21 January 2026, Wednesday

ട്രംപ് സ്വപ്നം കാണുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാമ്രാജ്യത്വം

Janayugom Webdesk
January 8, 2026 5:00 am

ല്ലാ അന്താരാഷ്ട്ര മര്യാദകളും നിയമങ്ങളും കാറ്റിൽപ്പറത്തി ട്രംപിന്റെ സാമ്രാജ്യത്വ ഭരണകൂടം വെനസ്വേലയിൽ നടത്തിയ കടന്നാക്രമണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തായിരുന്നുവെന്ന എല്ലാ ഊഹാപോഹങ്ങൾക്കും അറുതിയായി. വെനസ്വേലയുടെ ശേഖരത്തിൽനിന്നും ഉദ്ദേശം 200 കോടി ഡോളറിന്റെ, 30 മുതൽ 50 വരെ ദശലക്ഷം വീപ്പ, എണ്ണ തങ്ങൾ ഉടൻ സ്വന്തമാക്കുമെന്ന് ട്രംപ് പ്രസ്താവിച്ചിരിക്കുന്നു. ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തിൽ ചൈനയടക്കം രാജ്യങ്ങൾക്ക് ലഭ്യമാകേണ്ട എണ്ണയാണ് യുഎസ് ഏകപക്ഷീയമായ ബലപ്രയോഗത്തിലൂടെ സ്വന്തമാക്കുന്നത്.

അത് ലോകത്തെ ഏറ്റവുംവലിയ എണ്ണനിക്ഷേപത്തിന്മേൽ യുഎസ് പിടിമുറുക്കുന്നതിന്റെ ആരംഭമായിരിക്കും. കൊളംബിയ അടക്കം ലാറ്റിനമേരിക്കൻ രാജ്യങ്ങളും യൂറോപ്പിന്റെ ഭാഗമായ ഗ്രീൻലാന്‍ഡുമടക്കം ഭൂപ്രദേശങ്ങളും ജനതകളും ആസന്നമായ യുഎസ് ആക്രമണ, അധിനിവേശ ഭീഷണിയുടെ നിഴലിലാണ്. ആ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള രാഷ്ട്രീയവും സൈനികവുമായ തിരക്കിട്ട കൂടിയാലോചനകളുടെ വേദിയായി മാറിയിരിക്കുകയാണ് വൈറ്റ് ഹൗസ്. വെനസ്വേലയുടെ എണ്ണസമ്പത്ത് കയ്യടക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതിനും നിക്ഷേപങ്ങൾ നടത്തുന്നത് സംബന്ധിച്ചുമുള്ള കൂടിയാലോചനകൾ ഒരുവശത്ത് നടക്കുമ്പോൾ മറുവശത്ത് ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള രാഷ്ട്രീയ ന്യായീകരങ്ങളാണ് തയ്യാറായി വരുന്നത്. ഗ്രീൻലാൻഡ് കയ്യടക്കുകയെന്നത് തങ്ങളുടെ ‘ദേശീയ സുരക്ഷാ മുൻഗണന’യാണെന്ന പുതിയ വ്യാഖ്യാനമാണ് ട്രംപ് ഭരണകൂടം ഇപ്പോൾ മുന്നോട്ടുവയ്ക്കുന്നത്. കേവലം 57,000 ജനങ്ങൾ മാത്രമുള്ള ഗ്രീൻലാൻഡ് എന്ന ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശം സ്വന്തമാക്കാൻ സൈനിക ഇടപെടലിന്റെ ആവശ്യമില്ലെന്ന വാദമാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. യുഎസിന് സ്വന്തം സൈനിക താവളവും സന്നാഹങ്ങളുമുള്ള ഭൂപ്രദേശം സ്വന്തമാക്കാൻ മറ്റാരുടെയും അനുമതി ആവശ്യമില്ലെന്ന് അവർ വിലയിരുത്തുന്നു.

