
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര സ്മാരകമാണെങ്കിലും രാജ്യതലസ്ഥാനത്തെ കണ്ണായ ഇടത്തില്‍ സ്ഥിതി ചെയ്യുന്ന തുര്‍ക്മാന്‍ ഗേറ്റിനെ രാജ്യമറിയുന്നത് കുപ്രസിദ്ധിയിലൂടെയാണ്. ഡല്‍ഹിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന കുത്തബ്മിനാറും ജുമാമസ്ജിദും ഇന്ത്യാഗേറ്റും ഹുമയൂണ്‍ ടോംബുമുള്പ്പെടെ ചരിത്രസ്മാരക പട്ടികയില്‍ അത് ഉള്‍പ്പെടുന്നില്ല.
ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കാലത്താണ് തുര്ക്മാന്ഗേറ്റ് കുപ്രസിദ്ധമാകുന്നത്. അടിയന്തരാവസ്ഥയില്‍ മകന് സഞ്ജയിന്റെ നേതൃത്വത്തില്‍ നടന്ന ഭരണാതീത ഇടപെടലിന്റെ ഫലമായി ചരിത്രത്തിലേക്ക് തല ഉയര്‍ത്തിനിന്നിരുന്ന തുര്ക്മാന്ഗേറ്റിന് പരിസരത്തെ 17-ാം നൂറ്റാണ്ടിലെ പഴയ ഡൽഹിയിലെ ചേരികള്‍ ഒഴിപ്പിക്കുവാനും നഗരം സൗന്ദര്യവല്‍ക്കരിക്കാനും നടത്തിയ ശ്രമങ്ങള്‍ കൂട്ടകുടിയൊഴിപ്പിക്കലിലും ചെറുത്തുനില്പില് ആളുകളുടെ മരണത്തിനുമിടയാക്കി.
1857 ലെ സ്വാതന്ത്ര്യസമരത്തെയും തുടർന്നുള്ള കൊളോണിയൽ മാറ്റങ്ങളെയും അതിജീവിച്ച തുര്ക്മാന്ഗേറ്റ്, നഗരത്തിന്റെ പരിണാമത്തിന് നിശബ്ദ സാക്ഷിയായിരുന്നു, അതിന് ചുറ്റുമുള്ള പാവപ്പെട്ട ജനങ്ങളും. അവിടെയാണ്, അവര്‍ക്കുനേരെയാണ് സഞ്ജയ് ഗാന്ധിയുടെ ‘സൗന്ദര്യവൽക്കരണ’ നീക്കമുണ്ടായത്. 1976ൽ ഗേറ്റിനു ചുറ്റുമുള്ള ജനവാസ കേന്ദ്രങ്ങൾ ഒഴിപ്പിക്കാൻ തീരുമാനമെടുത്തു. 1976 ഏപ്രിൽ 13ന് പൊളിച്ചുനീക്കലുകൾ ആരംഭിച്ചു. അതോടൊപ്പം നിര്‍ബന്ധിത വന്ധ്യംകരണവും തുടങ്ങി. 300 വന്ധ്യംകരണങ്ങള്‍ നടത്തി മാത്രമേ ഇടിച്ചുനിരത്തല്‍ നിർത്തൂ എന്ന് അന്നത്തെ നടപടിക്ക് നേതൃത്വം നല്കിയ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നതായി പിന്നീട് വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു. ഏപ്രിൽ 19ന്, പൊളിച്ചുമാറ്റല്‍ കൂടുതൽ ശക്തമായപ്പോൾ, പ്രതിഷേധങ്ങൾ സംഘര്‍ഷാത്മകമായി. കുടുംബാസൂത്രണ കേന്ദ്രം ആക്രമിക്കപ്പെട്ടു, പൊലീസ് ലാത്തിയും കണ്ണീർവാതകവും ഉപയോഗിച്ച് പ്രതികരിച്ചു. പോലീസ് വെടിവയ്പിലും ഏറ്റുമുട്ടലിലും നിരവധിപേര്‍ മരിച്ചു.
