11 February 2026, Wednesday

Related news

February 10, 2026
February 9, 2026
February 8, 2026
February 7, 2026
February 6, 2026
February 5, 2026
February 5, 2026
February 5, 2026
February 2, 2026
February 2, 2026

ഭരണകൂട നിസംഗതയില്‍ കായികരംഗം തളരുന്നു

പന്ന്യൻ രവീന്ദ്രൻ
കളിയെഴുത്ത്
January 12, 2026 7:00 am

ഫുട്ബോള്‍ രംഗത്ത് ദീർഘദര്‍ശിത്വത്തോടെ രാജ്യങ്ങൾ മുന്നോട്ട് പോകുമ്പോൾ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ എല്ലാവരെയും ഉൽക്കണ്ഠാകുലരാക്കുമെന്നത് തീര്‍ച്ച. ലോക ഫുട്ബോളിൽ ഒരു പാട് സാധ്യത സൃഷ്ടിക്കാവുന്ന രാജ്യമാണ് ഇന്ത്യ. 142 എന്ന റാങ്കിങ്ങിലെ താഴ്ചയിൽ വീണിട്ടും ഒരു തരത്തിലുള്ള മനോവിഷമവുമില്ലാത്ത രാജ്യമാണ് ലോക ജനസംഖ്യയിലെ ഏറ്റവും വലിയ രാജ്യം. ഫിഫ ആദ്യം ഒരുപാട് പുകഴ്ത്തി ചില കൃത്യമായ പരിപാടികൾ നടപ്പിലാക്കാൻ ആവശ്യപ്പെട്ടു. അതിന്റെ ഭാഗമാണ് പ്രൊഫഷണൽ ക്ലബ്ബുകളുടെ സാന്നിധ്യം മാത്രമുള്ള ഐഎസ്എല്ലിന് തുടക്കം കുറിച്ചത്.

ഇന്ത്യയിലെ കളിക്കാരും ലോകകളിക്കാരും ചേർന്ന മിശ്രണം കളിയുടെ ആകർഷണീയതയ്ക്ക് കാരണമായി. ഒരു ദശകം കൊണ്ട് ഐഎസ്എൽ ക്ലബ്ബുകൾ ഉന്നതനിലവാരത്തിലേക്ക് മുന്നേറി. കേരള ബ്ലാസ്റ്റേഴ്സ് പോപ്പുലർ ക്ലബ്ബായി ലോകം നിറയെ ആരാധകർ അവരുടെ കളിയിൽ ആവേശം കൊണ്ടു. എന്നാൽ ഇപ്പോൾ സംഗതിയാകെ കുഴഞ്ഞു മറിഞ്ഞ നിലയിലെത്തി. അനിശ്ചിതത്വത്തിലായ കളിയുടെ ഗതിയിൽ ആശങ്കാകുലരായ കളിക്കാരും ക്ലബ്ബുകളും ഫിഫ ഇടപെടണമെന്ന് ആവശ്യപ്പെടുന്ന സ്ഥിതിയിലെത്തിയിരുന്നു. പല പ്രധാന കളിക്കാരും നിലനില്പിനു വേണ്ടി മറ്റു തട്ടകങ്ങളിൽ അഭയം തേടി. ഇത്രയും അനിശ്ചിതത്വം നിലവിൽ വന്നപ്പോഴും രാജ്യത്തെ സ്പോർട്സ് മന്ത്രാലയം കണ്ട ഭാവം നടിച്ചില്ല. ഏറ്റവും ഒടുവിൽ മത്സരങ്ങൾ ഫെബ്രുവരി മാസം തുടങ്ങുമെന്ന് എഐഎഫ്എഫ് നേതൃത്വവും ഫ്രാഞ്ചൈസികളും ചേർന്ന് തീരുമാനിച്ചിരിക്കുകയാണ്.