ഡെന്മാർക്ക് ഉൾപ്പെടെയുള്ള നാറ്റോ സഖ്യശക്തികളുടെ ശക്തമായ എതിർപ്പ് അവർ പുച്ഛത്തോടെ തള്ളിക്കളയുന്നു. അതിനാവശ്യമായ രാഷ്ട്രീയ സിദ്ധാന്ത ചട്ടക്കൂടിനുതന്നെ അവർ രൂപം നൽകിയിരിക്കുന്നു. യുഎസ്, സൈനികമായി ഗ്രീൻലാൻഡ് ഏറ്റെടുക്കാൻ മുതിർന്നാൽ നാറ്റോയിലെ മറ്റ് 31 അംഗരാജ്യങ്ങളിൽ ഒന്നുപോലും അതിനെ എതിർക്കാൻ മുതിരില്ലെന്ന് ട്രംപിന്റെ ഉപദേശകരിൽ പ്രമുഖനായ സ്റ്റീഫൻ മില്ലർ പ്രഖ്യാപിക്കുന്നു. ‘യാഥാർത്ഥലോകത്തെ നിയന്ത്രിക്കുന്നത് കരാറുകളോ പരസ്പര സഹകരണമോ അല്ല, മറിച്ച് അധികാരവും കരുത്തും അത് പ്രയോഗിക്കാനുള്ള ചങ്കൂറ്റവുമാണ്’.

അതാണ് എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും മര്യാദകളെയും കരാറുകളെയും കീഴ്‌വഴക്കങ്ങളെയും കാറ്റില്‍‌പ്പറത്തുന്ന പുതിയ യുഎസ് ഭരണകൂട ഭീകരതയുടെ സൈദ്ധാന്തിക അടിത്തറ. യുഎസ് സേനയിൽ 13 ലക്ഷം സജീവ അംഗങ്ങളാണുള്ളത്. ബാക്കിവരുന്ന 31 അംഗരാഷ്ട്രങ്ങൾക്കുംകൂടി പരമാവധി 22 ലക്ഷം അംഗങ്ങളുടെ ശേഷിയാണ് കണക്കാക്കപ്പെടുന്നത്. ഗ്രീൻലാൻഡിന്റെ രക്ഷാകർതൃത്വം അവകാശപ്പെടുന്ന ഡെന്മാർക്ക് സേനയുടെ അംഗബലമാകട്ടെ കേവലം 13,100 മാത്രം. 2025ൽ യുഎസ് സൈനികച്ചിലവ് 84,500 കോടി ഡോളറായിരുന്നെങ്കിൽ മറ്റ് അംഗരാഷ്ട്രങ്ങൾ വകയിരുത്തിയിരുന്നത് 55,900 കോടി ഡോളർ മാത്രം. ഈ വസ്തുതയാണ് ഏതറ്റംവരെ പോകാനും ആരെയും വെല്ലുവിളിക്കാനും ട്രംപിന്റെ ഭ്രാന്തൻ ഭരണകൂടത്തെ പ്രാപ്തമാക്കുന്നത്. ലോകം സാക്ഷ്യംവഹിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സവിശേഷതകളോടുകൂടിയ നവ സാമ്രാജ്യത്വ, നവ കോളനി രാക്ഷസീയതയുടെ ഉദയത്തെയാണ്. ട്രംപ് ഭരണകൂടം ഉന്നയിക്കുന്ന തങ്ങളുടെ ‘ദേശിയ സുരക്ഷക്കെതിരായ വെല്ലുവിളി’ എന്ന വാദം നിലവിലുള്ള ലോകക്രമത്തെ അട്ടിമറിച്ച് ലോകത്തിന്റെയാകെ സമ്പത്ത് യഥേഷ്ടം കൊള്ളയടിക്കാനുള്ള യുഎസ് സാമ്രാജ്യത്വ പദ്ധതിയെ ന്യായീകരിക്കാനുള്ള അവരുടെ തന്ത്രത്തിന്റെ ഭാഗമാണ്. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലെന്ന യാഥാർത്ഥ്യത്തെയാണ് ട്രംപ് ഭരണകൂടം പ്രതിനിധാനം ചെയ്യുന്നത്. വെനസ്വേലയിൽ എന്നപോലെ പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ ഗ്രീൻലാൻഡിനെ സ്വന്തമാക്കി കൊള്ളയടിക്കുക എന്നതാണ് ഇവിടെയും യുഎസ് ലക്ഷ്യം. അറ്റ്ലാന്റിക്, ആർട്ടിക്, പസഫിക് സമുദ്രങ്ങൾക്കിടയിൽ റഷ്യക്കും യൂറോപ്പിനും യുഎസിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഗ്രീൻലാൻഡിന്റെ തന്ത്രപ്രാധാന്യവും അനിഷേധ്യമാണ്.

