30 January 2026, Friday

അമേരിക്ക എന്ന “തെമ്മാടി രാഷ്ട്രവും” അധിനിവേശ ക്രൂരതകളും

അജിത് കൊളാടി
January 10, 2026 4:30 am

ർഷങ്ങൾക്കു മുമ്പ് ലോകപ്രശസ്ത എഴുത്തുകാരൻ ഓർഹാന്‍ പാമുക്ക്, രാഷ്ട്രത്തിന്റെ ആത്മാഭിമാനത്തെ കുറിച്ച് അതീവ ശ്രദ്ധേയമായ ഒരു പരാമർശം നടത്തി. ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ടത് എന്തുകൊണ്ട് എന്ന് ഇസ്താംബൂളിലെ ഒരു വൃദ്ധനോടൊ, എന്തുകൊണ്ട് താലിബാനെ പ്രശംസിക്കുന്നുവെന്ന് പാകിസ്ഥാനിലെ ഒരു സാധാരണ യുവാവിനോടൊ ചോദിച്ചാൽ, അവമതിയിൽ നിന്ന് ഉദ്ഭൂതമാകുന്ന ഷണ്ഡത്വത്തിലും തങ്ങളെ ആരും മനസിലാക്കുന്നില്ലെന്ന നിരാശയിലും തങ്ങളുടെ ശബ്ദം മററുള്ളവരെ കേൾപ്പിക്കാനാവുന്നില്ലെന്ന നിസഹായതയിലുമായിരിക്കും അവർ ഉത്തരം തേടുക എന്നു പറഞ്ഞു. ഭൗതിക നേട്ടങ്ങളോടൊ മററു വികാരങ്ങളോടൊ ഉള്ള ത്വരയേക്കാൾ തീവ്രമായിരിക്കും മാന്യതയ്ക്കും ആത്മാഭിമാനത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള അഭിവാഞ്ഛ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ ഗ്രന്ഥകാരൻ ക്ലൈഡ് പ്രെസ്റ്റോവിറ്റ്സ് “റോഗ് നേഷൻ” എന്ന തന്റെ പുസ്തകത്തിൽ ഓർഹാന്‍ പാമുക്കിനെ ഉദ്ധരിച്ചത്, ലോകത്തിലെ ചെറുതും വലുതുമായ എല്ലാ രാഷ്ട്രങ്ങൾക്കും ആത്മാഭിമാനവും തങ്ങൾ അംഗീകരിക്കപ്പെടണമെന്ന ആഗ്രഹവുമുണ്ടെന്ന് സമർത്ഥിക്കാനാണ്. അടിസ്ഥാനപരമായ ഈ വികാരങ്ങൾ ഇന്നും അമേരിക്കക്ക് മനസിലായിട്ടില്ല.

2003ൽ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷിന്റെ ഏകാധിപത്യപരമായ വിദേശനയത്തെ രൂക്ഷമായി വിമർശിച്ചു ആ പുസ്തകം. ആ വർഷം തന്നെ വിഖ്യാത ചിന്തകൻ നോം ചോംസ്കിയുടെ ”ഹെജിമണി ഓർ സർവൈവൽ” എന്ന പുസ്തകം പുറത്തിറങ്ങി. നിരന്തരം സാമ്രാജ്യത്വത്തിനെ അതിനിശിതമായി അദ്ദേഹം വിമർശിച്ചു. അനുസരണയില്ലാത്ത, അസാധാരണമാംവിധം രാക്ഷസീയവും പ്രവചനാതീതവുമായ സ്വഭാവമുള്ള എന്നൊക്കെയാണ് റോഗ് എന്ന പദത്തിന്റെ ഏകദേശ മലയാള പരിഭാഷ, തെമ്മാടി, പോക്കിരി എന്നിവയ്ക്കു പുറമെ. അമേരിക്ക പണ്ടുമുതലെ കരുതുന്നത് തങ്ങളും തങ്ങളുടെ രാജ്യവും മറ്റുള്ളവരെ നയിക്കാനായി നിയന്ത്രിക്കാനായി ജനിച്ചവരാണ് എന്നാണ്. “നിങ്ങൾ എന്തുകൊണ്ട് സർവകാര്യങ്ങളുടെയും ചുമതലക്കാരനാകുന്നു, നിങ്ങളെ ആരാണ് അതിന് നിയമിച്ചത്” എന്ന് ലോകം ചോദിച്ചാൽ അവർ അങ്ങേയറ്റത്തെ ധാർഷ്ട്യംകൊണ്ടും സൈനികനടപടികൾ കൊണ്ടും മറുപടി പറയുന്നു. ആർക്കും വഴങ്ങാതെ എല്ലാ നിയമങ്ങളും തങ്ങളുടെ താല്പര്യങ്ങൾക്കനുസൃതമായി വ്യാഖ്യാനിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നു, ഏതു രാജ്യത്തെയും ഏകപക്ഷീയമായി ആക്രമിക്കുന്നു.

സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളിൽ അതിക്രമിച്ചുകയറി അവിടങ്ങളിലെ പൗരന്മാരെ നിഷ്കരുണം കൊന്നൊടുക്കുന്നു. തന്റെ രാജ്യം തെമ്മാടി രാജ്യം തന്നെയാണെന്ന് ക്ലൈഡ് പ്രെസ്റ്റോവിറ്റ്സ് വ്യക്തമാക്കുന്നുണ്ട്. നോം ചോംസ്കി നിരന്തരം അമേരിക്കൻ സാമ്രാജ്യത്വത്തെ ശക്തമായി വിമർശിക്കുന്നു. അമേരിക്ക ജനാധിപത്യ ആശയങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും, സാമ്രാജ്യത്വത്തിന് താല്പര്യം അധിനിവേശത്തിലൂടെ മനുഷ്യരാശിയെ കൊന്നൊടുക്കലിലും ക്രൂരമായ ആക്രമണങ്ങളിലും ആണ് എന്നദ്ദേഹം പറയുന്നു. അദ്ദേഹം എഴുതി: “ലാറ്റിൻ അമേരിക്കയിലും വിയറ്റ്നാമിലും മധ്യപൗരസ്ത്യ പ്രദേശങ്ങളിലും അമേരിക്ക നടത്തിയ കൊടുംക്രൂരമായ യുദ്ധങ്ങൾ ലക്ഷോപലക്ഷം നിരപരാധികളെ മൃഗീയമായ കൂട്ടക്കൊലയ്ക്ക് വിധേയമാക്കി. മനുഷ്യകുലത്തിലെ ഉന്നതങ്ങളായ സംസ്കാരങ്ങളെ അവർ ഉന്മൂലനം ചെയ്തു.”

1812ലെ ബ്രിട്ടനുമായുള്ള യുദ്ധം, മെക്സിക്കൻ-അമേരിക്കൻ യുദ്ധം, സ്പാനിഷ്-അമേരിക്കൻ യുദ്ധം, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുമൊക്കെ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട യുദ്ധങ്ങൾ. രണ്ടാം ലോകയുദ്ധത്തിനു ശേഷം, ലോകത്തിൽ നിരവധി സൈനിക നടപടികളിലൂടെ അമേരിക്ക നിരവധി രാജ്യങ്ങളെ ആക്രമിച്ചു, ഔദ്യോഗികമായ യുദ്ധപ്രഖ്യാപനങ്ങളില്ലാതെ. കൊറിയൻ യുദ്ധം, വിയറ്റ്നാം യുദ്ധം, ഗൾഫ് യുദ്ധം എന്നിവ കൂടാതെ തീവ്രവാദത്തിനെതിരെ എന്നു പറഞ്ഞ് അഫ്ഗാനിസ്ഥാനിലും ഇറാഖിലും സിറിയയിലും ലാറ്റിൻ അമേരിക്കയിലും നടത്തിയ അതിക്രൂരമായ യുദ്ധങ്ങൾ. സൊമാലിയ, യെമൻ, വെനസ്വേല എന്നിവിടങ്ങളിൽ എത്രയോ തവണ അമേരിക്കൻ ഭീകരതയുടെ ക്രൂര ചിത്രങ്ങൾ.

