
വെള്ളാപ്പള്ളി നടേശനുമായി തർക്കത്തിനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളാപ്പള്ളിയുടെ കൈയിൽ നിന്ന് സിപിഐക്കാർ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ ഒരു വ്യവസായിയാണ്. അതിനാൽ തെരഞ്ഞെടുപ്പിന്റെയും മറ്റും ഭാഗമായി അദ്ദേഹത്തിൽ നിന്ന് പണം പിരിച്ചു കാണും. അതല്ലാതെ ചീത്ത വഴിക്ക് കൈക്കൂലിയായിട്ടോ അവിഹിതമായിട്ടോ ഒരു പൈസ പോലും പിരിക്കുന്ന പതിവ് സിപിഐക്കില്ല. ഒരുപാട് മഹാൻമാർ ഇരുന്ന കസേരയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടേതെന്ന് വെള്ളാപ്പള്ളി ഓർക്കണം. ജനങ്ങൾക്ക് എല്ലാ കാര്യവും അറിയാം. അവർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയേയും അറിയാം വെള്ളാപ്പള്ളിയേയും അറിയാം. എൽഡിഎഫിനോ ഏതെങ്കിലും പാർട്ടിക്കോ മാർക്കിടാനോ തെറ്റും ശരിയും പറയാനോ ആരും വെള്ളാപ്പള്ളിയെ ഏല്പിച്ചിട്ടില്ല. വെള്ളാപ്പള്ളിയല്ല എൽഡിഎഫ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളിലൊന്നും വെള്ളാപ്പള്ളിയുടെ ഒരു ഉപദേശവും കാത്തിരിക്കുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
”ബിനോയ് വിശ്വമല്ല പിണറായി വിജയൻ എന്ന് മുഖ്യമന്ത്രി പറഞ്ഞത് വളരെ ശരിയാണ്. പിണറായി വിജയനും ബിനോയ് വിശ്വവും രണ്ടും രണ്ട് പേരാണ്, രണ്ട് കാഴ്ചപ്പാടാണ്, രണ്ട് നിലപാടാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ വാദങ്ങളെ ഞാൻ നിരാകരിക്കുന്നില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.