
ഗാസയെ പുനര്‍നിര്‍മ്മിക്കാനെന്ന പേരില്‍ അമേരിക്ക പ്രഖ്യാപിച്ച ഗാസ സമാധാന ബോര്‍ഡില്‍ പാകിസ്ഥാനും ചേരുന്നു. പാകിസ്ഥാന് പ്രധാനമന്ത്രി ഷെബാബാസ് ഷെരീഫിന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അയച്ച കത്തിന് മറുപടിയായിട്ടാണ് ഈതീരുമാനമന്ന് പാകിസ്ഥാന് വിദേശകാര്യ മന്ത്രാലയം പ്രസ്ഥാവനയില്‍ വ്യക്തമാക്കിയിരിക്കുന്നു .
യുഎന്‍ സുരക്ഷാ സമിതിയുടെ ചട്ടക്കൂടിന് കീഴിലുള്ള പദ്ധതിയെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണിത്.സമാധാന ബോർഡിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ചേർന്നുകഴിഞ്ഞു. സമിതിയിൽ അംഗമാകാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്ഷണം ബെന്യാമിൻ നെതന്യാഹു സ്വീകരിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2023 ഒക്ടോബർ ഏഴ് മുതൽ 71,551 പേരാണ് ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 171,372 പേർക്ക് പരിക്കേറ്റു.
ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ 2024 നവംബറിൽ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചു. രാജ്യാതിർത്തിക്കുള്ളിൽ പ്രവേശിച്ചാൽ നെതന്യാഹുവിനെ അറസ്റ്റു ചെയ്യുമെന്ന് ചില യൂറോപ്യൻ രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു. ഗാസ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ട്രംപ് വിവിധ രാജ്യങ്ങളെ ഉൾപ്പെടുത്തി സമാധാന സമിതി രൂപീകരിച്ചത്. അറുപതോളം രാജ്യങ്ങൾക്ക് സമിതിയിൽ അംഗമാകാൻ ക്ഷണക്കത്തയച്ചു.
ഹംഗറി,അർജന്റീന,മൊറോക്കോ,ഇസ്രയേൽ തുടങ്ങി എട്ട് രാജ്യങ്ങൾ ക്ഷണം സ്വീകരിച്ചു. സ്ഥിരാംഗമാകാൻ രാജ്യങ്ങൾ100 കോടി ഡോളർ (9000 കോടി രൂപ) വീതം നൽകണം. സമിതി അധ്യക്ഷനായ ട്രംപിന് അംഗരാജ്യത്തെ പുറത്താക്കാൻ വീറ്റോ അധികാരവുമുണ്ടാകും. സമിതിയിൽ ചേരുമെങ്കിലും പണം നൽകില്ലെന്ന് കാനഡ അറിയിച്ചു. നോർവേ ക്ഷണം നിരസിച്ചു. ഇന്ത്യയും ചൈനയും റഷ്യയും പ്രതികരിച്ചിട്ടില്ല.
ഗാസ സമാധാന പദ്ധതി നടപ്പിലാക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ബോർഡ് ഓഫ് പീസ്എന്ന സമിതിയിൽ ഇന്ത്യ അംഗമാകരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ഇടതുകക്ഷികൾ. പലസ്തീൻ ജനതയുടെ അവകാശങ്ങളെ മാനിക്കാത്ത ഇത്തരം സമിതികളിൽ സഹകരിക്കുന്നത് പലസ്തീൻ പോരാട്ടത്തോടുള്ള കടുത്ത വഞ്ചനയായിരിക്കുമെന്ന് സിപിഐ, സിപിഐ (എം) സിപി (എംഎൽ) ലിബറേഷൻ, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി എന്നീ പാർട്ടികൾ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.