റഷ്യ‑ഉക്രെയ്ൻ യുദ്ധത്തിൽ, ഗാസപ്രദേശത്തെ മനുഷ്യ ജീവനെ തുടച്ചുനീക്കാൻ അതിക്രൂരന്മാരായ ഇസ്രയേൽ നടത്തുന്ന പൈശാചിക പ്രക്രിയകൾ, ഇസ്രയേൽ ഹിസ്ബുള്ള യുദ്ധത്തിൽ, ഇവയിലൊക്കെ ക്രൂരമായ അമേരിക്കൻ ഹസ്തങ്ങൾ കാണാം. ഇറാക്ക്, ലിബിയ, ലെബനൻ, ചിലി, ക്യൂബ എന്നിവിടങ്ങളിൽ എത്ര തവണ അമേരിക്കൻ സൈനിക ഇടപെടലുകൾ കണ്ടു. ഫിഡൽ കാസ്ട്രോയെ വധിക്കാൻ അമേരിക്കൻ ഭരണകൂടം നിരവധി തവണ ശ്രമിച്ചു. കാസ്ട്രോ റേഡിയോ നിലയത്തിൽ തന്റെ പ്രസംഗം നടത്തുമ്പോൾ അവിടെ മുഴുവൻ മാരകമായ രാസവസ്തുക്കൾ അന്തരീക്ഷത്തിൽ വിതറിയിരുന്നു. അതിന്റെ പ്രത്യാഘാതംമൂലം കാസ്ട്രോവിന്റെ സമചിത്തത തെറ്റിക്കുക, തെറ്റായി പ്രസംഗിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ സംഭവിച്ചെങ്കിൽ കാസ്ട്രോവിന്റെ പ്രതിച്ഛായ നഷ്ടപ്പെടും. അതുണ്ടായില്ല. പിന്നീടൊരിക്കൽ അദ്ദേഹത്തിന്റെ ഡൈവിങ്ങ് സ്യൂട്ടിൽ ക്ഷയരോഗ അണുക്കളെ തുന്നിച്ചേർത്തു. ഡൈവിങ് അദ്ദേഹത്തിന്റെ ഇഷ്ട വിനോദമായിരുന്നു. അതും വിജയിച്ചില്ല. 1960 മുതൽ 63 വരെ എത്രയെത്ര വധശ്രമങ്ങൾ. ഇറ്റാലിയൻ അമേരിക്കൻ മാഫിയകളുടെ വധ ശ്രമങ്ങൾ നടന്നു.

അവയൊന്നും വിജയം കണ്ടില്ല. ഇറാക്ക്, ലിബിയ, ലെബനൻ, ചിലി എന്നിവിടങ്ങളിലെ രാഷ്ട്രത്തലവന്മാരെ പിടികൂടി നിഷ്ഠുരമായി വധിക്കുന്ന മനുഷ്യത്വ രഹിതമായ രംഗങ്ങൾ ലോകം കണ്ടു. ഇറാഖിലെ, വിയറ്റ്നാമിലെ, സിറിയയിലെ, പലസ്തീനിലെ… അങ്ങനെ നിരവധി രാജ്യങ്ങളിലെ പിഞ്ചുകുഞ്ഞുങ്ങളെയടക്കം ജനലക്ഷങ്ങളെ സാമ്പത്തിക ഉപരോധത്തിലൂടെയും സൈനിക ആക്രമണങ്ങളിലൂടെയും കൊന്നൊടുക്കിയ അമേരിക്ക മാപ്പർഹിക്കുന്നില്ല. വിയറ്റ്നാമിൽ അമേരിക്ക വർഷിച്ചത് ദശലക്ഷക്കണക്കിന് വിഷ രാസവസ്തുക്കളായിരുന്നു. അതിന്റെ ദോഷഫലങ്ങൾ ജനങ്ങൾ ഇന്നും അനുഭവിക്കുന്നു. ന്യൂയോർക്ക് നഗരത്തിലെ ജനങ്ങളെ മുഴുവൻ കൊ‌ന്നൊടുക്കാൻ 80 മില്ലിഗ്രാം ഡിയോക്സിനു കഴിയും. 365 കിലോ ഡിയോക്സിനാണ് അമേരിക്ക വിയറ്റ്നാമിൽ പ്രയോഗിച്ചത്. ലക്ഷക്കണക്കിനു മനുഷ്യർ മരിച്ചു. മാരകമായ സിരാരോഗങ്ങളുടെ പിടിയിൽ അമർന്ന അസംഖ്യം ജനങ്ങൾക്ക് ആവശ്യമായ ചികിത്സ നൽകാൻ പോലുമാകാതെ നിസ്സഹായാവസ്ഥയിൽ അന്ന് അവർ നോക്കി നിന്നു. ഇന്ന് പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള ലക്ഷക്കണക്കിനു മനുഷ്യരെ സയണിസ്റ്റ് പ്രത്യയശാസ്ത്രം പേറുന്ന ഇസ്രയേൽ കൊന്നൊടുക്കുന്നത് അമേരിക്കൻ പിന്തുണയോടെ തന്നെ. റെഡ് ഇന്ത്യക്കാരെ കൊന്നൊടുക്കി ഐക്യരാജ്യങ്ങൾ സ്ഥാപിച്ച ചരിത്രമാണ് അവർക്കുള്ളത്.

