21 January 2026, Wednesday

രാജ്യത്ത് മതപരമായ അക്രമങ്ങൾ വർധിക്കുന്നു; ആൾക്കൂട്ട കൊലപാതകങ്ങള്‍ നിത്യസംഭവം

Janayugom Webdesk
ന്യൂഡൽഹി
December 31, 2025 9:46 pm

ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ മതപരമായ അക്രമങ്ങൾ ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നതായി അഡ്വാൻസ്ഡ് സ്റ്റഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യ (എഎസ്ഐഎ) പുറത്തുവിട്ട പുതിയ പഠന റിപ്പോർട്ട്. ആൾക്കൂട്ട കൊലപാതകങ്ങളും വിദ്വേഷ ആക്രമണങ്ങളും ഇന്ത്യയിൽ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യത്തെ സാമൂഹികാന്തരീക്ഷത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് റിപ്പോർട്ട് ഗൗരവകരമായ നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഗോഹത്യയുമായി ബന്ധപ്പെട്ട കിംവദന്തികളുടെ പേരിൽ ന്യൂനപക്ഷ വിഭാഗങ്ങളിലെ പുരുഷന്മാർ ആൾക്കൂട്ട വിചാരണയ്ക്കും കൊലപാതകങ്ങൾക്കും ഇരയാകുന്നു. ക്രിസ്ത്യൻ ദേവാലയങ്ങൾക്കും മുസ്ലിം പള്ളികൾക്കും നേരെയുള്ള ആക്രമണങ്ങൾ വർധിച്ചു. ക്രിസ്മസ് പോലുള്ള ആഘോഷങ്ങൾ തടസപ്പെടുത്തുന്ന സംഭവങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ന്യൂനപക്ഷങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ മതിയായ മുന്നറിയിപ്പില്ലാതെ കെട്ടിടങ്ങൾ തകർക്കുന്ന രീതിയും സാമ്പത്തികമായി അവരെ ഒറ്റപ്പെടുത്തുന്ന പ്രവണതയും തുടരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾ വലിയ തോതിലുള്ള അരക്ഷിതാവസ്ഥ നേരിടുന്നു.

സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വ്യാജവാർത്തകളും വിദ്വേഷ പ്രചരണങ്ങളുമാണ് പലപ്പോഴും അക്രമങ്ങളിലേക്ക് നയിക്കുന്നത്. കിംവദന്തികൾ അതിവേഗം പ്രചരിക്കുന്നതിനാൽ ജനക്കൂട്ടം അക്രമത്തിന്റെ പാത സ്വീകരിക്കുന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി വിദ്വേഷം പ്രചരിപ്പിക്കുന്നത് സാമാന്യ രീതിയായി മാറിയിരിക്കുന്നു.

രാജ്യം ഇന്ന് വലിയൊരു ധാർമ്മിക പ്രതിസന്ധി നേരിടുകയാണെന്ന് അഡ്വാൻസ്ഡ് സ്റ്റഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യ ചെയർമാനും
ഡൽഹി മുൻ ലഫ്റ്റനന്റ് ഗവർണറുമായ നജീബ് ജംഗ് പറഞ്ഞു. പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ തുടങ്ങിയ അയൽരാജ്യങ്ങളിലും സമാനമായ രീതിയിൽ ഭരണകൂടത്തിന്റെ പിന്തുണയോടെ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നുണ്ട്. ഇതരമത വിദ്വേഷം വോട്ട് ബാങ്കിനായി ഉപയോഗിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങൾ ഇന്ത്യയുടെ അന്താരാഷ്ട്ര യശസിന് വലിയ തോതിൽ കോട്ടം വരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.