21 January 2026, Wednesday

‘വിസ്മയം’ കിനാവുകാണുന്നവര്‍ ബിഹാറില്‍ വിസ്മയാവര്‍ത്തനം കണ്ടു

വി പി ഉണ്ണികൃഷ്ണൻ
January 17, 2026 4:55 am

ങ്ങനെയങ്ങനെ നാമൊന്നി- ച്ചിക്കിളികൊണ്ടു മരിക്കുമ്പോള്‍ കാതില്ലാതായ്‌ത്തീരുന്നു കണ്ണില്ലാതായ്‌ത്തീരുന്നു നാവില്ലാതായ്‌ത്തീരുന്നു-’ എന്ന് ഒളപ്പമണ്ണ ‘ഒരു നിമിഷം’ എന്ന കവിതയില്‍ കുറിച്ചു. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രം നോക്കിയാല്‍ ഈ വരികള്‍ അവരെ സംബന്ധിച്ച് അന്വര്‍ത്ഥമാണ്. ആര്‍എസ്എസും ബിജെപിയും ഇതര സംഘപരിവാര ശക്തികളുമായി ഒന്നിച്ചുരമിച്ചുള്ള ഇക്കിളിയാല്‍ മരണാസന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് അതിവേഗതയില്‍ പരിണമിച്ചിരിക്കുന്നു. ഖദറില്‍ നിന്ന് കാവിയിലേക്കുള്ള രൂപാന്തരത്തിന് കോണ്‍ഗ്രസിന്റെ ദേശീയതലത്തിലെ സമുന്നത നേതാക്കള്‍ക്കുപോലും നിമിഷനേരം പോലും വേണ്ടാതായിരിക്കുന്നു. അതിനായി അവര്‍ കണ്ണില്ലാത്തവരും കാതുകളില്ലാത്തവരുമായി മാറുന്നു.

അധികാരക്കസേരകളും കോടാനുകോടി നോട്ട് കെട്ടുകളും കാണാന്‍ മാത്രമേ അവരുടെ കണ്ണുകള്‍ക്ക് കാഴ്ചയുള്ളു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗ ഭീഷണി ശബ്ദം കേള്‍ക്കുവാനേ അവരുടെ കാതുകള്‍ക്ക് ശേഷിയുള്ളു. പക്ഷെ, അവര്‍ക്ക് നാവില്ലാതായി തീരുന്നില്ല. സ്വാതന്ത്ര്യസമരത്തെ ബ്രിട്ടീഷ് മേലാളന്മാരുടെ പാദങ്ങളില്‍ പണയംവച്ച, മഹാത്മാവിന്റെ ഹൃദയത്തിലേക്ക് വെടിയുണ്ടകള്‍ വര്‍ഷിച്ച, മതനിരപേക്ഷതയുടെ പതാക ഉയര്‍ത്തിപ്പിടിച്ച നെഹ്രുവിനെ ഇകഴ്ത്തുന്ന, വിദ്യാഭ്യാസ വര്‍ഗീയ ഫാസിസവല്‍ക്കരണം നടത്തുന്ന, ശാസ്ത്രസത്യങ്ങളെ വികലമാക്കുകയും ശരിയായ ചരിത്രപാഠങ്ങളെ തിരുത്തുകയും ഭാരതീയ സാംസ്കാരിക പാരമ്പര്യത്തെ വന്ധ്യംകരിച്ച് ഏകമത മേധാവിത്വം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന സംഘ്പരിവാറിനെയും അതിന് കടിഞ്ഞാണ്‍ പിടിക്കുന്ന നരേന്ദ്ര മോഡി — അമിത് ഷാ പരിവാരങ്ങളെയും വാഴ്‌ത്തുവാനും സ്തുതിക്കുവാനും ആയിരം നാവുള്ള അനന്തന്മാരായി കോണ്‍ഗ്രസുകാര്‍ മുന്‍നിരയിലെത്തും.

