
അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തി വെനസ്വേലയിൽ കടന്നാക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതിനുപിന്നാലെ വെനസ്വേല താൽക്കാലിക പ്രസിഡന്റിനെതിരെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുമായി സഹകരിച്ചില്ലെങ്കിൽ മഡുറോയേക്കാൾ മോശമായ വിധി നേരിടേണ്ടിവരുമെന്നാണ് താൽക്കാലിക പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ ട്രംപ് ഭീഷണിപ്പെടുത്തിയത്. അമേരിക്കയ്ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ വെനസ്വേലയിൽ നടപ്പാക്കിയില്ലെങ്കിൽ വളരെ വലിയ വില നൽകേണ്ടിവരുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിനെ റോഡ്രിഗസ് രൂക്ഷമായി വിമർശിക്കുകയും തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക ബലമായി പിടിച്ചുകൊണ്ടു പോയതിനു പിന്നാലെ വെനസ്വേലൻ സുപ്രീംകോടതിയാണ് വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ താൽക്കാലിക പ്രസിഡന്റായി നിയമിച്ചത്. ശനി പുലർച്ചെയാണ് സൈനിക നടപടിയിലൂടെ രാജ്യത്ത് കടന്നുകയറി വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും അമേരിക്ക തട്ടിക്കൊണ്ടുപോയി ജയിലിലടച്ചത്. മഡുറോയെയും ഭാര്യ സിലിയെയും ന്യൂയോര്‍ക്കിലെ ബ്രൂക്‌ലിനിലുള്ള മെട്രോപൊളിറ്റൻ ഡിറ്റൻഷന്‍ സെന്റ്റില്‍ അടച്ചിരിക്കുകയാണ്. തിങ്കളാഴ്‌ച മാൻഹട്ടൻ ഫെഡറൽ കോടതിയിൽ ഹാജരാക്കും. മയക്കുമരുന്ന് കടത്ത്, ഭീകരവാദം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അമേരിക്കൻ നീതിന്യായ വകുപ്പ് കുറ്റപത്രമിറക്കി. 25 വർഷത്തിലേറെയായി അമേരിക്കയിലേക്ക് ആയിരക്കണക്കിന് ടൺ കൊക്കെയ്ൻ കടത്താൻ ഗൂഢാലോചന നടത്തി, സ്‌ഫോടകവസ്‌തുക്കളും മെഷീൻ ഗണ്ണുകളും നിയമവിരുദ്ധമായി കൈവശം വെച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.