അടിയന്തരാവസ്ഥയുടെ ഭാഗമായി നടന്ന ആ സംഭവത്തിന് 50 വര്‍ഷമാകാന്‍ നാലുമാസങ്ങള്‍ മാത്രമാണ് ബാക്കി. അതേ തുര്‍ക്മാന്‍ ഗേറ്റില്‍ വീണ്ടും കുടിയിറക്കലിന്റെ ബുള്‍ഡോസറുകള്‍ രാത്രികളില്‍ കുതിച്ചെത്തി, കര്‍ത്തവ്യ നിര്‍വഹണം നടത്തി തിരികെപോയി. പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയുടെ ഫലമായിരുന്നു 1976ലെ തുര്‍ക്മാന്‍ ഗേറ്റ് ഇടിച്ചുനിരത്തലെങ്കില് 50 വര്‍ഷങ്ങള്‍ക്കിപ്പുറം നരേന്ദ്ര മോഡി ഭരിക്കുന്ന ഇന്ത്യയില്‍ അടിയന്തരാവസ്ഥ അപ്രഖ്യാപിതമാണ്. പക്ഷേ ഇന്ദിരാഗാന്ധിയുടെ കാലത്തെ പ്രഖ്യാപിത അടിയന്തരാവസ്ഥയെക്കാള്‍ നിഷ്ഠൂരവും ഭീതിദവുമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു മോഡിയുടെ വാഴ്ചക്കാലം.
അന്ന് കേന്ദ്ര ഭരണാധികാരികളുടെ പിന്‍ബലത്തില്‍ അഴിഞ്ഞാടിയ സംഘമാണ് നടപടികള്‍ക്ക് നേതൃത്വം നല്കിയതെങ്കില് ഇന്ന് അതേപിന്ബലത്തോടെ ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എംസിഡി) ആണ് പൊളിക്കല്‍ നടത്തിയിരിക്കുന്നത്. പക്ഷേ പിന്നീട് നടന്നത് ഏകദേശം അരനൂറ്റാണ്ട് മുമ്പ് ഇതേ സ്ഥലത്ത് നടന്ന സർക്കാർ സ്പോൺസർ ചെയ്ത ക്രൂരതയുടെ ഓർമ്മകൾ പുനരുജ്ജീവിപ്പിക്കുന്ന നടപടികളായിരുന്നു.
അർധരാത്രിയിലെ കുടിയൊഴിപ്പിക്കൽ നടപടി അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓര്‍മകളെ തിരികെയെത്തിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നെന്ന് എംസിഡിക്ക് ന്യായീകരിക്കാമെങ്കിലും പ്രദേശവാസികളുടെ അപ്പീൽ പരിഗണനയിലാണെന്ന സാഹചര്യം നിലനില്‍ക്കെയാണ് പൊളിക്കലിന് നേതൃത്വം നല്‍കിയത്. തുര്ക്മാനിലെ പള്ളിക്ക് സമീപമുള്ള കയ്യേറ്റങ്ങളുടെ ഒരു സർവേ നടത്തി, ഒരു വിവാഹ ഹാളും ഒരു ഡിസ്പെൻസറിയും നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് മാസത്തിനുള്ളിൽ കയ്യേറ്റങ്ങൾ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പള്ളി കമ്മിറ്റി അപ്പീൽ നൽകി. ഡൽഹി ഹൈക്കോടതി നഗരവികസന മന്ത്രാലയത്തിനും എംസിഡിക്കും നോട്ടീസ് നൽകി. വാദം കേൾക്കുന്നതിനിടെ, കയ്യേറ്റം നീക്കം ചെയ്യാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തില്ലെന്നതിനാലാണ് ഇവിടെ വീണ്ടും പൊളിക്കല്‍ നടത്തിയത്.
