21 January 2026, Wednesday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

ഇറാന്‍ പ്രക്ഷോഭം: 5000 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം

Janayugom Webdesk
ടെഹ്റാന്‍
January 18, 2026 9:14 pm

ഇറാനിലെ പ്രതിഷേധങ്ങളില്‍ 5000 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ഇതിൽ ഏകദേശം 500 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു. വടക്കുപടിഞ്ഞാറൻ മേഖലയിലെ ഇറാനിയൻ കുർദിഷ് പ്രദേശങ്ങളിലാണ് ഏറ്റവും വലിയ ഏറ്റുമുട്ടലുകളും ഏറ്റവും കൂടുതൽ മരണങ്ങളും ഉണ്ടായത്. 

കുർദിഷ് വിഘടനവാദികൾ സജീവമായിരുന്ന പ്രദേശമാണിതെന്നും മുൻകാലങ്ങളിൽ ഏറ്റവും അക്രമാസക്തമായ സംഘർഷങ്ങൾ ഉണ്ടായിട്ടുള്ള പ്രദേശമാണിതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്തിമ മരണസംഖ്യ ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് സര്‍ക്കാരിന്റെ പ്രതികരണം. നിരപരാധികളായ ഇറാനികളെ കൊന്നത് ഭീകരരും സായുധ കലാപകാരികളുമാണെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. ഇസ്രയേലും വിദേശത്തുള്ള സായുധ ഗ്രൂപ്പുകളും കലാപകാരികളെ പിന്തുണച്ചതായും ഉദ്യോഗസ്ഥര്‍ ആരോപിച്ചു. യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റെെറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജന്‍സി 3,308 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24,000ത്തിലധികം അറസ്റ്റുകൾ സ്ഥിരീകരിച്ചതായും ഏജന്‍സി അറിയിച്ചു. 

റിയാലിന്റെ മൂല്യ തകര്‍ച്ചയേയും പണപ്പെരുപ്പത്തെയും തുടര്‍ന്നാണ് ഡിസംബര്‍ 28ന് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിക്കെതിരായി ആരംഭിച്ച പ്രതിഷേധങ്ങള്‍ പുരോഹിത ഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി വളര്‍ന്നു. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷമുള്ള രാജ്യത്തെ ഏറ്റവും വലിയ അശാന്തിക്ക് പ്രതിഷേധങ്ങള്‍ കാരണമായി. പ്രതിഷേധക്കാര്‍ക്കെതിരെ അടിച്ചമര്‍ത്തല്‍ നടപടി തുടര്‍ന്നാല്‍ സെെനികമായി ഇടപെടുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി. 

രാജ്യത്തെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ താല്പര്യമില്ലെന്നും എന്നാല്‍ കലാപത്തിന് കാരണക്കാരായ ആഭ്യന്തര, അന്തര്‍ദേശിയ കുറ്റവാളികളെ ശിക്ഷിക്കുമെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി പറഞ്ഞു. പ്രതിഷേധത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായവര്‍ക്കെതിരെ വധശിക്ഷ നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൊഹറേബ് ചുമത്തേണ്ട നിരവധി നടപടികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഇറാനിയൻ ജുഡീഷ്യറി വക്താവ് അസ്ഗർ ജഹാംഗീർ പറഞ്ഞു. ദൈവത്തിനെതിരെ യുദ്ധം ചെയ്യുക എന്നർത്ഥം വരുന്ന ഇസ്ലാമിക നിയമ പദമായ മൊഹറേബ് ഇറാനിയൻ നിയമപ്രകാരം വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

അതേസമയം, പ്രതിഷേധങ്ങള്‍ക്കിടെ വിച്ഛേദിച്ച ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. എട്ട് ദിവസത്തെ പൂര്‍ണമായ ഇന്റർനെറ്റ് തടസത്തിന് ശേഷം രാജ്യവ്യാപകമായി ഷോർട്ട് മെസേജിംഗ് സേവനം (എസ്എംഎസ്) പുനഃസ്ഥാപിച്ചു. ഇന്റർനെറ്റ് വിച്ഛേദിക്കൽ വിദേശത്തുള്ള പ്രതിപക്ഷ ശൃംഖലകളുടെ ആന്തരിക ബന്ധങ്ങളെ ഗണ്യമായി ദുർബലപ്പെടുത്തിയെന്നും ഭീകര സെല്ലുകളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തിയെന്നും അധികൃതർ അവകാശപ്പെട്ടു. മറ്റ് ഇന്റർനെറ്റ്, ആശയവിനിമയ നിയന്ത്രണങ്ങൾ ക്രമേണ നീക്കം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. . രണ്ടാം ഘട്ടത്തിൽ, അന്താരാഷ്ട്ര ഇന്റർനെറ്റ് കണക്റ്റിവിറ്റി പുനഃസ്ഥാപിക്കുന്നതിന് മുമ്പ്, ഇറാന്റെ ദേശീയ ഇന്റർനെറ്റ് നെറ്റ്‌വർക്കിലേക്കും ആഭ്യന്തര ആപ്ലിക്കേഷനുകളിലേക്കും ഉപയോക്താക്കൾക്ക് പ്രവേശനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.