യൂഫ്രട്ടിസ് — ടൈഗ്രീസ് നദീതടങ്ങളിൽ സഹസ്രാബ്ദങ്ങൾക്കു മുമ്പ് തഴച്ചു വളർന്ന ഒരു മഹാസംസ്കാരത്തെ നശിപ്പിച്ചവരാണ് അമേരിക്കൻ സാമ്രാജ്യത്വം. ഇറാനെതിരായി കടുത്ത ശത്രുതാ നിലപാട് എടുത്ത് ആ രാജ്യത്തെ ആക്രമിച്ച, എപ്പോഴും ആക്രമിക്കാൻ തുനിയുന്ന രാജ്യവുമാണ് അമേരിക്ക. സാമ്രാജ്യത്വം തകർന്നടിയുന്നത് കാണാൻ യൂഫ്രട്ടിസ്-ടൈഗ്രീസ് നദികൾ ഒഴുകികൊണ്ടിരിക്കുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വിഷലിപ്തമായ വംശീയ ചിന്തയുടെ ഈ നൂറ്റാണ്ടിലെ ഇരുണ്ട സ്മാരകമാണ് ഇസ്രയേൽ എന്ന ഭീകരരാഷ്ട്രം. സാമ്രാജ്യത്വവുമായി സന്ധി ചെയ്ത വംശീയ സംഘമാണ് സയണിസ്റ്റ് പ്രസ്ഥാനം. അമേരിക്ക ഇന്ന് മറ്റു രാജ്യങ്ങളുടെ അതിർത്തികൾ ഭേദിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ആർട്ടിക്കിൾ നാലിന്റെ ലംഘനമാണ് ഇപ്പോൾ വെനസ്വേലയിൽ നടന്നത്.

മറ്റൊരു പരമാധികാര രാഷ്ട്രത്തിന്റെ തലവനെ ആ രാജ്യത്ത് ചെന്ന് തട്ടിക്കൊണ്ടു പോകുക എന്നത് ഐക്യരാഷട്രസഭയെ അപ്രസക്തമാക്കുന്നു. 1947 മുതൽ 1989നുള്ളിൽ എഴുപതോളം അക്രമങ്ങൾ, മറ്റു രാജ്യങ്ങളിലെ ഭരണകൂടങ്ങളെ മാറ്റാൻ അമേരിക്ക നടത്തി. തുറന്ന യുദ്ധത്തിലൂടെ, ഇന്റലിജൻസ് ഓപ്പറേഷനിലൂടെ, മറ്റു രാജ്യങ്ങളിലെ സർക്കാരുകള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതിലൂടെ, ആഭ്യന്തര കലാപം ഉണ്ടാക്കുന്നതിലൂടെ, സാമ്പത്തിക ഉപരോധത്തിലൂടെ, സമൂഹമാധ്യമ ദുരുപയോഗത്തിലൂടെ, സായുധ സംഘങ്ങളെ വളർത്തി‌ക്കൊണ്ടുവരുന്നതിലൂടെ, അമേരിക്ക മറ്റു രാഷ്ട്രങ്ങളിൽ ഭയാനക അന്തരീക്ഷം സൃഷ്ടിക്കുന്നു. സാമ്രാജ്യത്വത്തിനെതിരെ നിൽക്കുന്ന രാജ്യങ്ങൾക്കെതിരെ സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി പ്രസ്തുത രാജ്യങ്ങളെ ശ്വാസം മുട്ടിക്കുന്നു. ഇടപെടുന്ന രാജ്യങ്ങളിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യാൻ ആ രാജ്യത്തെ സർക്കാരിനെ സഹായിക്കുന്നു. വെനസ്വേലക്കെതിരെ ഒബാമ ഭരണകൂടം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത് ഓർക്കുക. (അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.