അസമില്‍ 1,200ലധികം ബംഗാളി മുസ്ലിം വീടുകളാണ് ജനുവരി അഞ്ച്, ആറ് തീയതികളിൽ പൊളിച്ചുമാറ്റിയിരിക്കുന്നത്. ബുർഹാചപോരി വന്യജീവി സങ്കേതത്തിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടതെന്നാണ് സർക്കാർ വാദം. തേജ്പൂർ സദർ, ധേക്കിയജുലി റവന്യൂ സർക്കിളുകൾക്ക് കീഴിലുള്ള ജമുക്തോൾ, അരിമാരി, സിയാലിച്ചാർ, ബാഗെതാപു, ഗലാറ്റിഡുബി, ലാത്തിമാരി, കുണ്ടുലിച്ചാർ, പുർബ ദുബ്രമാരി, ബട്ടുലിച്ചാർ തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിയൊഴിപ്പിക്കൽ നടത്തിയത്. പലരും സ്വയമേതന്നെ വീടുകൾ പൊളിച്ചുമാറ്റിയിരുന്നു. കൃഷിയിറക്കിയ സ്ഥലത്തെ വിളവെടുക്കാൻ സമയം നൽകണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും അതിനും അനുവദിച്ചില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ സമീപ ഗ്രാമങ്ങളിലും ഒഴിപ്പിക്കല്‍ നടപടി സ്വീകരിച്ചിരുന്നു. ബ്രഹ്മപുത്ര നദിയുടെ മണ്ണൊലിപ്പ് കാരണം നദീതീര പ്രദേശങ്ങളിലെ തങ്ങളുടെ ഭൂമി ഒലിച്ചുപോയതിനെത്തുടർന്ന് തങ്ങളുടെ പൂർവ്വികർ ഈ പ്രദേശങ്ങളിൽ സ്ഥിരതാമസമാക്കിയതാണെന്നാണ് കുടിയിറക്കപ്പെട്ടവര്‍ പറയുന്നത്. ജൂലൈയിൽ, ഗോൾപാറ ജില്ലയിലെ ബെറ്റ്ബാരി പ്രദേശത്ത് കുടിയൊഴിപ്പിക്കൽ നടപടിയെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിനിടെ പ്രതിഷേധക്കാർക്കെതിരെ പോലീസ് വെടിയുതിർത്തതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഒന്നിലധികം തവണ നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള ഇടിച്ചുനിരത്തല്‍ സുപ്രീം കോടതി വിലക്കിയതാണ്. 2024 സെപ്റ്റംബറില്‍ വിവിധ സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ രാജ് തടഞ്ഞ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്ന് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ വസതിയും മറ്റ് സ്ഥാപനങ്ങളും ഇടിച്ചുനിരത്തുന്ന രീതി കാടന്‍ നിയമ വ്യവസ്ഥയാണെന്ന് സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടുകയുണ്ടായി. വസതികളും മറ്റ് സ്ഥാപനങ്ങളും പൊളിക്കുന്നത് നിര്‍ത്തിവച്ചാല്‍ ആകാശം ഇടിഞ്ഞ് വീഴില്ലെന്നും കോടതി പറഞ്ഞിരുന്നു.
അതുകഴിഞ്ഞ് മറ്റൊരു ഘട്ടത്തില്‍ ബുൾഡോസർ നടപടിയിൽ ഉത്തർപ്രദേശ് സർക്കാരിനെയും പ്രയാഗ്രാജ് ഭരണകൂടത്തെയും സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. മനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള നീക്കമാണ് പൊളിക്കൽ. ഇത് ഭരണഘടനാവിരുദ്ധവും, മനുഷ്യത്വരഹിതവുമാണെന്ന് ജസ്റ്റിസ് എ എസ് ഓക, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വിമർശിക്കുകയും ചെയ്തു. തുടര്‍ന്ന് നടപടിക്രമങ്ങൾ പാലിക്കാതെ പൊളിച്ചുമാറ്റിയതിന് ഓരോ വീട്ടുടമയ്ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നിട്ടും നടപടിക്രമങ്ങള്‍ പാലിക്കാതെയും പുനരധിവാസമോ ജീവനോപാധികളോ ഒരുക്കാതെയുമുള്ള പൊളിച്ചുനീക്കലുകള്‍ വിവിധ സര്‍ക്കാരുകള്‍ തുടരുകയാണ്.
ബിജെപി സര്‍ക്കാരുകളാണ് ഇക്കാര്യത്തില്‍ മുന്നിലെങ്കിലും കര്‍ണാടക ഉള്‍പ്പെടെ കോണ്‍ഗ്രസ് സര്‍ക്കാരുകളും ഇടിച്ചുനിരത്തല്പാത സ്വീകരിക്കുന്നത് നാം കാണുന്നു. ഇത് കോടതികളോടുള്ള അനാദരവെന്നല്ല വെല്ലുവിളിയെന്നാണ് വിശേഷിപ്പിക്കപ്പെടേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.