാ വികസനം, ദാരിദ്ര്യ നിര്‍മ്മാര്‍ജനം തുടങ്ങിയ ലക്ഷ്യങ്ങളും തകിടം മറിയാതിരിക്കില്ല. ‘മഹാത്മാ ഗാന്ധി’ എന്ന പേരിനോടുള്ള സംഘ്പരിവാറിന്റെ അലര്‍ജി പരിഹരിക്കുന്നതിന് ഇത്രയേറെ ജനദ്രോഹ തൊഴിലവകാശ ലംഘന സമീപനം എന്തിനുവേണ്ടി എന്നതാണ് മുഴങ്ങിക്കേള്‍ക്കുന്ന ചോദ്യം. കേള്‍ക്കാത്തവരെ കേള്‍പ്പിക്കേണ്ട ചോദ്യവും മറ്റൊന്നല്ല. 

Kerala State - Students Savings Scheme

TOP NEWS

January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 11, 2026
January 11, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.