28 January 2026, Wednesday

രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ആവര്‍ത്തനം: പി സന്തോഷ് കുമാര്‍

സര്‍ക്കാര്‍ പരാജയം തുറന്ന് കാട്ടുന്നത് 
Janayugom Webdesk
ന്യൂഡല്‍ഹി
January 28, 2026 9:43 pm

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നടത്തിയ നയപ്രഖ്യാപന പ്രസംഗം മുന്‍പ്രസംഗത്തിന്റെ ആവര്‍ത്തനമെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് പി സന്തോഷ് കുമാര്‍ എംപി. നരേന്ദ്ര മോഡി സര്‍ക്കാരിനെ പുകഴ്ത്തുന്ന വാചടോപമാണ് നയപ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ഗുരുതര വിഷയങ്ങള്‍ അഭിമുഖികരിക്കുന്ന വേളയില്‍ ജനങ്ങളെയും തൊഴിലാളികളെയും ബാധിക്കുന്ന വിഷയങ്ങളില്‍ മൗനം പാലിക്കുന്ന സമീപനമാണ് പുറത്തുവന്നത്. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചുവെന്ന വാദം അടിസ്ഥാനരഹിതമാണ്. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നത് മറച്ചുവച്ചാണ് ദാരിദ്ര്യം ഇല്ലായ്മ ചെയ്തുവെന്നവകാശപ്പെടുന്നത്. രൂക്ഷമായ വിലക്കയറ്റവും പണപ്പെരുപ്പവും കാരണം ഭക്ഷണം പോലും വാങ്ങാന്‍ ത്രാണിയില്ലാതെ കോടിക്കണക്കിന് ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്.
പ്രതിപക്ഷ സംസ്ഥാനങ്ങളെ, പ്രത്യേകിച്ച് കേരളത്തെ സാമ്പത്തികമായി ദ്രോഹിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും തുടരുന്നത്. ദേശീയ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിച്ചുവെന്ന് അവകാശപ്പെടുന്ന മോഡി സര്‍ക്കാര്‍ മണിപ്പൂരിലും ജമ്മു കശ്മീരിലും തുടരുന്ന വംശീയ കലാപങ്ങളെ വിസ്മരിക്കുകയാണ്. ചെങ്കോട്ട സ്ഫോടനം ആഭ്യന്തര സുരക്ഷ സംബന്ധിച്ച രഹസ്യന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണ് തുറന്നുകാട്ടുന്നത്.
രൂപയുടെ മൂല്യത്തകര്‍ച്ച, കുതിച്ചുയരുന്ന തൊഴിലില്ലായ്മ എന്നിവ പരിഹരിക്കുന്നതിന് യാതൊരു നിര്‍ദേശവും നയപ്രഖ്യാപനത്തിലില്ല. വിദേശ നയത്തില്‍ മോഡി സര്‍ക്കാര്‍ വരുത്തിയ വ്യതിചലനം ലോകരാഷ്ടങ്ങളുടെ ഇടയില്‍ രാജ്യത്തിന്റെ യശസിന് കോട്ടം വരുത്തി. തൊഴിലാളിവിരുദ്ധ ലേബര്‍ കോഡ് നടപ്പിലാക്കിയത് തൊഴിലാളി ദ്രോഹമാണ്. സാമൂഹ്യ സുരക്ഷാ, ഫെഡറല്‍ സംവിധാനം, ജനാധിപത്യം എന്നിവ കാത്തുസൂക്ഷിക്കുന്നതില്‍ നയപ്രഖ്യാപനം പരാജയപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar