22 January 2026, Thursday

Related news

January 11, 2026
January 3, 2026
November 23, 2025
November 16, 2025
October 23, 2025
October 11, 2025
October 6, 2025
October 3, 2025
September 14, 2025
September 11, 2025

ചോദ്യപ്പേപ്പറിൽ നായയുടെ പേര് ‘റാം’; ഛത്തീസ്ഗഢിൽ സ്കൂൾ പ്രധാനാധ്യാപികയ്ക്ക് സസ്‌പെൻഷൻ

Janayugom Webdesk
റായ്പൂര്‍
January 11, 2026 12:56 pm

ഛത്തീസ്ഗഢിലെ റായ്പൂരിൽ നാലാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപ്പേപ്പറിൽ നായയുടെ പേരായി ‘റാം’ എന്ന് നൽകിയത് വിവാദമാകുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെത്തുടർന്ന് ചോദ്യപ്പേപ്പർ തയ്യാറാക്കിയ സർക്കാർ സ്കൂൾ പ്രധാനാധ്യാപിക ശിഖ സോണിയെ സസ്‌പെൻഡ് ചെയ്തു. പേപ്പർ പരിശോധിച്ച കരാർ അധ്യാപിക നമ്രത വർമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികളും ആരംഭിച്ചു. റായ്പൂർ ഡിവിഷനിലെ സർക്കാർ സ്കൂളുകളിൽ നടന്ന അർദ്ധവാർഷിക പരീക്ഷയിലെ “മോണയുടെ നായയുടെ പേരെന്ത്?” എന്ന ചോദ്യത്തിനുള്ള ഓപ്ഷനുകളിലൊന്നായി ‘റാം’ ഉൾപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്.

സംഭവം വിവാദമായതോടെ അന്വേഷണത്തിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു. ചോദ്യപ്പേപ്പർ തയ്യാറാക്കുമ്പോൾ ‘രാമു’ എന്ന് ഉദ്ദേശിച്ചയിടത്ത് ‘U’ എന്ന അക്ഷരം വിട്ടുപോയതിനാലാണ് ‘റാം’ എന്ന് അച്ചടിച്ചു വന്നതെന്ന് പ്രധാനാധ്യാപിക ശിഖ സോണി വിശദീകരണം നൽകി. ഇതൊരു അബദ്ധം മാത്രമാണെന്നും ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ബോധപൂർവ്വം ശ്രമിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ, വിഷയം ഗൗരവകരമാണെന്ന് വിലയിരുത്തിയ വിദ്യാഭ്യാസ വകുപ്പ് ഇവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകൾ ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നും ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ഇവർ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ഉത്തരവാദിത്തപ്പെട്ട അധ്യാപകരെ നിയോഗിക്കുന്നതിൽ വീഴ്ച വരുത്തിയതിന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർക്കും സ്കൂൾ പ്രിൻസിപ്പാളിനും വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.