വേട്ടയാടപ്പെടുന്ന മുസ്ലിം — ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെയും പട്ടികജാതി — പട്ടികവര്‍ഗ ഗോത്രവിഭാഗങ്ങളുടെയും നിലയ്ക്കാത്ത രോദനങ്ങള്‍ കേള്‍ക്കുവാന്‍ അവരുടെ കാതുകള്‍ക്കാവുന്നില്ല. കൂട്ടബലാത്സംഗത്തിന് ഇരകളാക്കപ്പെടുകയും ഭരണകൂടത്തിന്റെ പിന്തുണയോടെ ചുട്ടുകരിക്കപ്പെടുന്ന പെണ്‍കൊടികളുടെയും ആവര്‍ത്തിക്കപ്പെടുന്ന നിര്‍ഭയമാരുടെ നിലവിളികളും അവര്‍ക്ക് കേള്‍ക്കാനാവുന്നില്ല. കര്‍ത്താവിന്റെ മണവാട്ടിമാരുടെയും വൈദിക ശ്രേഷ്ഠന്മാരുടെയും വേട്ടയാടപ്പെടലുകള്‍ കാണാന്‍ അവര്‍ക്ക് കാഴ്ചശക്തിയുമില്ല. മണിപ്പൂരില്‍ കൊലചെയ്യപ്പെടുന്നവരുടെയും കൂട്ടമാനഭംഗത്തിന് വിധേയരാക്കപ്പെടുന്നവരുടെയും പൂര്‍ണ നഗ്നരായി തെരുവിലൂടെ നടത്തപ്പെടുന്ന അമ്മ – പെങ്ങന്മാരുടെയും കൊടിയ വിലാപങ്ങള്‍ കേള്‍ക്കുവാന്‍ അവര്‍ക്ക് കാതുകളില്ല, കാണാന്‍ കണ്ണുകളില്ല. എല്‍ കെ അഡ്വാനിയുടെ ഇരിപ്പിടത്തിന് കീഴില്‍ നരേന്ദ്ര മോഡി ഇരിക്കുന്ന ചിത്രം കണ്ടെടുത്ത് സാധാരണ പ്രവര്‍ത്തകരെ ഉന്നത പദവിയിലെത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും അതിനെ നിയന്ത്രിക്കുന്ന ആര്‍എസ്എസുമെന്നും പറഞ്ഞത് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം ദിഗ്‌വിജയ് സിങ്ങാണ്.

സോണിയാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ കോണ്‍ഗ്രസിന് ഈ സംസ്കാരമില്ലെന്നും സംസ്ഥാന — പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെയും കോണ്‍ഗ്രസ് പരിഗണിക്കുന്നില്ലെന്നും കുടുംബവാഴ്ചയാണ് കോണ്‍ഗ്രസില്‍ അനവരതം അരങ്ങേറുന്നതെന്നും പറഞ്ഞ ദിഗ്‌വിജയ് സിങ്ങിനെതിരെ ഒരക്ഷരം ആ പാര്‍ട്ടി ഉരിയാടിയില്ല. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ മോഡി സ്തുതിയും ബിജെപി വാഴ്‌ത്തലും കോണ്‍ഗ്രസ് നേതൃത്വത്തെ ധിക്കരിക്കലും എന്ന കലാപരിപാടിയില്‍ അഭിരമിക്കുവാന്‍ തുടങ്ങിയിട്ട് കാലം കുറച്ചേറെയായി. കേരളത്തില്‍ വിസ്മയം വരാന്‍ പോകുന്നുവെന്ന് കോണ്‍ഗ്രസിനെ ഇന്ത്യയില്‍ ഒരു വഴിക്കാക്കിയ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മലര്‍പ്പൊടിക്കാരന്റെ കിനാവുപോലെ ആവര്‍ത്തിച്ചുരുവിടുമ്പോള്‍ ജനങ്ങള്‍ ആ ഫലിതമാസ്വദിച്ച് ആര്‍ത്തുല്ലസിച്ച് ചിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ ആ ‘വിസ്മയം’ ബിഹാറില്‍ നാം കണ്ടു. ബിഹാര്‍ നിയമസഭാ കക്ഷിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നാകെ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയിലേക്ക് കൂടുമാറ്റം നടത്തി.

മണിപ്പൂരിലും ഗോവയിലും അസമിലും മധ്യപ്രദേശിലും ഹരിയാനയിലും കര്‍ണാടകയിലും കൂട്ടത്തോടെ ബിജെപി കൂടാരത്തില്‍ ചേക്കേറിയ കാഴ്ചാദുരന്തങ്ങള്‍ അവസാനിക്കുന്നില്ല. അരുണാചല്‍ പ്രദേശില്‍ ഒരു കാവിക്കൊടി പോലും പാറാതിരുന്ന മണ്ണില്‍ 44കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 43പേരും ബിജെപിക്കൊടിയുടെ തണലില്‍ അഭയം തേടി. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഭൂരിപക്ഷം നല്‍കിയ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂട്ടപലായനം നടത്തി സംഘകുടുംബത്തെ അധികാര സിംഹാസനങ്ങളില്‍ എത്തിച്ചു. പാര്‍ലമെന്റില്‍ ബിജെപി എംപിമാരില്‍ പകുതിയിലേറെ പേര്‍ കോണ്‍ഗ്രസില്‍ നിന്ന് യാത്രാമൊഴി ചൊല്ലി ബിജെപിയുടെ ഭാഗമായി മാറിയവരാണ്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ അധികാരവാഴ്ചയും ബുള്‍ഡോസര്‍ രാജും അവസാനിപ്പിക്കുന്നതിനായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇതര ഇടതുപക്ഷ പാര്‍ട്ടികളും മുന്‍കെെ എടുത്താണ് ഇന്ത്യ സഖ്യം എന്ന വിശാല ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ ബദല്‍ സൃഷ്ടിച്ചത്. ആ ബദല്‍, വര്‍ഗീയ ഫാസിസ്റ്റ് ഭരണത്തില്‍ നിന്ന് രാഷ്ട്രത്തെ മോചിപ്പിക്കുമായിരുന്നു 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍.

