28 January 2026, Wednesday

Related news

January 28, 2026
January 22, 2026
January 17, 2026
December 3, 2025
December 3, 2025
October 24, 2025
October 21, 2025
October 21, 2025
October 20, 2025
October 5, 2025

മോഡി സര്‍ക്കാരിനെ പുകഴ്ത്തി രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

തൊഴിലുറപ്പിലും എസ്ഐആറിലും പ്രതിപക്ഷ പ്രതിഷേധം
Janayugom Webdesk
ന്യൂഡല്‍ഹി
January 28, 2026 9:50 pm

രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യത്തെ ഏകദേശം 95 കോടി പൗരന്മാര്‍ക്ക് ഇപ്പോള്‍ സാമൂഹികസുരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാണെന്ന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ എല്ലാ മേഖലയിലും ഇന്ത്യ കരുത്തരായി. ഇത് വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ പ്രധാന അടിത്തറയാണെന്നും രാഷ്ട്രപതി പറഞ്ഞു. തുടര്‍ന്ന് വിബിജി ആര്‍എംജി ബില്ലിനെപ്പറ്റി രാഷ്ട്രപതി പറഞ്ഞപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംഎന്‍ആര്‍ഇജി), എസ്ഐആര്‍ വിഷയങ്ങള്‍ ശക്തമായി ഉന്നയിക്കാന്‍ ഇന്ത്യ സഖ്യം തീരുമാനമെടുത്തിട്ടുണ്ട്.
ഏപ്രില്‍ രണ്ട് വരെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13ന് അവസാനിക്കും. മാര്‍ച്ച് ഒമ്പത് മുതലാണ് രണ്ടാംഘട്ട സമ്മേളനം തുടങ്ങുക.
അതേസമയം എംഎന്‍ആര്‍ഇജി പുനഃസ്ഥാപിക്കാന്‍ ജനാധിപത്യ മാര്‍ഗത്തിലുള്ള പ്രതിഷേധം സഭയിലുയര്‍ത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം തീരുമാനിച്ചു. തൊഴില്‍ ദിനം വര്‍ധിപ്പിക്കുക, വേതനം ഉയര്‍ത്തുക എന്നിവയും പ്രതിപക്ഷം ഉന്നയിക്കും.
ബിഹാറില്‍ ആരംഭിച്ച് രാജ്യമാകെ നടപ്പിലാക്കുന്ന അതിതീവ്ര പ്രത്യേക വോട്ടര്‍ പരിഷ്കരണ (എസ്ഐആര്‍) നടപടിക്കെതിരെയും പ്രതിപക്ഷം ശബ്ദമുയര്‍ത്തും. മുസ്ലിം-ആദിവാസി-ഗോത്ര വിഭാഗങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന് നീക്കം ചെയ്യാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തിനെതിരെ സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യമുന്നയിക്കും. നന്ദി പ്രമേയ ചർച്ചയ്ക്കിടയിലും ബജറ്റ് അവതരണത്തിലും ചർച്ചയിലും പ്രതിഷേധിക്കാനും നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, സിപിഐ എംപി പി സന്തോഷ് കുമാര്‍, ഡിഎംകെ അംഗം ടി ആര്‍ ബാലു, ശിവസേന (യുബിടി) അംഗം അരവിന്ദ് സാവന്ത്, സമാജ്‌വാദി പാര്‍ട്ടി എംപി ജാവേദ് അലിഖാന്‍, ആര്‍ജെഡിയിലെ പ്രേംചന്ദ് ഗുപ്ത, സിപിഐ(എം) അംഗം ജോണ്‍ ബ്രിട്ടാസ്, ആര്‍എസ്‌പി അംഗം എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.