
സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ക്കലും , ഒഴിവാക്കലുകളും നടത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. നയപ്രഖ്യാപന പ്രസംഗത്തില്‍ ഖണ്ഡിക 12,15,16 എന്നിവയിലാണ് മാറ്റങ്ങള്‍ വരുത്തിയത്.ഇത് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ മുഴുവന്‍ സഭയില്‍ വായിച്ചു
സർക്കാരിന്റെ നയപ്രഖ്യാപനമാണ് ഗവർണർ സഭയിൽ നടത്തുന്നത് എന്നതിനാൽ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകൾ അതേപടി നിലനിൽക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കാനുള്ള കേന്ദ്രസർക്കാർ നടപടികളെയും, നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ പിടിച്ചുവെക്കുന്നതും പരാമർശിക്കുന്നതായിരുന്നു ഒഴിവാക്കിയ ഭാഗങ്ങൾ. നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 12 ലെ ആദ്യ വാചകം ഇപ്രകാരമാണ്:ഇത്തരം സാമൂഹികവും സ്ഥാപനപരവുമായ നേട്ടങ്ങൾ കൈവരിച്ചിട്ടും,ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാപരമായ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുകൊണ്ടിരിക്കുകയാണ്.ഈ വാചകം ഗവർണർ ഒഴിവാക്കി.
ഖണ്ഡിക 15ൽ സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾ ദീർഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളിൽ എന്റെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും അവ ഒരു ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്തിരിക്കുകയുമാണ്.എന്ന ഭാഗവും ഗവർണർ വായിച്ചില്ല. ഖണ്ഡിക 16 ലെ അവസാന വാചകം നികുതി വിഹിതവും ധനകാര്യ കമ്മീഷൻ ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നതും, ഔദാര്യമല്ലാത്തതും, ഈ ചുമതല ഏൽപ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങൾക്ക് മേലുള്ള ഏതൊരു സമ്മർദ്ദവും ഫെഡറൽ തത്വങ്ങളെ ദുർബ്ബലപ്പെടുന്നതുമാണ്. എന്നായിരുന്നു. ഇതിൽ ഈ വാചകത്തിനോടൊപ്പം എന്റെ സർക്കാർ കരുതുന്നു എന്ന് ഗവർണർ കൂട്ടിച്ചേർക്കുകയും ചെയ്തു.
നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒഴിവാക്കിയവ ഉൾപ്പെടുത്തിയും, കൂട്ടിച്ചേർക്കലുകൾ ഒഴിവാക്കിയും, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. ഇത് ആധികാരികമായ നയപ്രഖ്യാപന പ്രസംഗമായി അംഗീകരിക്കണമെന്നും സ്പീക്കറോട് മുഖ്യമന്ത്രി പിണറായി അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.