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ആവേശം നൽകിയ കളിയാണ് ഫുട്ബോൾ എന്ന ചരിത്ര സത്യം അധികാരികൾ മറന്നുവെന്നത് യാഥാർത്ഥ്യം തന്നെയാണ്. 1911ൽ കൽക്കട്ട മോഹൻ ബഗാൻ ബ്രിട്ടീഷ് പട്ടാള ടീമായ യേർക്ക ക്ലബ്ബിനെ ഐ എഫ് എ ഷീൽഡിൽ തോല്പിച്ച് കിരീടം ചൂടി. മഹാത്മാഗാന്ധി ഉൾപ്പെടെ ഉള്ളവർ ആ വിജയത്തിന് വലിയ പ്രാധാന്യം നൽകി. ഇന്ത്യക്കാർ വൈദേശിക മേധാവിത്വത്തിനെതിരെ നടത്തിയ ആദ്യ വിജയമായാണ് ഈ ജയത്തെ കണക്കാക്കിയത്. ഇത്രയൊക്കെ പാരമ്പര്യമുള്ള നമ്മുടെ ഫുട്ബോളിന്റെ ഇന്നത്തെ സ്ഥിതിക്ക് പരിഹാരം കാണാൻ ഇന്ത്യയുടെ കായിക മന്ത്രാലയം ഒന്നും ചെയ്തില്ല. തികഞ്ഞ അലസതയാണ് അവർ കാട്ടിയത്. കൊച്ചു കൊച്ചു രാജ്യങ്ങൾ പോലും വളരെയേറെ സൂക്ഷ്മതയോടെ ഫുട്ബോളിനെയും മറ്റു കായിക രംഗങ്ങളെയും കൈകാര്യം ചെയ്യുന്നുണ്ട്. ഭരണാധികാരികൾക്ക് അവരുടെ ശിങ്കിടികളുടെ താവളമായി മാത്രമാണ് സ്പോർട്സ്. ബ്രസീലിൽ ഫുട്ബോൾ തോൽവികൾ തുടർക്കഥയാവാതിരിക്കാൻ ഇടപെട്ടത് രാജ്യത്തെ ഭരണമാകെയാണ്. അവർ നിശ്ചയിച്ച കോച്ചാണ് ഇപ്പോൾ കളിക്കാർക്ക് പരിശീലനം നൽകിക്കൊണ്ടിരിക്കുന്നത്. കോച്ചുമായുണ്ടാക്കിയ കരാറും സാമ്പത്തിക ഇടപാടുകളും സർക്കാർ നേരിട്ടാണ്.

ഇന്ത്യയിൽ ഫുട്ബോൾ മാത്രമല്ല മറ്റെല്ലാ ഗെയിമുകളുടെയും സ്ഥിതി ഇതു തന്നെയാണ്. നമുക്ക് മെഡൽ നേടിത്തന്ന വനിതാ ഗുസ്തി താരങ്ങൾ മെഡൽ ഗംഗയിൽ ഒഴുക്കിയിട്ടും മൗനമായി കുറ്റവാളികളെ സംരക്ഷിച്ച സർക്കാരാണിത്. നമ്മുടെ രാജ്യത്തിന്റെ സ്വന്തം കളിയാണ് ഹോക്കി. മാന്ത്രികതാരമായ ധ്യാൻ ചന്ദിന്റെ ഓർമ്മയിൽ ആവേശം കൊള്ളുന്ന നമുക്ക് ഇന്നത്തെ ഹോക്കിയുടെ പരിതാപകരമായ നിലയെക്കുറിച്ച് വല്ലതരത്തിലുള്ള ചർച്ചയുമുണ്ടോ?
ഒളിമ്പിക്സ് മത്സരങ്ങൾ ഇന്ത്യയിൽ നടത്താൻ 35,000 കോടി രൂപ മുടക്കാൻ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചതായാണ് ഏറ്റവും ഒടുവിൽ വന്ന വാർത്ത. രാജ്യത്ത് ഒളിമ്പിക്സ് വരുന്നത് വളരെയേറെ സന്തോഷം നൽകുന്നതാണ്. യൗവനത്തിന്റെ മെയ് വഴക്കവും കായിക മികവും എല്ലാം ചേർന്ന മഹാമേള രാജ്യത്തിലെ സ്പോർട്സ് വളർച്ചയ്ക്ക് വലിയ സഹായം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അതോടനുബന്ധമായി സ്പോർട്സ് വളർത്തിയെടുക്കാനുള്ള അനുബന്ധ പദ്ധതിയും വേണം. കേരളത്തിൽ സ്കൂൾ തലത്തിലും കോളജ് തലത്തിലും നടക്കുന്ന സ്പോർട്സ് മത്സരങ്ങൾ പോലെ രാജ്യത്താകെ വിപുലമായ പരിപാടികൾ പ്ലാൻ ചെയ്യണം.

