28 January 2026, Wednesday

Related news

January 28, 2026
January 28, 2026
January 28, 2026
January 28, 2026
January 28, 2026
January 27, 2026
January 27, 2026
January 27, 2026
January 27, 2026
January 27, 2026

സാമ്പത്തിക രംഗത്ത് കേരളം; ഉറപ്പുള്ള പാതയില്‍

ഉയർന്ന തോതിലുള്ള വളർച്ച കൈവരിച്ചു
വരുമാനം ഉയർത്താനും ചെലവ് യുക്തിസഹമാക്കാനും കഴിയുന്നു
ജിഎസ്ഡിപി 9.97%
*സംസ്ഥാന മൂല്യവർധന 10.08%
*പ്രതിശീർഷ ഉല്പാദനം 1.90 ലക്ഷം രൂപ 
തനത് നികുതി 3.1%, നികുതിയേതര വരുമാനം ഒരു ശതമാനം കൂടി
1.17 ലക്ഷം പുതിയ സംരംഭങ്ങൾ
പൊതുജനാരോഗ്യ പരിരക്ഷ കരുത്തുറ്റത്
Janayugom Webdesk
തിരുവനന്തപുരം
January 28, 2026 10:32 pm

കേരളം ഉയർന്ന സാമ്പത്തിക വളർച്ച കൈവരിച്ചതായി ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട്. സംസ്ഥാനം ധന ദൃഢീകരണ പാതയിലാണെന്നും വരുമാനം ഉയർത്താനും ചെലവ് യുക്തിസഹമാക്കാനും കഴിയുന്നുവെന്നും നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2024–25 സാമ്പത്തിക വർഷത്തിൽ ജിഎസ്ഡിപി 9.97% വളർന്നുവെന്നാണ് റിപ്പോര്‍ട്ട്. മുൻവർഷത്തില്‍ ഇത് ഒമ്പത് ശതമാനമായിരുന്നു. മൊത്തം സംസ്ഥാന മൂല്യവർധന 2024–25ൽ 10.08% ആണ്. മുൻവർഷം അത് 9.19% ആയിരുന്നു. പ്രതിശീർഷ ഉല്പാദനം 1.79 ലക്ഷം രൂപയില്‍ നിന്ന് 1.90 ലക്ഷം രൂപയായി വര്‍ധിച്ചു. എല്ലാ സാമ്പത്തിക മേഖലയിലും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രാഥമിക സാമ്പത്തിക മേഖലയിൽ 2.36% വളർച്ചയുണ്ട്. മുൻവർഷം അത് 0.24% ആയിരുന്നു. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിലും വർധനയുണ്ട്. കേന്ദ്ര കൈമാറ്റങ്ങള്‍ മുൻവർഷത്തെ അപേക്ഷിച്ച് 6.15% കുറഞ്ഞു. റവന്യു വരുമാനം എല്ലാ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. തനത് വരുമാനം 2.7% ആണ് ഈ കാലയളവില്‍ വർധിച്ചത്. തനത് നികുതി വരുമാനത്തിൽ 3.1%, നികുതിയേതര വരുമാനത്തിൽ ഒരു ശതമാനം വീതം വർധനയുണ്ടായി.

2024–25ൽ മൊത്തം ചെലവിൽ ഒമ്പത് ശതമാനം വളർച്ച രേഖപ്പെടുത്തി. 2023–24ലെ അര ശതമാനം വളർച്ചയിൽനിന്നാണ് ഈ മുന്നേറ്റം. മൂലധന ചെലവിൽ 8.96% വർധനയുണ്ട്.
പഴം – പച്ചക്കറി ഉല്പാദനത്തിൽ രണ്ടുലക്ഷം മെട്രിക് ടണ്ണിന്റെ വർധനയാണ് 2024–25 സാമ്പത്തിക വര്‍ഷത്തിലുണ്ടായത്. 2023–24ൽ 17.21 ലക്ഷം മെട്രിക് ടണ്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 19.11 ലക്ഷം മെട്രിക് ടണ്ണായാണ് ഉയര്‍ന്നത്. 6,941 കോടിയുടെ സമുദ്ര വിഭവങ്ങൾ കയറ്റുമതി ചെയ്തു. 2024–25ൽ സംരംഭങ്ങളുടെ വർഷം 3.0 കാമ്പയിനിന്റെ ഭാഗമായി 1.17 ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിച്ചു. 7,799 കോടി രൂപയുടെ പുതിയ നിക്ഷേപവും വന്നു. രണ്ടര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‍വർക്കിന് (കെ-ഫോണ്‍) 1.13 ലക്ഷം സജീവ കണക്ഷനുകളായി. സംസ്ഥാനത്ത് 94.92 ലക്ഷം കുടുംബങ്ങൾക്ക് റേഷൻ കാർഡ് ഉറപ്പാക്കി. റോഡ് ശൃംഖല 1.97 ലക്ഷം കിലോമീറ്ററിലേക്ക് വളർന്നു. മലയോര ഹൈവേ പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുന്നു. തീരദേശ ഹൈവേയുടെ ഭൂമിയേറ്റെടുക്കൽ പുരോഗമിക്കുന്നു. ദേശീയപാതകൾക്കുള്ള ഭൂമിയേറ്റെടുക്കൽ, വാട്ടർ മെട്രോ, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവ ശ്രദ്ധേയമായ നേട്ടങ്ങളാണ്. പൂർണമായും വൈദ്യുതീകരിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. പവർകട്ടോ, ലോഡ്ഷെഡിങ്ങോ ഇല്ല. 365 ദിവസവും മുഴുവൻ സമയവും വൈദ്യുതി ഉറപ്പാക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ലൈഫ് പദ്ധതിയില്‍ 4,71,442 വീടുകൾ നിർമ്മിച്ചു. ഇതിൽ പട്ടികജാതി കുടുംബങ്ങൾക്കായി 1,25,360 വീടുകളാണ് നൽകിയത്. 45,976 പട്ടികവർഗ കുടുംബങ്ങൾക്കും അടച്ചുറപ്പുള്ള സുരക്ഷിത വീടുകൾ ലഭ്യമായി. സംസ്ഥാനത്തിന്റെ മൊത്തം പദ്ധതി വിഹിതത്തിന്റെ 9.8% പട്ടികജാതി ക്ഷേമത്തിനാണ് നീക്കിവച്ചത്. 2.83% പട്ടികവർഗ ക്ഷേമത്തിനും ചെലവഴിച്ചു.
പൊതുജനാരോഗ്യ പരിരക്ഷ കരുത്തുറ്റതാണെന്നും സാമ്പത്തികാവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉന്നത നിലവാരവും വിവേചനരഹിതവും സാധാരണക്കാർക്ക് താങ്ങാനാകുന്നതുമായ പൊതുജനാരോഗ്യ സംവിധാനം ഉറപ്പാക്കുന്നു.

ജനങ്ങളുടെ ജീവിത നിലവാരം ഉറപ്പാക്കാൻ നവകേരളം സാധ്യമാക്കുന്ന പരിപാടികൾക്ക് സർക്കാർ നേതൃത്വം നൽകുന്നു. ബിസിനസ് സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റാനായി. എല്ലാവരെയും ചേർത്തുപിടിക്കുന്ന വികസന മാതൃകകൾ മുന്നോട്ടുവയ്ക്കുന്നു. കാർഷിക വ്യവസായിക ഉല്പാദനം വർധിപ്പിക്കാൻ വലിയ ഉദ്യമങ്ങൾ ഏറ്റെടുക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.