അനര്‍ഹമായ സീറ്റുകള്‍ക്ക് അവകാശവാദമുന്നയിക്കുകയും നേടിയെടുക്കുകയും ചെയ്ത കോണ്‍ഗ്രസ് അവിടങ്ങളില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ക്കെതിരെ മത്സരിക്കുകയും ബിജെപിക്ക് വിജയത്തിന്റെ വഴിയൊരുക്കുകയും ചെയ്തു. എന്നിട്ടും പാഠം പഠിക്കാത്ത കോണ്‍ഗ്രസ് ബിഹാര്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ഈ രാഷ്ട്രീയ അസംബന്ധം ആവര്‍ത്തിച്ചു. ബിജെപി — ജനതാദള്‍ (യു) സഖ്യത്തെ അധികാരത്തിലെത്തിച്ചു. ദുര്‍വാശിയോടെ 61സീറ്റുകള്‍ പിടിച്ചുവാങ്ങിയ കോണ്‍ഗ്രസ് കേവലം ആറു സീറ്റുകളില്‍ ഒതുങ്ങി. അവരും ബിജെപിയായി പരിണമിക്കുന്ന ‘വിസ്മയ’മാണ് രാജ്യം കാണുന്നത്. ബിജെപി കേന്ദ്ര മന്ത്രിമാരില്‍ പലരും കോണ്‍ഗ്രസ് എംപിമാരോ എംഎല്‍എമാരോ ആയിരുന്നവര്‍. അസം, അരുണാചല്‍ പ്രദേശ്, ത്രിപുര, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ കോണ്‍ഗ്രസിന്റെ മുന്‍കാല സമുന്നത നേതാക്കള്‍ ഒരു ദശാബ്ദത്തിനുള്ളില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയവരില്‍ 180ലധികം പേര്‍ കോണ്‍ഗ്രസിന്റെ എംപിമാരോ എംഎല്‍എമാരോ ആയിരുന്നവര്‍ എന്ന് മനസിലാക്കുമ്പോഴാണ് വര്‍ഗീയതയെ മാറോട് ചേര്‍ത്തുപിടിക്കുന്ന കോണ്‍ഗ്രസ് ചെന്നുപെട്ടിരിക്കുന്ന ദുരന്തത്തിന്റെ ആഴം തിരിച്ചറിയാനാവൂ. കേരളത്തിലും രാത്രിയിലെ കോണ്‍ഗ്രസ് രാവിലെ ബിജെപിയാകുന്നത് അനുദിനം ആവര്‍ത്തിക്കപ്പെടുന്നു.

കേരളത്തില്‍ മുഖ്യമന്ത്രിക്കുപ്പായം തുന്നി കാണാക്കിനാവ് കാണുന്നവരുടെ തമ്മിലടി തുടങ്ങിക്കഴിഞ്ഞു. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാന്നൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്ന ധാര്‍ഷ്ട്യം മുഴക്കിയ നരേന്ദ്ര മോഡിക്കും കൂട്ടര്‍ക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനാവാതെ പോയത് ഇന്ത്യ സഖ്യത്തിന്റെ ശക്തികൊണ്ടാണ്. കോണ്‍ഗ്രസ് അതിനെ ദുര്‍ബലപ്പെടുത്താതിരുന്നെങ്കില്‍ വര്‍ഗീയ ഫാസിസ്റ്റുകള്‍ ഇന്ന് ഇന്ത്യന്‍ അധികാരത്തിന്റെ പടിക്കുപുറത്തായിരുന്നേനെ. അവരാണ് കേരളത്തില്‍ വിസ്മയം തീര്‍ക്കുമെന്ന് പ്രഖ്യാപിക്കുന്നതും ബിജെപിയുമായി ഒളിഞ്ഞും എസ്‌ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയുമായി തെളിഞ്ഞും സഖ്യം സ്ഥാപിക്കുന്നതും. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ആ അവിശുദ്ധ സഖ്യം കേരളം കണ്ടു. കേരളത്തിലെ കോണ്‍ഗ്രസില്‍ വരാനിരിക്കുന്നത് അടിയുടെ വിസ്മയകാലമാണ്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.