
ഒരുവര്‍ഷത്തിലധികം നീണ്ടുനിന്ന സിപിഐ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഇന്ന്. തെലങ്കാനയിലെ ഖമ്മത്താണ് സമാപന സമ്മേളനം. വൈകിട്ട് മൂന്നിന് എസ്ആര്‍ ആന്റ് ബിജിഎന്‍ആര്‍ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന ലക്ഷം പേരുടെ റാലിയോടെയാണ് ഒരുവര്‍ഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങള്‍ സമാപിക്കുക. ചുവപ്പ് വോളണ്ടിയര്‍മാരുടെ പ്രത്യേക മാര്‍ച്ചുമുണ്ടാകും.
സിപിഐ രൂപീകൃതമായ കാണ്‍പൂരില്‍ 2024 ഡിസംബര്‍ 26ന് ആരംഭിച്ച ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പരിപാടികള്‍ നടന്നു.
ത്യാഗവും സമര്‍പ്പണവും രക്തസാക്ഷിത്വങ്ങളും നിറയെയുള്ള ചരിത്രത്തിന്റെ പുനര്‍വായനയുള്‍പ്പെടെ റാലികള്‍, സെമിനാറുകള്‍, മത്സരങ്ങള്‍, സംവാദങ്ങള്‍, പ്രചരണജാഥകള്‍ തുടങ്ങി വിവിധ പരിപാടികളാണ് നടന്നത്. ജന്മി നാടുവാഴിത്തത്തിനും രാജവാഴ്ചയ്ക്കുമെതിരെയും സ്വാതന്ത്ര്യത്തിനും ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുന്നതിന് വേണ്ടിയുമുള്ള പോരാട്ടത്തിലും സ്വാതന്ത്ര്യാന്തര രാജ്യം കെട്ടിപ്പടുക്കുന്നതിലും പ്രാദേശിക വികസനത്തിലും സാമൂഹ്യ മുന്നേറ്റത്തിലും നിര്‍ണായക പങ്ക് വഹിച്ച സിപിഐ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുമെന്ന പ്രതിജ്ഞ പുതുക്കല്‍ കൂടിയായി ശതാബ്ദി ആഘോഷങ്ങള്‍.
സമാപന സമ്മേളനത്തില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സംസ്ഥാന സെക്രട്ടറിമാരായ ബിനോയ് വിശ്വം (കേരളം), വീരപാണ്ഡ്യന്‍ (തമിഴ്‌നാട്), സലിം കുമാര്‍ (പുതുച്ചേരി), കെ സാംബശിവറാവു (തെലങ്കാന), ജി ഈശ്വരയ്യ (ആന്ധ്രപ്രദേശ്), ഡോ. കെ നാരായണ തുടങ്ങിയവര്‍ സംസാരിക്കും. ചൈന, വിയറ്റ്നാം, ക്യൂബ, നേപ്പാൾ, വെനസ്വേല, ഉത്തര കൊറിയ, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികളും അഭിവാദ്യം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.