
കുട്ടിക്കാലത്ത് അമ്മയുടെ കൂടെ പള്ളിയിൽ പോയി ക്രിസ്തുവചനങ്ങൾ കേൾക്കുക ചെയ്തതിന്റെ കൂടി ഫലമായാണ് താൻ കമ്മ്യൂണിസ്റ്റായതെന്ന് സിപിഐ (എം) അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി. നിയമസഭ പുസ്തകോത്സവത്തിൽ ‘കഥ, കഥാപാത്രം, കഥാകൃത്ത്’ എന്ന സെഷനിൽ എബ്രഹാം മാത്യുവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടിക്കാലത്ത് അമ്മയുടെ കൂടെ പള്ളിയിൽ പോയിരുന്ന, അൾത്താര ബാലൻ ആയിരുന്ന ബേബിയെക്കുറിച്ച് എബ്രഹാം മാത്യു എഴുതിയ ‘ദൈവം നടന്ന വഴികൾ’ എന്ന കഥയിൽ ഊന്നിയായിരുന്നു ചർച്ച. കുട്ടിക്കാലത്തെ ക്രൈസ്തവ മൂല്യങ്ങൾ കൂടിയാണ് ഞാൻ കമ്മ്യൂണിസ്റ്റ് ആകുന്നതിനുള്ള പശ്ചാത്തലമൊരുക്കിയത് എന്ന് പറയാം. യേശുവിന്റെ പ്രബോധനങ്ങളിലൂന്നി സമത്വസുന്ദരമായ ലോകത്തെക്കുറിച്ചും നീതിയെക്കുറിച്ചും പറഞ്ഞ മുൻ മാർപാപ്പ ഫ്രാൻസിസ് മാർപാപ്പയോട് തനിക്ക് വളരെ ആദരവാണ്.
കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ‘മാനസോല്ലാസം’, എം പി ജോസഫിന്റെ ‘യുക്തിപ്രകാശം’ എന്നിവ വായിച്ചും പ്രൊഫ. കോവൂരിന്റെ പ്രഭാഷണങ്ങൾ കേട്ടുമാണ് പള്ളിയിൽ പോയിരുന്ന ബാലൻ യുക്തിവാദത്തിലേക്ക് തിരിഞ്ഞത്. ആ ഘട്ടത്തിലാണ് എറണാകുളത്ത് പി ഗോവിന്ദപിള്ളയുടെ പ്രഭാഷണം ശ്രവിച്ച് യുക്തിവാദത്തിനപ്പുറം മാർക്സിസത്തിലേക്ക് ആകർഷിക്കപ്പെട്ടത്, ബേബി പറഞ്ഞു. വിശ്വാസിയായ അമ്മയിൽ നിന്ന് പഠിച്ച ഏറ്റവും വലിയ മൂല്യ ത്തിന്റെ പാഠവും ബേബി ഓർത്തെടുത്തു. “യുക്തിവാദി സമ്മേളനത്തിന് പോകാൻ പണമില്ലാതെ നിന്ന് എനിയ്ക്ക് വിശ്വാസിയായ അമ്മയാണ് അയൽവീട്ടിൽ നിന്ന് പണം കടം വാങ്ങി തന്നത്. അത് വലിയ ഒരു പാഠമായിരുന്നു.” ഹിംസ ആവശ്യമില്ലാത്ത സമത്വപൂർണമായ ലോകമാണ് മാർക്സിസം വിഭാവനം ചെയ്യുന്നതെന്നും ദൈവം ഒരു തർക്കവിഷയമോ ചർച്ചാവിഷയമോ ആക്കേണ്ടതില്ലെന്നും എം എ ബേബി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.