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ഗ്രീൻലാൻഡിന്റെ മഞ്ഞുകവചത്തെ അതിവേഗം ഉരുക്കി നഗ്നമാക്കികൊണ്ടിരിക്കുകയാണ്. ഗ്രീൻലാൻഡ് എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും സമ്പന്ന ശേഖരങ്ങളിൽ ഒന്നിനെ ഉൾക്കൊള്ളുന്നു. അവിടത്തെ മഞ്ഞുപാളികൾക്കിടയിൽ ചെമ്പ്, ലിഥിയം, കോബാൾട്ട്, നിക്കൽ തുടങ്ങി സർവ്വപ്രധാനമായ ധാതുക്കളുടെ നിക്ഷേപവുണ്ട്. ആർട്ടിക് സമുദ്രത്തിലെ മഞ്ഞുരുക്കത്തിന് വേഗത കൂടിയതോടെ അമേരിക്കൻ ഭൂഖണ്ഡത്തിൽനിന്നും കിഴക്കൻ ഏഷ്യയിലേക്കുള്ള ചരക്കുനീക്ക സമയം പകുതിയായി ചുരുങ്ങും. യൂറോപ്പ്, റഷ്യ, ചൈന കിഴക്കൻ ഏഷ്യ തുടങ്ങിയ ഭൂപ്രദേശങ്ങളുടെ കേന്ദ്രസ്ഥാനത്തുള്ള ഗ്രീൻലാൻഡ് രാഷ്ട്രീയമായും സാമ്പത്തികമായും സൈനികമായും ഒരു പുതിയ യുദ്ധഭൂമിയായി വികസിക്കുകയാണ്. അവിടെയാണ് ഗ്രീൻലാൻഡ് സ്വന്തമാക്കുക എന്ന യുഎസ് സാമ്രാജ്യത്വ പദ്ധതിയുടെ പ്രസക്തി.

ഒരു വെടിപോലും പൊട്ടിക്കാതെ, ഒരുതുള്ളി രക്തംപോലും ചിന്താതെ കേവലം 57,000 മാത്രം വരുന്ന ഒരു ജനതയെ അപ്പാടെ വിലക്കെടുത്ത് അവരുടെ മണ്ണും സമ്പത്തും ഒറ്റയടിക്ക് കൈക്കലാക്കാനുള്ള പദ്ധതിയാണ് ട്രംപ് ഭരണകൂടം വിഭാവനം ചെയ്യുന്നത്. ലോകത്തെമ്പാടുമുള്ള മനുഷ്യരെ പിടികൂടി ചങ്ങലക്കിട്ട് അടിമകളാക്കി അവരുടെ ചോരയും വിയർപ്പും ജീവനുംകൊണ്ട് പടുത്തുയർത്തിയ യുഎസ് സാമ്രാജ്യത്വം ലോകത്തെവിടെയുമുള്ള ജനങ്ങളെ അവരുടെ മണ്ണിൽത്തന്നെ അടിമകളാക്കി അവരുടെ സമ്പത്ത് കൊള്ളയടിക്കുന്ന 21-ാം നൂറ്റാണ്ടിന്റെ സാമ്രാജ്യത്വ പദ്ധതിയാണ് സ്വപ്നംകാണുന്നതും വിഭാവനം ചെയ്യുന്നതും.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.