
ഭരണഘടന മാറുന്നില്ലെങ്കിലും ഭരണപരമായ പരിഷ്കാരങ്ങളിലൂടെ അതിന്റെ മൂല്യങ്ങളെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് എഴുത്തുകാരൻ സണ്ണി എം കപിക്കാട്. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന കെഎൽഐബിഎഫ് ടോക്ക് സേഷനിൽ ‘ഭരണഘടനാ ധാർമികത’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിധി, സ്വവർഗ്ഗാനുരാഗം ക്രിമിനൽ കുറ്റമല്ലാതാക്കിയ വിധി തുടങ്ങിയവയിൽ കോടതികൾ ഉയർത്തിപ്പിടിക്കുന്നത് ഭരണഘടനാ ധാർമികതയാണ്. സ്ത്രീകളുടെ അന്തസ്സും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുന്നത് ഈ മൂല്യബോധം കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും വിപ്ലവകരമായ പുസ്തകം ഇന്ത്യൻ ഭരണഘടന തന്നെയാണ്. ഒരു സമൂഹം ശരിയെന്ന് വിശ്വസിക്കുന്ന മൂല്യങ്ങളാണ് സാമൂഹിക ധാർമികതയ്ക്കടിസ്ഥാനം. ജാതിയുടെയും ലിംഗഭേദത്തിന്റെയും അടിസ്ഥാനത്തിൽ മനുഷ്യരെ വേർതിരിച്ചിരുന്ന പാരമ്പര്യമാണ് നമുക്കുള്ളത്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് പ്രഖ്യാപിക്കുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദം ഇന്ത്യയിലെ മനുഷ്യവിരുദ്ധമായ പഴയ ധാർമിക വ്യവസ്ഥയ്ക്കെതിരെയുള്ള വിപ്ലവകരമായ പ്രഖ്യാപനമാണ്. ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, നീതി എന്നിവയാണ് ഇതിന്റെ അടിസ്ഥാനം. ഭരണഘടനയെ ബഹുമാനിക്കുക എന്നത് മാത്രമല്ല, ഭരണകൂടം പൗരന്മാരെ ബഹുമാനിക്കുക എന്നത് കൂടിയാണ് ഇതിന്റെ പൊരുളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.