ജപ്പാൻ ആ കാര്യത്തിൽ മാതൃകയാണ്. വേൾഡ് കപ്പ് ഫുട്ബോൾ നടത്തിയതിന്റെ ഭാഗമായി ജപ്പാൻ പ്ലാൻ ചെയ്തത് വിപുലമായ പരിശീലന പരിപാടികളാണ്. ഇതിന്റെ ഫലമായി ജപ്പാന്‍ ലോകഫുട്ബോളില്‍ പ്രബലശക്തിയായി. ഐഎസ്എൽ മത്സരങ്ങൾക്കുള്ള കടബാധ്യത മാറ്റാൻ 35 കോടിയാണ് എഐ എഫ്എഫ് ആവശ്യപ്പെട്ടത്. പണമില്ലെന്ന മറുപടിയാണ് സർക്കാർ കായിക വകുപ്പിന്റേത്. പക്ഷെ, 35,000 കോടി വാരിക്കോരി കൊടുക്കാൻ സന്തോഷമുണ്ട്. കാരണം ഇത് ഒരു വലിയ ബിസിനസ്‌ കൂടിയായാണ് കായിക വകുപ്പ് കാണുന്നത്. ഒരു കാര്യത്തിലും സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത സർക്കാരും കേന്ദ്ര കായിക മന്ത്രാലയവും സ്പോർട്സിന് ശാപം തന്നെയാണ്.
കളിയുടെ വീറും വാശിയും സൗന്ദര്യവും മാറിമാറി വരുന്ന പോരാട്ടങ്ങളാണ് യൂറോപ്പിലാകെയും ആഫ്രിക്കയിലും നടക്കുന്നത്.

ആഫ്രിക്കൻ നേഷൻസ് കപ്പിൽ വലിയ വാശിയാണ്. ഈജിപ്തിന്റെ ജയക്കൊടി സലയുടെ കളിയിലാണ്. മൊറോക്കോയും സെനഗലും സെമിയിലെത്തി. ഇനിവരുന്ന കളികൾ വളരെ കടുത്തതാകും. സെനഗലും ഈജിപ്തും മൊറോക്കോയും നൈജീരിയയും സെമി ബർത്ത് സ്വന്തമാക്കി കഴിഞ്ഞു. കളിയും ജീവിതവും തമ്മിലുള്ള ബന്ധമാണ് ആഫ്രിക്കൻ താരങ്ങളുടെ പ്രത്യേകത. അവർ പ്രൊഫഷണൽ ക്ലബ്ബുകളിൽ കളിക്കുന്നത് സമ്പത്ത് വാരിക്കൂട്ടി ജീവിക്കാനല്ല. ജനസേവനം കൂടി അവരുടെ അജണ്ടയാണ്. മുഹമ്മദ് സല സ്വന്തം നാട്ടിൽ ഒരു വലിയ ഹോസ്പിറ്റൽ ആരംഭിച്ചിട്ടുണ്ട്. അവിടെ ചികിത്സ സൗജന്യമാണ്. ജിവകാരുണ്യ പ്രവർത്തനങ്ങളിൽ അവർ മുന്നിലാണ്.

എഫ്എ കപ്പിൽ നിന്നും ക്രിസ്റ്റൽ പാലസ് പുറത്തായത് വലിയ സംഭവമായി. അവർ നിലവിലെ ചാമ്പ്യന്മാരാണ്. ജയിച്ചവർ ഇംഗ്ലണ്ടിലെ ആറാംകിട ക്ലബ്ബായ മാകൽസ് ഫീൽഡ് ടൗൺ എഫ്‌സി. 117-ാം റാങ്കുകാരാണ് അവര്‍. റാങ്കും കളിയും തമ്മിൽ ഒരു ബന്ധവുമില്ലെന്ന കാര്യം ഒരിക്കല്‍കൂടി തെളിഞ്ഞു. ഈ വര്‍ഷം ഇനിയുള്ള ദിവസങ്ങളിൽ എന്തൊക്കെ അട്ടിമറികൾ നടക്കുമെന്ന് കാണാനിരിക്കുകയാണ്. ജൂൺ ജൂലൈ മാസങ്ങളിൽ ഫിഫാ ലോകകപ്പിന് തിരശീലയുയരുകയല്ലേ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.