
ഓസ്‌ട്രേലിയയിൽ ജനജീവിതം സ്തംഭിപ്പിച്ച് അതിശക്തമായ ഉഷ്ണതരംഗം. മെൽബണിൽ കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിനമാണ് ബുധനാഴ്ച (07.01.2026) രേഖപ്പെടുത്തിയത്. ഒളിമ്പിക് പാർക്കിൽ താപനില 41.1° സെൽഷ്യസ് വരെ ഉയർന്നു. 2020 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന താപനിലയാണിത്. അഡ്‌ലെയ്ഡിൽ ചൂട് 43°സെൽഷ്യസ് കടന്നതോടെ സ്ഥിതി അതീവ ഗുരുതരമായി. രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറ് മുതൽ തെക്ക്-കിഴക്ക് വരെ നീളുന്ന അതിശക്തമായ ഉഷ്ണതരംഗമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. നിലവിൽ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ആരംഭിച്ച് സൗത്ത് ഓസ്‌ട്രേലിയ, വിക്ടോറിയ, ന്യൂ സൗത്ത് വെയ്‌ൽസ്, ടാസ്‌മേനിയ എന്നിവിടങ്ങളിലേക്ക് ഇത് വ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ചില തീരദേശ നഗരങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിട്ടുണ്ട്. സിഡ്‌നി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ വരും ദിവസങ്ങളിൽ ചൂട് 42 ഡിഗ്രിക്ക് മുകളിൽ എത്തിയേക്കും.
33 പേരുടെ മരണത്തിന് കാരണമായ 2019–20 ലെ ‘ബ്ലാക്ക് സമ്മർ’ കാട്ടുതീയ്ക്ക് ശേഷം രാജ്യം നേരിടുന്ന ഏറ്റവും അപകടകരമായ സാഹചര്യമാണിതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കനത്ത കാറ്റും മിന്നലോടു കൂടിയ ഇടിമഴയും കാട്ടുതീ പടരാൻ കാരണമായേക്കുമെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് നേരത്തെ തന്നെ മാറിതാമസിക്കാൻ അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചു. പലയിടങ്ങളിലും താപനില 40 ഡിഗ്രിക്ക് മുകളിൽ തുടരുന്നത് കാട്ടുതീ പടരാനുള്ള സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. കനത്ത ചൂടിനെത്തുടർന്ന് വിക്ടോറിയ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വെള്ളിയാഴ്ച വിക്ടോറിയ ഉൾപ്പെടെയുള്ള മേഖലകളിൽ അഥവാ അതീവ ഗുരുതരമായ ഫയർ അലർട്ട് പ്രഖ്യാപിച്ചിരുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായി വിക്ടോറിയയിൽ ഏകദേശം 450 സ്കൂളുകൾക്കും ചൈൽഡ് കെയർ സെന്ററുകൾക്കും അവധി നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.